Sunday, January 18, 2009

കബനി മുതൽ ശബരി വരെ

മലയാള മനോരമ ഓൺലൈൻ ന്യൂസ്‌ വായിക്കുമ്പോൾ പി.എ.ബക്കറിനെക്കുറിച്ച്‌ എൻ.ജയചന്ദ്രൻ തയ്യാറാക്കിയ ഒരു ലേഖനത്തിലേയ്ക്ക്‌ ഞാനറിയാതെ മൌസ്‌ നീങ്ങി. സിനിമാലോകവും സുഹൃത്തുക്കളും സൗകര്യപൂർവ്വം മറന്നുപോയ ആ പ്രതിഭയെക്കുറിച്ച്‌ ജീവിതസഖി അല്ലിയുടെ ഓർമ്മക്കുറിപ്പ്‌ വായിച്ചപ്പോൾ, ബക്കർജി പറഞ്ഞിരുന്ന ചില നേരമ്പോക്കുകൾ മനസിലുടെ കടന്നുപോയി.



ജോൺ എബ്രഹാം കഴിഞ്ഞാൽ മലയാളസിനിമാലോകത്തെ വിപ്ലവകാരി പി.എ.ബക്കർ ആണെന്നതിൽ സിനിമയെക്കുറിച്ചറിയുന്നവർക്ക് സംശയമുണ്ടാവില്ല. ഓളവും തീരവും ആണ്‌ മുഴുവനായും പുറംലോക ചിത്രീകരണത്തിലൂടെ ജനങ്ങളിലേക്കെത്തിയ ആദ്യ മലയാള ചിത്രം. സിനിമാലോകത്ത്‌ ഇത്രയധികം ഹൈന്ദവരാജാക്കന്മാരുണ്ടായിട്ടും, ശ്രീനാരായണഗുരുദേവനെക്കുറിച്ച്‌ ഒരു സിനിമ നിർമ്മിച്ചത്‌ ബക്കർജിയായിരുന്നു. അടിച്ചമർത്തപ്പെട്ടിരുന്ന ഒരു വിഭാഗം ജനങ്ങളെ ആത്മീയമായും സാമൂഹികമായും ഉയർത്തിക്കൊണ്ടുവരാൻ ഗാന്ധിജിയ്ക്കും മുൻപേ പ്രയത്നിച്ചിരുന്ന ഒരു സാമൂഹികപരിഷ്കർത്താവാണ്‌ ഗുരുദേവൻ എന്നൊക്കെ വടക്കൻ ലോബിയെ പറഞ്ഞു മനസ്സിലാക്കാൻ പ്രേംനസീറിനു കഴിഞ്ഞതുകൊണ്ടാണ്‌ ആ പടത്തിന്‌ കേന്ദ്ര സർക്കാരിന്റെ അവാർഡ്‌ ലഭിച്ചത്‌.

'കബനീ നദി ചുവന്നപ്പോൾ' എന്ന സിനിമയ്ക്ക്‌ സംസ്ഥാന സർക്കാരിന്റെ അവാർഡ്‌ ലഭിച്ചപ്പോൾ, 'വിപ്ലവകാരികളെ പോലീസ്‌ വെടിവെച്ചുകൊല്ലുമെന്ന ഒരു പാഠം ഈ സിനിമയിലുണ്ട്‌', അതുകൊണ്ട്‌ ഈ സിനിമയ്ക്ക്‌ അവാർഡ്‌ കൊടുത്തത്‌ വളരെ നന്നായി എന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ ചിരിച്ചുകൊണ്ട് അഭിപ്രായം പറഞ്ഞത്‌.



ഒരിക്കൽ, 'കബനീ നദി ചുവന്നപ്പോൾ' എന്ന സിനിമയുടെ ഒരു പ്രദർശനം ബാംഗ്ലൂരിൽ വെച്ച്‌ നടത്തിയതിനുശേഷം, നിർമ്മാതാവും, സംവിധായകനും (പവിത്രനും, ബക്കർജിയും) അതിൽ പങ്കെടുത്ത്‌ മറ്റു സുഹൃത്തുക്കളുമായി തിരിച്ചു വരികയായിരുന്നു. വിപ്ലവകാരികളുടെ തമാശയും പാട്ടും നടക്കുന്നതിനിടയിൽ എങ്ങിനെയോ അത്‌ അയ്യപ്പസ്തുതിഗീതങ്ങളിലേയ്ക്ക്‌ കടന്നു. അത്‌ അയ്യപ്പചരിതത്തെ കളിയാക്കുന്ന രീതിയിലുള്ള ചില മുദ്രാവാക്യം വിളികളായിമാറിയപ്പോൾ, വാൻ ഓടിച്ചിരുന്ന ഡ്രൈവർ, "വിശ്വാസമില്ലെങ്കിലും ഇങ്ങനെ കളിയാക്കണ്ടട്ടാ" എന്നു പറഞ്ഞു. ആ സമയം വാഹനം കേരളത്തിന്റെ വനാതിർത്തിയിലേയ്ക്കു കടന്നിരുന്നു. അൽപ നിമിഷങ്ങൾക്കുള്ളിൽ ഡ്രൈവർ പെട്ടെന്ന്‌ വണ്ടി നിർത്തി. “എന്താ“, എന്ന്‌ ഒരു ശരണം വിളി പോലെ, എല്ലാവരും ഒരുമിച്ച്‌ ചോദിച്ചു. ഡ്രൈവർ ഒന്നും മിണ്ടുന്നില്ല. വിപ്ലവകാരികൾ റോഡിലേക്കൊന്ന്‌ എത്തി നോക്കി. അതാ റോഡിനു നടുവിൽ ഒരു പുലി ഇവരെത്തന്നെ കാത്തു നിന്നപോലെ വഴി തടഞ്ഞു നിൽകുന്നു. ആർക്കും ഒന്നും മിണ്ടാൻ കഴിയുന്നില്ല. പുലി സാവധാനം വണ്ടിയുടെ അടുത്തേയ്ക്കു നടന്നു നീങ്ങി. എല്ലാവരും വണ്ടിയുടെ സൈഡിലെ ചില്ലുകൾ കയറ്റി. പുലി വണ്ടിയുടെ ചുറ്റും ഒന്നു വലംവെച്ചു. സാവധാനം കാട്ടിലേയ്ക്ക്‌ തിരിച്ചു നടന്നു. അതിനുശേഷം താഴ്‌വാരത്ത്‌ എത്തി ഒരു കട്ടൻചായക്ക് ഓർഡർ കൊടുക്കുന്നതുവരെ ആരും ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. ഈ സംഭവത്തിനുശേഷം വിപ്ലവകാരിയായിരുന്ന പവിത്രൻ (സിനിമാ സംവിധായകൻ) ശബരിമലയ്ക്ക്‌ പോകാൻ വ്രതമെടുത്ത്‌ മാലയിട്ടു. സ്വാഭാവികമാണെന്നു തോന്നാവുന്ന ഈ കാര്യത്തിൽ അയ്യപ്പന്റെ പങ്ക് എന്താണെന്ന്‌ ഇപ്പോഴും മനസ്സിലായിട്ടില്ല എന്ന്‌ ബക്കർജി പറയുമായിരുന്നു.

ലക്ഷങ്ങൾക്ക്‌ മകരജ്യോതി ദർശന പുണ്യം. കോടികളുടെ പുണ്യം ആർക്ക് ?

കോടികൾ ചിലവാക്കി ലക്ഷങ്ങൾ പുണ്യം നേടി?????? (മലയാള മനോരമ)
നടവരവ്‌ 100 കോടിയിൽ പരം, അരവണ തുടങ്ങിയ മറ്റു സാധനങ്ങളുടെ വിറ്റു വരവും വഴിപാടുകളും വേറെ. ഇത്‌ ശബരിമലയിലെ കാര്യം മാത്രം. ഇനി എങ്ങിനെ കീശ നിറക്കാമെന്നുള്ള ചിന്തകളാണ്‌. വികസന പ്രവർത്തനങ്ങൾ, ഭക്തർക്കുവേണ്ട സൗകര്യം ഒരുക്കൽ തുടങ്ങി എന്തെല്ലാം . മകരവിളക്കു കഴിഞ്ഞ ഉടനെ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങുമെന്ന്‌ പത്രത്തിലൂടെ നമ്മളും അറിയുന്നുണ്ട്‌. 99% ദേവസം ജോലിക്കാരും അഴിമതിക്കാരാണെന്നു മന്ത്രിയുടെ പ്രസ്ഥാവനയുള്ളപ്പോൾ ആരേയും പേടിക്കേണ്ടതില്ല. അയ്യപ്പൻ ഇതൊന്നും ചോദിക്കാൻ മലയിറങ്ങി വരില്ലെന്ന്‌ ഇക്കൂട്ടർക്കെല്ലാം അറിയാവുന്നതുകൊണ്ട്‌ അഴിമതിക്ക്‌ കുറവൊന്നും അടുത്തകൊല്ലവും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ഈ തുക എങ്ങിനെ ചിലവാക്കുന്നു എന്നറിയാൻ ഭക്തരായ പൊതുജനങ്ങൾക്കെങ്കിലും അവകാശമില്ലേ. ഇത്രയും കോടികൾ വരവുള്ള സ്ഥലത്ത്‌ ഭക്തന്മാർക്ക്‌ ആവശ്യത്തിന്‌ കുടിവെള്ളമോ വിസർജ്ജനാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ട സൗകര്യങ്ങളോ തിരക്ക്‌ നിയന്ത്രിക്കുന്നതിനുവേണ്ട സ്ഥലസൗകര്യങ്ങളോ അവിടെ ലഭ്യമാക്കുന്നില്ല എന്നാണ്‌ അറിയുന്നത്‌. ഞാനൊരു പാർട്ടൈം അയ്യപ്പ ഭക്തനല്ലാത്തതുകൊണ്ട്‌ ഇതൊന്നും ചോദിക്കാനുള്ള അവകാശമില്ല. എങ്കിലും..............