Monday, November 7, 2011

അറിവും വിദ്യഭ്യാസവും


 അനേക ശതാബ്ദകാലത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി വീര്യവും പൌരുഷവും കെട്ട്, സ്വന്തം വ്യക്തിമഹത്ത്വവും  വംശപാരമ്പര്യവും മറന്ന് അജ്ഞതയിലും ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന  ഒരു ജനതയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുവരെ  ഭാരതത്തിൽ ഉണ്ടായിരുന്നത്ഭാരതത്തിലെ ജനകോടികളെ അജ്ഞതയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ആത്മവിസ്മൃതിയിൽ നിന്നും  സമുദ്ധരിക്കാനുള്ള ഒരേഒരു വഴി അവർക്ക് വിദ്യഭ്യാസം  നൽകുക എന്നതാണ്.    സാഹിത്യഭാഷയും ശാസ്ത്രജ്ഞാനവും മാത്രമല്ലപൌരുഷവും  കുലമഹിമയും  വംശ-ചരിത്രബോധവും  ഉണർന്ന്  തേജസ്വികളായി വളരാനുള്ള വിദ്യഭ്യാസമാണ്  അവർക്ക് നൽകേണ്ടത്ഒരു മനുഷ്യന് അല്ലെങ്കിൽ അടുത്ത തലമുറയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ  ദാനം എന്താണെന്നു ചോദിച്ചാൽപ്രാമാണികമായി പറയുന്ന ഉത്തരംവിദ്യാദാനംഎന്നാണ്പക്ഷെദാരിദ്ര്യത്തിലാണ്ടുകിടക്കുന്ന ഭാരതീയ ജനതയ്ക്ക്  വിദ്യാദാനത്തോടൊപ്പം  ജീവൻ നിലനിർത്താനുള്ള അന്നം കൂടി നൽകണം.   എങ്കിൽ മാത്രമെ ഭാവിഭാരതത്തിന്റെ അഭ്യുദയത്തിനുവേണ്ടി പ്രവർത്തിക്കാൻ കർത്തവ്യബദ്ധരായ  യുവജനതയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ.
വേദങ്ങളിലോമറ്റു ശ്രുതിഗ്രന്ഥങ്ങളിലോ  ആർക്കും വിദ്യ നിഷേധിച്ചിട്ടില്ല.   വിദ്യ നിഷേധിച്ചിരുന്നു എന്ന ആരോപണം  തന്നെ  മദ്ധ്യകാല ചരിത്രവുമായി  ബന്ധപ്പെട്ടതാണ്.  മാനവധർമ്മശാസ്ത്രമാണ്  മനു (ആദ്യ ചിന്തകൻ) എഴുതിയത്; നിയമമല്ല.  സ്വന്തം   താല്പര്യത്തിനനുസരിച്ചുള്ള നിയമങ്ങൾ ഉണ്ടാക്കിയത് പിന്നീടു വന്ന നാട്ടുരാജാക്കന്മാരാണ്.  ഒരു ഏകീകൃതമായ നിയമവ്യവസ്ഥ  ഉണ്ടാകാതിരുന്നതും അതുകൊണ്ടാണ്.   സ്മൃതിഗ്രന്ഥങ്ങളിൽ   തെറ്റിന് ശിക്ഷയുംകുറ്റകൃത്യങ്ങൾക്ക് ദണ്ഡനവും ആണ് വിധിച്ചിട്ടുള്ളത്ശിഷ്യനാണ് ശിക്ഷണം കൊടുക്കുന്നത്. തെറ്റ് തിരുത്താനുള്ള  നിർദ്ദേശങ്ങളും  ആചാരാനുഷ്ഠാനങ്ങളും ആണ്  പരിഹാരങ്ങൾദണ്ഡനവും ശിക്ഷയും തിരിച്ചറിയത്തവിധം  അറിവ് വികലമായതായിരിക്കണം  (വികലമാക്കിയതോ?)  പഞ്ചപുച്ഛമടക്കി എല്ലാം സഹിച്ച്   ജീവിക്കാനുള്ള  നിയോഗം ഭാരതജനത ഏറ്റുവാങ്ങിയത്.  ഭരണാധിപർ  സുഖലോലുപരും  അധർമ്മികളുമായിത്തീരുമ്പോൾ  ഉണ്ടാകുന്ന ആത്മഭയത്തിൽ നിന്നുമാണ്  ജനങ്ങളെ   ഭയപ്പെടുത്തി  ഭരിക്കേണ്ട  ഗതികേടിൽ ഒരു ഭരണാധികാരി  എത്തിച്ചേരുന്നത്അത് ചരിത്രം പരിശോധിച്ചാൽ വ്യക്തമാവുന്നതുമാണ്.     രാവണൻഹിരണ്യൻ, കംസൻ,  ദുര്യോധനൻ  തുടങ്ങിയ പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങൾ മുതൽ  കഴിഞ്ഞ നൂറ്റാണ്ടിലെ ഹിറ്റ്ലർ വരെയുള്ളവർ അതിനുദാഹരണങ്ങളാണ്.

 കാലം മാറിഅതിനനുസരിച്ച്  എന്താണ്അറിവ്’, എന്തിനാണ് വിദ്യഭ്യാസം  എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം.  “വിദ്യയാ വിന്ദതേ അമൃതം” – വിദ്യയാൽ മനുഷ്യൻ അമൃതം (ശാശ്വതസുഖം) പ്രാപിക്കുന്നു; എന്നാണ് കേനോപനിഷദ് വചനംവിദ്യയെക്കുറിച്ച് പ്രകീർത്തിക്കാത്ത   ഒരു സംസ്ക്കാരവും  ഈ ലോകത്തിൽ കടന്നുപോയിട്ടില്ല.
വേദം അറിവാണ്.  അറിവിന്റെ ഉറവാണ് എല്ലാ വിദ്യകളും.   ‘വിദ്യ’ മാത്രമല്ല, ‘അവിദ്യ’യും  വേദത്തിൽ അടങ്ങിയിരിക്കുന്നു.  “അവിദ്യയാമൃതംതീർത്വാ” – അവിദ്യ  എന്ന ലൌകികജ്ഞാനം വഴി മൃത്യുവിനെ തരണം ചെയ്ത് – “വിദ്യയാ‍‌അമൃതമശ്നുതേ” – അദ്ധ്യാത്മിക ജ്ഞാനവിദ്യയിലൂടെ അമൃതതത്വത്തെ പ്രാപിക്കാനുള്ള ആഹ്വാനമാണ് വേദങ്ങളിലുള്ളത്.  
“വിദ്യാവിദ്യകൾ രണ്ടും ക-
ണ്ടറിഞ്ഞവരവിദ്യയാൽ
മൃത്യുവെത്തരണം ചെയ്തു
വിദ്യയാലമൃതാർന്നിടും.”
 ( ഈശ്വാവാസ്യം -  ഗുരുദേവഭാഷ്യം)
ദ്വേ വിദ്യേ വേദതവ്യേ ഇതി ഹ സ്മ യദ് ബ്രഹ്മവിദോ വദന്തി പരാ ചൈവാപര ച”.  ‘പരാഎന്നുംഅപരാഎന്നും  വിദ്യ രണ്ടുവിധമുണ്ടെന്ന് മുണ്ഡകോപനിഷത്ത് പറയുന്നു.   അതിൽപരാഎന്നത്  പരമായ ബ്രഹ്മാത്മതത്ത്വസാക്ഷാത്കാരത്തിന് ഉപകരിക്കുന്നതും, യോഗലക്ഷണവുമായ അദ്ധ്യാത്മവിദ്യയാകുന്നുബഹ്മവിദ്യയെന്നും, ഉപനിഷദ് വിദ്യയെന്നും  അത് അറിയപ്പെടുന്നുണ്ട്.   ‘അപരവിദ്യഎന്നത്  അപരപ്രകൃതിവിഷയങ്ങളെ സംബന്ധിച്ചതും, യോഗക്ഷേമരൂപമായ  ഐഹികശ്രേയസ്സിന്  ഉപകരിക്കുന്നതുമായ സാത്ത്വികജ്ഞാനമാകുന്നു.    വേദവേദാംഗശാസ്ത്രങ്ങളുംആയുർവേദാദി  ഉപവേദങ്ങളും, സാംഖ്യയോഗാദി ദർശനങ്ങളും, ശില്പ-നൃത്ത-ഗീതവാദ്യാദി കലാ-വിജ്ഞാനങ്ങളും എല്ലാം ഈ വിഭാഗത്തിൽ വരുംനാഗരികാഭ്യുദയത്തിനു നിദാനമാകയാൽനാഗരികവിദ്യകളെന്നും ഇവയെ പറയാറുണ്ട്.   പരയും അപരയുമായ വിദ്യകൾ പരസ്പരപൂരകങ്ങളും ശ്രേയസ്സിന് ആധാരവുമാണ്ആർഷമായ ശിക്ഷാസമ്പ്രദായത്തിൽ  അഭ്യസിക്കപ്പെടുന്ന അപരവിദ്യകൾ പാരമ്പര്യേണ പരമായ അദ്ധ്യാത്മശ്രേയസ്സിനു നിദാനമായി ഭവിക്കുന്നു.   ചരിത്രത്തിനു നോട്ടമെത്താത്ത അതിപുരാതനകാലം മുതൽക്കെ വിദ്യയുടെ നാടായിട്ടാണ് ഭാരതത്തിന്റെ പ്രശസ്തിഭാരതത്തിന്റെ അഭ്യുദയത്തിനു നിദാനമായ എല്ലാ വിദ്യകളും ആർഷപാരമ്പര്യത്തിൽ നമുക്കു സമ്പന്നമായിട്ടുണ്ട്. വേദാന്തം ലൌകിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നില്ല എന്നത് തെറ്റായ  ആരോപണമാണ്. വേദാന്തത്തിൽ അങ്ങനെയൊന്നും പറയുന്നില്ല.  നമുക്കു സിദ്ധമായിരിക്കുന്ന  വിദ്യാസമ്പത്ത് വിപരീത സാഹചര്യങ്ങളാൽ  ഉണർന്നു പ്രകാശിക്കാൻ കഴിയാതെ സുപ്തമായിക്കിടക്കുകയാണ്അതിനെ നാം തട്ടിയുണർത്തി തേജസ്വിയാക്കി പ്രവർത്തിക്കണം.  
എന്താണ് വിദ്യാഭ്യാസംപുസ്തകവിദ്യയാണോ അത്അല്ലപലതരം അറിവാണോ അത്. അതുമല്ലബുദ്ധിശക്തികളുടെ ഗതിയെയും ആവിഷ്കരണത്തേയും നിയന്ത്രണവിധേയമാക്കി സഫലീകരിക്കുന്ന സമർത്ഥ ശിക്ഷണമാണ് വിദ്യഭ്യാസം.   അത്തരത്തിലുള്ള ശിക്ഷണമല്ല ഇന്നത്തെ ഭാരതീയ വിദ്യാലയങ്ങളിൽ  നിന്നും ലഭിക്കുന്നത്.    നേരെമറിച്ച് നമുക്ക് പരമ്പരാഗതമായി സിദ്ധിച്ചിട്ടുള്ള വിദ്യയുടെ ആവിഷ്കാരവും സാഫല്യവും പ്രതിബന്ധിക്കുന്നതരത്തിലുള്ള ബാധകമായ ശിക്ഷണമാണ് ഇന്ന് യുവജനങ്ങൾക്ക് വിദ്യാലയങ്ങളിൽ നിന്നും ലഭിക്കുന്നത്.  വീര്യവും പൌരുഷവും നിറഞ്ഞ വ്യക്തികളെ സൃഷ്ടിക്കാൻ അതിനു കഴിയുന്നില്ല.    ഇന്നത്തെ വിദ്യാഭ്യാസം ആധുനികശാസ്ത്രസംബന്ധിയാണ്അതിന് ഭൌതികതലത്തിൽ  ഇന്ന്  നിരവധി ഗുണങ്ങളുണ്ട്പക്ഷെ അതിലുള്ള ദോഷങ്ങൾ പലപ്പോഴും ഗുണങ്ങളെ അതിശയിച്ചു നിൽക്കുന്നു. നമ്മൾ  പാശ്ചാത്യവിജ്ഞാനം അഭ്യസിക്കുന്നതിനോടൊപ്പം  മാതൃഭാഷയും,  സംസ്കൃതവും  പഠിക്കണംഅങ്ങനെ  ആർഷസംസ്ക്കാരം തെളിഞ്ഞുവരുന്ന വിധം നവീനമായ ഒരു ദേശീയവിദ്യാഭ്യാസപദ്ധതി ആവിഷ്കരിക്കണംഅതിലൂടെ  സൂക്ഷ്മനിരീക്ഷണസാമർത്ഥ്യം  കുട്ടികളിൽ തെളിഞ്ഞുവരും
ഇന്ന് നമ്മുടെ കുട്ടികൾ സ്കൂളിൽ നിന്നും പഠിക്കുന്നത് എന്താണ്.   ആദ്യം തന്നെ  ഒരു കുട്ടി മനസ്സിലാക്കുന്നത്  തന്റെ അച്ഛൻ വിഢിയാണെന്നാണ്.  (“ഈയച്ചന് ഒരു വിവരോംല്ല“ എന്നാണ് കുട്ടികൾ പറഞ്ഞു തുടങ്ങുന്നത് തന്നെ.)   രാണ്ടാമത്, തന്റെ മുത്തച്ഛൻ ഭ്രാന്തനാണെന്ന്മൂന്നാമത്, തന്റെ ആചാര്യന്മാരെല്ലാം  കപടാചാരികളാണെന്ന്നാലാമത്നമ്മുടെ  ധർമ്മശാസ്ത്രങ്ങളെല്ലാം  പച്ചക്കള്ളങ്ങളാണെന്ന്.   പ്രാഥമിക വിദ്യഭ്യാസം കഴിയുമ്പോഴേക്കും ഇതെല്ലാം പഠിച്ച് നട്ടെല്ലില്ലാത്തനിഷേധങ്ങളുടെ   ചേതനയറ്റ ഒരു പിണ്ഡമായിത്തീരുന്നു  ആ കുട്ടി.  
നമ്മുടെയുള്ളിൽ  ഉറങ്ങിക്കിടക്കുന്ന ജ്ഞാനശക്തിയെ ഉത്തേജിപ്പിക്കാനുള്ള സാധനയാണ് വിദ്യഭ്യാസംആ വിദ്യഭ്യാസമാണ് ഭാരതത്തിനു വേണ്ടത്പുരാതനകാലത്തെ നിരുപാധികമായ ധർമ്മാധിഷ്ഠിതമായ  ശിക്ഷാക്രമം ഭാവിഭാരതത്തിന്റെ അഭ്യുദയത്തിനുതകുംവിധം  കാലോചിതമായി പുനരുദ്ധരിച്ചു  നടപ്പിൽ വരുത്തണം
ശ്രോതവ്യഃ, മന്തവ്യഃ, നിദിധ്യാസിതവ്യഃ എന്നാണ്‌ ശ്രുതി   വ്യക്തമായി  ആത്മജ്ഞാനത്തിന്റെ മാർഗ്ഗത്തെ പറഞ്ഞിട്ടുള്ളത്‌. ഒന്നാമത്തേത്‌ ശ്രവണമാണ്‌. ഗുരുനാഥനിൽ നിന്ന്‌, സത്യദർശ്ശനം നേടിയ ആചാര്യന്മാരിൽ നിന്ന്‌ നീ ശ്രവണം ചെയ്യൂ. പോര, അത് അതേപടി  നീ വിശ്വസിക്കരുത്‌. യുക്തിപൂർവ്വം വിചാരം ചെയ്യുക. അപ്പോൾ നമുക്ക്‌ സംശയങ്ങൾ വരും. ഗുരുവിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ അന്വേഷണം തുടരുക. അങ്ങനെ നിതിധ്യാസനം എന്ന മാർഗ്ഗത്തിൽ എത്തും. അതിലൂടെയാണ്‌ സത്യസാക്ഷാത്‌കാരത്തിലേക്ക്‌ എത്താൻ കഴിയുക.“  ആത്മജ്ഞാനത്തിനുതകുന്ന ഈ അടിസ്ഥാനതത്വം ഭൌതികജ്ഞാനത്തിന്റെ സത്യാന്വേഷണത്തിനും  സ്വീകരിക്കാവുന്നതാണ്. 
പുരാതന വൈദിക സാഹിത്യത്തെ മീമാംസ ചെയ്ത് ബ്രഹ്മ മീമാംസാശാസ്ത്രവും കർമ്മമീമാംസാശാസ്ത്രവും നമ്മുടെ പൂ‍ർവികർ വേർതിരിച്ചിട്ടുണ്ടായിരുന്നു.  എന്നാൽ കാലഗതിയിൽ അസമീക്ഷാസമ്പ്രദായം നാം കൈവിട്ടു.  അതേസമയം 17ആം  നൂറ്റാണ്ടിലെ യൂറോപ്യൻ വിദ്യാർത്ഥികൾ ആ സമീക്ഷാ സമ്പ്രദായം സ്വീകരിച്ചു.   തത്വദർശനത്തിന് യവനന്മാർ അനുസരിച്ചിരുന്ന സമീക്ഷാപദ്ധതിയുടെ മുഖ്യമായ രണ്ടംഗങ്ങളാണ് സൂക്ഷ്മ നിരീക്ഷണവും (പ്രത്യക്ഷം), അനുമാന (യുക്തി) വിചാരവും.  നവീന യൂറോപ്യൻ ശാസ്ത്രജ്ഞന്മാർ ‘സയൻസ്’ എന്നറിയപ്പെടുന്ന ഭൌതിക വിജ്ഞാനശാഖകളെ വികസിപ്പിക്കാൻ ആ പ്രമാണക്രിയകളെ പ്രയോജനപ്പെടുത്തി.  അതിന്റെ ഫലമാണ് യൂറോപ്പിൽ അത്ഭുതപൂർവ്വമായി വികാസം പ്രാപിച്ച വർത്തമാനകാലത്തെ ഭൌതികപരിഷ്ക്കാരം.  യൂറോപ്യന്മാർ അവരുടെ വിജ്ഞാനത്തിനുപയോഗിച്ച ആ പ്രമാണ പരീക്ഷാപദ്ധതി, നമ്മുടെ പുരാണേതിഹാസ സാഹിത്യത്തെ സമീക്ഷ ചെയ്യുന്നതിൽ  പ്രയോജനപ്പെടുത്താവുന്നതാണ്.  നമ്മുടെ വൈദിക വിജ്ഞാനശാഖയിലെ  സുക്ഷ്മത്വം ദർശിക്കാൻ  ഈ സമ്പ്രദായം  പ്രയോജനപ്പെടുത്തുകതന്നെ വേണം.   എന്നാൽ ആ പ്രയോജനം അന്ധമായ  പാശ്ചാത്യാനുകരണമാവരുത്.  ഭാരതത്തിന്റെ ദേശീയ സ്വഭാവത്തിന് യോജിച്ച വിധം ധീരവും സ്വതന്ത്രവുമായിരിക്കണം. നമ്മുടെ സമീക്ഷണം.


(അവലംഭം: ‘ആർഷനാദം‘  ദാർശനിക മാസിക.)

3 comments:

പാര്‍ത്ഥന്‍ said...

‘പരാ’ എന്നത് പരമായ ബ്രഹ്മാത്മതത്ത്വസാക്ഷാത്കാരത്തിന് ഉപകരിക്കുന്നതും, യോഗലക്ഷണവുമായ അദ്ധ്യാത്മവിദ്യയാകുന്നു.

അപരവിദ്യ’ എന്നത് അപരപ്രകൃതിവിഷയങ്ങളെ സംബന്ധിച്ചതും, യോഗക്ഷേമരൂപമായ ഐഹികശ്രേയസ്സിന് ഉപകരിക്കുന്നതുമായ സാത്ത്വികജ്ഞാനമാകുന്നു.

Manoj vengola said...

ആഴങ്ങള്‍ ഒളിപ്പിച്ച കുറിപ്പ്.
ഭാവുകങ്ങള്‍.
സ്നേഹം.

arjunk613 said...

ദയവായി താങ്കളുടെ ഇമെയില്‍ id തരുക എന്നെ പോലുള്ള പുത്തന്‍ തലമുറക്കാര്‍ക്ക് നമ്മുടെ സംസ്കാരം പഠിക്കുവാന്‍ ഒരവസരം കിട്ടുന്നില്ല മറ്റു മതങ്ങളില്‍ മത പഠനം നിര്‍ബന്തമാകുംപോള്‍ ഇവിടെ എന്നെ പോലുള്ള താത്പര്യമുള്ളവര്‍ക്ക് പോലും മതത്തെ കുറിച്ച് മനസിലാക്കാനോ സംശയനിവാരണം നടത്താനോ സാദ്യമാകുന്നില്ല . ഹിന്ദുത്വമെന്ന പേരില്‍ പലരും കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും ലജ്ജ തോന്നാറുണ്ട് . സാദ്യമാകുമെങ്കില്‍ സ്വാമി നിര്മാലാന്ത ഗിരി യുടെ ഭഗവത് ഗീത ഒരു പുതിയ വ്യ്ഗ്യാനം (വില്‍ ഗെറ്റ് ഇറ്റ്‌ ഇന്‍ youtube ) ലേഖന രൂപത്തില്‍ പോസ്റ്റ്‌ ചെയ്യനമെന്നപെക്ഷിക്കുന്നു
please dnt forget to give your email id
arjunk613@gmail.com