Wednesday, February 23, 2011

ജ്യോതിശാസ്ത്രം വേദങ്ങളിൽ

[“ഗുരുവായൂരും മുഹൂർത്തവും” എന്ന പോസ്റ്റിന്റെ തുടർച്ച....]                   -----------------------------------                                                                  
അയ്യായിരം  കൊല്ലം മുമ്പ്   കലിയുഗാരംഭത്തോടെ  ഭാരതം അതിന്റെ അധഃപതനയാത്ര ആരംഭിച്ചുഅറിവ് അന്യാധീനമാവുകയും   അറിവിന്റെ ലോകം വികലമായിത്തുടങ്ങുകയും ചെയ്തുആദ്യം അത് രണ്ടായി പിളർന്നുകർമ്മകാണ്ഡവും, ജ്ഞാനകാണ്ഡവും.   ഒന്ന് മറ്റൊന്നിനെക്കാൾ മഹത്വമാർന്നത്  എന്ന രീതിയിലുള്ള കലഹംതുടർന്ന് അന്യോന്യം  നിഷേധമായി മാറിഈ രണ്ടു വിജ്ഞാനശാഖകളെയും  സമന്വയിപ്പിക്കാൻ,  മഹാഭാരതത്തിൽ യോഗേശ്വരനായ ശ്രീകൃഷ്ണനിലൂടെ  വ്യാസൻ  ശ്രമിക്കുന്നുണ്ട്.   പക്ഷെ മഹാഭാരതയുദ്ധത്തിനുശേഷം,   വർണ്ണസങ്കരം സംസ്കാരത്തെ  ക്ഷയിപ്പിക്കും എന്ന  അർജ്ജുനന്റെ  ഭീതി സത്യമായി ഭവിച്ചുവേദനഷ്ടം അവതാരംകൊണ്ട് ഇല്ലാതാക്കാം എന്ന കണ്ടുപിടുത്തം  പുരാണരചയിതാക്കളുടെ പകൽക്കിനാവായിരുന്നു.   ഇന്നത്തെ  പുരാണകഥകളിൽ വിഷ്ണുവിന് വേദം  വീണ്ടെടുക്കേണ്ടി വന്നതും  ആ ക്ലിഷ്ടസന്ധിയിലാണ്.
മനുഷ്യശരീരത്തിലെ അംഗങ്ങളുമായുള്ള താരതമ്യത്തിൽ ഋഷി കല്പശാസ്ത്രത്തെ കൈകളായും ജ്യോതിഷത്തെ കണ്ണുകളായും (പാണിനി) പറഞ്ഞിരിക്കുന്നു(ഹസ്തൈ കല്പോ f ഥ പഠ്യതേ ... )     (…ജ്യോതിഷാമയനം ചക്ഷുഃ )

ജ്യോതിശാസ്ത്രവും കല്പശാസ്ത്രവും വേദാംഗമാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.   ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലൊരിടത്തും ജ്യോതിഷം വിഷയമാകുന്നില്ല.   ആധുനിക  ഉദരപൂരണജ്യോതിഷികൾ  ഈ ശാസ്ത്രങ്ങളെ സംയോജിപ്പിച്ച്  ഒരു പുഷ്പാലംകൃതസിംഹാസനത്തിൽ  പ്രതിഷ്ഠിച്ചിരിക്കുന്ന ഒന്നാണ് ഭാവിപ്രവചനജ്യോതിഷം’ഈ ജ്യോതിഷത്തിന് വൈദികജ്യോതിഷവുമായി പുലബന്ധം പോലുമില്ലയാഗയജ്ഞാദികളിൽ വൈദിക ജ്യോതിശാസ്ത്രം കാലനിർണ്ണയത്തിന് ഉപയോഗിക്കാറുണ്ടായിരുന്നുഅതാകട്ടെ നക്ഷത്രവും  തീയതിയും മാസവും ഋതുവും സംവത്സരവും കണക്കാക്കുന്നതിന് സഹായകമാകുന്ന കാലാന്തരശാസ്ത്രസംബന്ധിയാണ്.                                                                                                                                                                                         
ജ്യോതിഷവിദ്യയുടെ  ജനനി വേദമാണ്.   വേദം എന്നാൽ ഋക്ക്, യജുസ്സ്, സാമം, അഥർവം എന്നി മന്ത്രസംഹിതകൾതന്നെഋഗ്വേദാരംഭത്തിൽതന്നെ ഒന്നാം മണ്ഡലത്തിൽ 164-ആം സൂക്തം അറിയപ്പെടുന്നത് അസ്യമാവീയം എന്നാണ്അസ്യമാവീയത്തിൽ കാണുന്ന സൂര്യദേവനും പുരാണങ്ങളിൽ കാണുന്ന സൂര്യദേവനും സമാനതകളുണ്ട്, ഒപ്പം സംസ്കാരഭേദവുമുണ്ട്.

വേദം പറയുന്നു : അല്ലയോ സൂര്യദേവാ അങ്ങയുടെ  രഥചക്രത്തിൽ പന്ത്രണ്ട് ആരക്കാലുകൾ കാണുന്നുആ രഥചക്രം നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്നുഅത് ജീർണ്ണതയോ മരണമോ വരിക്കുന്നില്ലമറിച്ച് അമൃതാത്മാക്കളായി 720 പുത്രന്മാരെ ജനിപ്പിക്കുന്നു.  (ചാന്ദ്രവർഷത്തിലെ 360 ദിനവും 360 രാത്രിയും.)   ഈ വേദമന്ത്രമാണ് സൂര്യദേവന് പന്ത്രണ്ട് പത്നിമാരിൽ  720 പുത്രന്മാരെ സൃഷ്ടിച്ചു നൽകാൻ പൌരാണികരെ പ്രേരിപ്പിച്ചത്.

ഋഗ്വേദത്തിലെ അസ്യമാവീയത്തിനു പുറമെ, യജുർവേദത്തിലെ 17, 18  അദ്ധ്യായങ്ങൾ, സാമവേദത്തിലെ  ഉത്തരാർച്ചികത്തിലെ 6-ആം അദ്ധ്യായംഅഥർവത്തിലെ 19-ആം കാണ്ഡത്തിലെ  7, 8  സൂക്തങ്ങൾ എന്നിവ  ജ്യോതിഷ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്ഈ വേദമന്ത്രങ്ങളിൽ 27 നക്ഷത്രങ്ങളെപ്പറ്റിയും പറയുന്നുണ്ട്ജ്യോതിഷത്തെ കാലവിധാനശാസ്ത്രം എന്നും ഋഷിമാർ വിളിച്ചിരുന്നുഇന്ന് നമുക്ക് ലഭിക്കുന്ന ജ്യോതിഷഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാചീനമെന്നു പണ്ഡിതന്മാർ പറയുന്നത്, ‘ലഗധ മുനി’യാൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷമെന്ന 60 ശ്ലോകങ്ങളുള്ള വളരെ ചെറിയ ഒരു ഗ്രന്ഥമാണ്അതിൽ  ഇങ്ങനെ പറയുന്നു: “യഥാ ശിഖാമയൂരാണാം നാഗാനാം‌‌ മണയോ യഥാതദ് വദ് വേദാംഗശാസ്ത്രാണാം ഗണിതം മൂർധിനിസ്ഥിതമ്”.  (മയിലുകളുടെ സൌന്ദര്യശോഭ എങ്ങനെയാണോ അവയുടെ ശിഖ വർദ്ധിപ്പിക്കുന്നത്, നാഗങ്ങളുടെ ഫണം എങ്ങനെ അവയെ സൌന്ദര്യമുള്ളതാക്കുന്നുവോ അതുപോലെ വേദാംഗശാസ്ത്രങ്ങളിൽ ഗണിതം സുശോഭിതമായി നിലകൊള്ളുന്നു.)  ഋഗ്വേദത്തിൽ 12 മാസങ്ങളെപറ്റി പറയുന്ന മന്ത്രത്തിൽ തന്നെ 13-ആമനായി അധിമാസത്തെയും പരാമർശിക്കുന്നുണ്ട്സ്പഷ്ടമായി  ഈ പരാമർശം ചാന്ദ്രമാസകലാന്തരവും, സൌരവർഷകാലാന്തരവും പ്രകടമാക്കുന്നതാണ്യജുർവേദത്തിൽഅംഹസസ്പതിഎന്ന് ഈ  13 കാരനെ വിളിക്കുന്നുഋതുക്കളെ ശരിയായി ഗണിച്ച് കണ്ടുപിടിക്കുവാൻ അധിമാസകണക്കിനേ സാധിക്കു എന്നു തൈത്തരീയ സംഹിതയിലും പറയുന്നു

വേദങ്ങളിലെ  മാസങ്ങളുടെ പേരുകൾ എങ്ങിനെയായിരുന്നു എന്നു നോക്കാം.
                    ഋതുക്കൾ
വേദങ്ങളിലെ മാസങ്ങൾ
ശകവർഷ  മാസങ്ങൾ
ക്രിസ്ത്വബ്ദ  മാസങ്ങൾ
1)വസന്തം
മധു - മാധവ
ചൈത്രം - വൈശാഖം
ഏപ്രിൽ - മെയ്
2)ഗ്രീഷ്മം
ശുക്ര - ശുചി
ജ്യേഷ്ഠം - ആഷാഢം
ജൂൺ - ജൂലൈ
3)വർഷം
നഭസ് - നഭസ്യ
ശ്രാവണ - ഭദ്രപദ
ആഗസ്റ്റ്സെപ്തംബർ
4)ശരത്
ഇഷഊർജ്
ആശ്വിനകാർതിക
ഒക്ടോബർ - നവംബർ
5)ഹേമന്തം
സഹസ് - സഹസ്യ
ആഗ്രഹായണ - പൌഷ
ഡിസംബർ - ജനവരി
6)ശിശിരം
തപസ് - തപസ്യ
മാഘഫൽഗുന
ഫിബ്രവരിമാർച്ച്

മാസങ്ങളുടെ പേരുകളിൽ തന്നെ ഈ മാറ്റം പ്രകടമാകുമ്പോൾ വൈദികജ്യോതിശാസ്ത്രം എത്രമാത്രം മാറ്റങ്ങൾക്ക്  വിധേയമായിട്ടുണ്ടായിരിക്കും  എന്നു ചിന്തിക്കാവുന്നതേയുള്ളൂ.   വൈദികജ്യോതിഷത്തിന്  ഏതെല്ലാം രീതിയിൽ  അപഭ്രംശം സംഭവിച്ചിട്ടുണ്ട് എന്ന്  പരിശോധിക്കുന്നതാണ്  എല്ലാം ഉഢായിപ്പാണെന്ന്  കണ്ണടച്ച് വിശ്വസിക്കുന്നതിനേക്കാൾ അഭികാമ്യം  എന്നു തോന്നുന്നു.

ജ്യോതിശാസ്ത്രത്തിന്റെ പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന നാടായിരുന്നു ഭാരതംഎത്രയോ മഹാരഥന്മാർ  ഇവിടെ വന്ന് ശാസ്ത്രപഠനം നടത്തിപ്പോയിരിക്കുന്നു.   ശാസ്ത്രങ്ങളിലെ മയൂരശിഖയായിരുന്ന ഗണിതശാസ്ത്രത്തിന്റെ  സമ്പന്നതയായിരുന്നു അതിനു കാരണമായിരുന്നത്.    ഭാരതം എല്ലാംകൊണ്ടും സമ്പന്നമാണെന്ന  വിദേശികളുടെ  അഭിപ്രായമായിരിക്കണം  യവനസാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി   നിശ്ചയിക്കുന്നതിന്   അലക്സാണ്ടർ  ഭാരതത്തിലേക്ക് പടനയിച്ചത്

ബി.സി. 500 നു മുമ്പ് സൈറസും ദാരിയൂസും  ഭാരതത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശം ആക്രമിച്ചെങ്കിലും  അവർക്ക്  ഭാരതത്തിൽ ആധിപത്യം  സ്ഥാപിക്കാൻ കഴിഞ്ഞില്ലപക്ഷെ അത് അലക്സാണ്ടറുടെ   അധിനിവേശം എളുപ്പമാക്കി.  മഹാഭാരതയുദ്ധത്തിനുശേഷം സംഭവിച്ച സാംസ്കാരിക അധഃപതനം   യുദ്ധതന്ത്രങ്ങളിൽ പോലും  വലിയ  മാറ്റം സൃഷ്ടിച്ചുആനയും കുതിരയും  ആരാധനയുടെ ബിംബങ്ങളായപ്പോൾ  യുദ്ധക്കളത്തിൽ നിന്നും അവ യാഗശാലയിലേക്ക് പ്രവേശിച്ചുഇക്കാരണത്താൽ  യുദ്ധത്തിനുപയോഗിച്ച ആനകളെ വിരട്ടിയോടിക്കാൻ കഴിഞ്ഞതാണ് അലക്സാണ്ടർക്ക് (326 ബി.സി.) പൌരവനെ പരാജയപ്പെടുത്താൻ കഴിഞ്ഞത്അലക്സാണ്ടർപോലും ഭയപ്പെട്ടിരുന്ന നന്ദരാജവംശം  പൌരവന്റെ പരാജയം ആസ്വദിക്കാൻ നിഷ്ക്രിയതയിലൂടെ  രാജ്യത്തിനെ വിദേശിക്കടിമയാക്കുകയായിരുന്നുനന്ദരാജവംശത്തിന്റെ ജാരസന്തതികൾ ഇന്നും  ഭാരതഹൃദയത്തെ വേദനിപ്പിക്കുന്നുണ്ട്.  

അലക്സാണ്ടറുടെ അധിനിവേശം  ഭൂപ്രദേശത്തെ മാത്രമല്ല കീഴ്പ്പെടുത്തിയത്.   സാംസ്ക്കാരത്തെയും  മാറ്റിമറിക്കാൻ അവർക്കു കഴിഞ്ഞുഅലക്സാണ്ടർക്കുശേഷം  യവനജ്യോതിഷം  കാശിവരെയെത്തി വൈദികജ്യോതിഷത്തെയും ആക്രമിച്ചു കീഴ്പ്പെടുത്തി. (കാശിയാണ്  അന്നും ഇന്നും ജ്യോതിഷ പണ്ഡിതന്മാരുടെ  കേന്ദ്രം.) യവനനുശേഷം ഹൂണന്മാരും, മംഗോളിയരും, മുഗളന്മാരും, പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ബ്രിട്ടിഷുകാരും ഭാരതത്തെ കീഴ്പ്പെടുത്തി അധികാരം സ്ഥാപിച്ചു.   1947ൽ ബ്രിട്ടീഷുകാർ ഭാരതം വിടുമ്പോൾ ജീവനില്ലാത്ത വെട്ടിമുറിക്കപ്പെട്ട ഭാരതത്തിന് നഷ്ടമായത് 33 ശതമാനം ഭൂപ്രദേശം മാത്രമല്ല, സാംസ്കാരിക പൈതൃകം കൂടിയാണ്.
(തുടരും.)

Wednesday, February 16, 2011

ഗുരുവായൂരും മുഹൂർത്തവും


[ജ്യോതിശാസ്ത്രം - ഹോളിവുഡും പൌരാണികവും എന്ന പോസ്റ്റിന്റെ തുടർച്ച]                                    -------------------------------
ആധുനിക  ജ്യോതിഷവും  ഫലപ്രവചനങ്ങളും  അതിനോടനുബന്ധിച്ചുള്ള പരിഹാരക്രിയകളും  ഭക്തിപ്രസ്ഥാനക്കാരുടെ മോക്ഷപ്രാപ്തിമാർഗ്ഗങ്ങളും നിലനിൽക്കുന്നത്  കലിയുഗത്തെ അശുഭയുഗമാക്കി ചിത്രീകരിച്ചുകൊണ്ടാണ്.  അതിന്  പുരാണങ്ങളും അവയിലെ മോക്ഷമാർഗ്ഗ കഥകളും ഇന്ന് അധർമ്മികൾക്ക്  ഉദരപൂരണത്തിന്റെ  സുരക്ഷിതമാർഗ്ഗമായിത്തീർന്നിരിക്കുന്നു.  ആധുനിക ഭൌതികലോകത്തിന്റെ  കണ്ടുപിടുത്തങ്ങളായ ദൃശ്യമാധ്യമങ്ങൾ ഈ ചൂഷണത്തിന്  വേണ്ട  എല്ലാ സൌകര്യങ്ങളും  (സീരിയലുകളായും, ടെലിബ്രാൻഡ് കച്ചവടമായും) നിർലോഭമായി   ചെയ്തുകൊടുക്കുന്നുമുണ്ട്. 

കലിയുഗത്തെക്കുറിച്ച് എന്താണ് വേദങ്ങളിൽ പറഞ്ഞിട്ടുള്ളത് എന്നു നോക്കാം.  യുഗം’  എന്നാൽ രാജാവെന്നാണ് അർത്ഥം.  അതിനാൽ ഏതു യുഗത്തിലും ശുഭത്വത്തെയും അശുഭത്വത്തെയും പ്രദാനം ചെയ്യുന്നത് രാജാവിന്റെയും പ്രജകളുടെയും ആചാരഗുണങ്ങളാണ്.  ആത്മകാരകനായ സൂര്യനിൽ നിന്നും ജനിച്ചതാണ് സംവത്സരം.  അതിനാൽ എല്ലാ സംവത്സരവും ശുഭമാകുന്നു.  ഋതുക്കൾ വിഷ്ണുരൂപിയായ സംവത്സരത്തിന്റെ അംഗമാണ്.  അതിനാൽതന്നെ അത് ശുഭകാരിണിമാത്രമാണ്.  പ്രകാശവും അന്ധകാരവും ശുഭസൂചകങ്ങൾതന്നെ.  അതിനാൽ രണ്ട് അയനങ്ങളും ശുഭകാരിയാണ്.  രണ്ടു പക്ഷങ്ങളും ശുഭമാണ്.  എല്ലാ മാസങ്ങളും ശുഭമാണ്.  എല്ലാ ദിവസങ്ങളും ശുഭമാണ്.  എന്തിന് അഹോരാത്രത്തെ മുപ്പതായി പകുത്താൽ കിട്ടുന്ന എല്ലാ മുഹൂർത്തങ്ങളും ശുഭമാണ്. (തൈത്തരീയബ്രാഹ്മണം)

ഇത് പറഞ്ഞ വൈദികജ്യോതിഷികളുടെ പിന്മുറക്കാരാണോ നമ്മൾ.   വേദങ്ങളിൽ പറയപ്പെടുന്ന നക്ഷത്രങ്ങളിൽ ഒന്നുപോലും  അശുഭനക്ഷത്രമല്ല.   എല്ലാം ശുഭനക്ഷത്രം തന്നെ.  ഈ നക്ഷത്രങ്ങളെ  താരകം ദേവഗൃഹം എന്നിങ്ങനെയാണ്  അറിയപ്പെട്ടിരുന്നത്.  എന്നാൽ  നവീനജ്യോതിഷത്തിൽ ശുഭനക്ഷത്രങ്ങൾക്കൊപ്പം അശുഭനക്ഷത്രവും ഉണ്ട്.  ദക്ഷിണയുടെ  വലുപ്പത്തിനനുസരിച്ച് നക്ഷത്രങ്ങൾ ശുഭാശുഭങ്ങളായി മാറുന്നു.  മുഹൂർത്തത്തിന്റെ കാര്യമാണെങ്കിൽ  പറയാതിരിക്കുകയാണ് നല്ലത്.  കാരണം, ഏത് ഗണിതപ്രകാരം കണക്ക് കൂട്ടിയാലും പൂർണ്ണമായും നല്ല ഒരു മുഹൂർത്തം കണ്ടെത്താനാവില്ല. 

മുഹൂർത്തം നോക്കുന്നതിനെ പരിഹസിച്ചുകൊണ്ട് ഗുരുദേവന്റെ  ഒരു സംഭവം ഓർമ്മ വരുന്നു. കൊല്ലവർഷം 1083  കുംഭം ഒന്നാം തിയതി തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠ  കഴിഞ്ഞയുടൻ അവിടെയുണ്ടായിരുന്ന ഒരു വേദപണ്ഡിതൻ ഗുരുവിനോടു ചോദിച്ചു; “ഏതു മുഹൂർത്തത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയത്”?   മുഹൂർത്തം നോക്കിക്കൊള്ളാൻ ഗുരു  മറുപടി കൊടുത്തു.  പ്രതിഷ്ഠ കഴിഞ്ഞാണോ മുഹൂർത്തം നോക്കുന്നത്എന്ന് പണ്ഡിതൻ. “മുഹൂർത്തം നോക്കിയല്ലല്ലൊ ജനനം.  ജനനം നടന്നിരിക്കുന്നു.  ഇനി മുഹൂർത്തവും രാശികളും നോക്കിക്കോളൂ.”   ജനന-മരണങ്ങളെപ്പോലെ അത്രയും നിസ്സാരമാണ് മുഹൂർത്തവും എന്ന്  ഗുരു നമുക്ക്  കാണിച്ചു തരുന്നു. 

ഭൌതികജീവിതത്തിന്റെ തിരക്കിനിടയിലും വിവാഹം ഞായറാഴ്ചയിലെ ശുഭമുഹൂർത്തത്തിൽ തന്നെ വേണം എന്നത് നിർബ്ബന്ധമാണ്.  ജ്യോത്സ്യൻ എങ്ങനെ നോക്കിയാലും  മുഹൂർത്തം ശരിയാവില്ല.  അപ്പോൾ പ്രതിവിധി വന്നു.  ചടങ്ങ് ഗുരുവായൂരിൽ വെച്ച്  നടത്തിയാൽ മുഹൂർത്തം നോക്കണ്ട.  ഇതിൽ  ദേവസ്വത്തിന് ലഭിക്കുന്നത് വിവാഹത്തിന്റെ ഒരു  വഴിപാട്  ശീട്ടും   പൂജാരിക്കു കൊടുക്കുന്ന ദക്ഷിണയും.  പക്ഷെ  ഗുരുവായൂരിൽ വലവിരിച്ചിട്ടുള്ള  സർവ്വമതസ്ഥരുടെയും  ഹോട്ടലുകൾക്കും  കല്ല്യാണമണ്ഡപങ്ങൾക്കും ഒഴിവില്ല.   ഡോക്ടറും സ്കാൻ സെന്ററും തമ്മിലുള്ള  ഇടപാടുപോലത്തന്നെയാണ്, ജ്യോത്സ്യനും  ഈ കച്ചവടശൃഘലയും പ്രവർത്തിക്കുന്നത്  എന്നു തോന്നും ഈ ഗുരുവായൂരിനെ ഒഴിവുകാണുന്നത് ശ്രദ്ധിച്ചാൽ.   എന്നു മുതലാണ് ഗുരുവായൂരിൽ  മാത്രം   മുഹൂർത്തം  നോക്കണ്ട എന്ന  ശാസ്ത്രം കണ്ടെത്തിയത്  എന്ന്  അറിയില്ല.

രസകരമായ വസ്തുത  എന്തെന്നാൽ, നവീന ജ്യോതിഷത്തിൽ ഉപയോഗിക്കുന്ന രാശികളെല്ലാം തന്നെ വിദേശികളുടെതാണ്.  വാരമെന്നആഴ്ചവിദേശികളുടെതാണ്.  എന്തിന്ഹോരഎന്ന പദം സംസ്കൃത നിഘണ്ടുവിൽ  ഇല്ലാത്ത  പദമാണെന്നാണ് പണ്ഡിതാഭിപ്രായം.  ഭാരതീയഗണിതം നക്ഷത്രങ്ങളെ  അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.  മറിച്ച് ഫലിതജ്യോതിഷം ഹോരയെയും.  

ആഴ്ചകൾ പ്രതിനിധീകരിക്കുന്ന   സപ്തഗ്രഹങ്ങളെ ഒരു കാല്പനിക ബിന്ദുവിൽ കോർത്തിണക്കിയാണ്  സ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. പാശ്ചാത്യരുടെ  മതഗ്രന്ഥങ്ങളിലെ സൃഷ്ടിവാദത്തിനനുസരിച്ച്  ഏഴാമത്തെ ദിവസം സ്രഷ്ടാവിനും മനുഷ്യനും ക്ഷീണം തീർക്കാൻ ഒരു ഒഴിവുദിനം വേണമല്ലൊ. പാശ്ചാത്യരുടെ വരവോടെ  നമ്മൾക്കും   ഞായർ  വിശ്രമദിനമായി.     ഭാരതീയർ  മാസവും പക്കവും നക്ഷത്രവും ചേർത്താണ് ദിവസം തീരുമാനിച്ചിരുന്നത്.  നമുക്ക് ഇനി കാർത്തികയ്ക്ക് കാണാം, ഏകാദശിക്ക് കാണാം എന്നു പറഞ്ഞാൽ  സംശയത്തിനിടമില്ലാതെ  എല്ലാവർക്കും മനസ്സിലാകുമായിരുന്നു.  പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള വിനിമയങ്ങളിൽ ജ്യോതിഷത്തിന് ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യമുണ്ടായിരുന്നു.    

വേദങ്ങളിൽ 12 മാസങ്ങളെക്കുറിച്ചുള്ള വർണ്ണനകളും, വൃത്തത്തിന്റെ 360 അംശങ്ങളും, 27 നക്ഷത്രങ്ങളും  അവയെക്കുറിച്ചുള്ള വർണ്ണനകളും കാണാം. പക്ഷെ ഹോരയെന്നോ വാരമെന്നോ രാശിയെന്നോ ഉള്ള പദം അവിടെ കാണാൻ സാധിക്കില്ല.  ഈ പദങ്ങളെല്ലാം വിദേശിയുടെ തന്നെയെന്നതിന്  വേറെ തെളിവുകളൊന്നും ആവശ്യമില്ല.

 ഭാരതീയർ ഒരിക്കലും അറിവ്  പുറത്തേതെന്നോ അകത്തേതെന്നോ തരം തിരിക്കാറില്ലായിരുന്നു.  പരകീയ അറിവിനെ അവഹേളിച്ചിരുന്നുമില്ല.  മറിച്ച് അന്ധകാരയുഗത്തിൽ വിദ്യ ലോപിച്ചപ്പോൾ ശരികളെയും തെറ്റുകളെയും  നാം കൂട്ടിച്ചേർത്തു.  പ്രാചീന ഋഷിപരമ്പര അറിവ് വേദമായിക്കണ്ട് അതിനെ ഉപാസിച്ചു.  വിദേശികൾക്ക് ആ പരമ്പര  അവരുടെ രാജ്യങ്ങളിൽ എന്നേ ലോപിച്ചു പോയിരുന്നു.  ഭാരതചരിത്രം എത്ര കീറിമുറിച്ച് പരിശോധിച്ചാലും ആക്രമണത്തിനു പോലും പ്രത്യാക്രമണം കണ്ടെത്താൻ ആർക്കും സാധിക്കാത്തതിനു കാരണവും അതാണ്.  എല്ലാ ആക്രമണങ്ങളും ഏറ്റുവാങ്ങിയ ലോകമാതാവാണ് നമ്മുടെ ഭാരതം.

(തുടരും)

Saturday, February 12, 2011

ജ്യോതിശാസ്ത്രം - ഹോളിവുഡും പൌരാണികവും.



[ജ്യോതിഷം – ആചാരവും ആരോഗ്യവും  എന്ന പോസ്റ്റിന്റെ  തുടർച്ച....]

 
ഭൌമശാസ്ത്രംഗോളശാസ്ത്രംജ്യോതിശാസ്ത്രംപ്രപഞ്ചശാസ്ത്രം എന്നിങ്ങനെ പല വിഭാഗങ്ങളായി വ്യാപിച്ചുകിടക്കുകയാണ് ഇന്ന് നമ്മുടെ  ലോകത്തെക്കുറിച്ചുള്ള അന്വേഷണം.  പണ്ട് ഇതെല്ലാം ഒരു കുടക്കീഴിലായിരുന്നു എന്നുമാത്രം.   ജീവനെക്കുറിച്ചുള്ള അന്വേഷണമാണ്  ഈ ഭൂമിയിൽ നിന്നും വിട്ട്  പ്രപഞ്ചത്തിലെ  എല്ലായിടത്തും  ഈ ശാസ്ത്രദൃഷ്ടി  ചെന്നെത്താൻ കാരണമായിത്തീർന്നത് എന്നുവേണം  ഊഹിക്കാൻ.  

സൂര്യനും ചന്ദ്രനുമാണ് ഭൂമിയിലെ ജീവിവർഗ്ഗം  നിലനിൽക്കാൻ  വേണ്ട  ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ സ്രോതസ്സ്അതുതന്നെയാവണം  ‘പ്രാചീനരായ’ ഋഷിവര്യന്മാരെ  സൂര്യൻചന്ദ്രൻനക്ഷത്രങ്ങൾ എന്നിവ എന്തു വസ്തുക്കളാണ് ;  അവ  ജീവജാലങ്ങളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുണ്ട്,  അവയിൽ മനുഷ്യൻ തുടങ്ങിയ സൃഷ്ടിജാലങ്ങൾ ഉണ്ടോ  എന്നൊക്കെയുള്ള  അന്വേഷണത്തിന്  പ്രേരിപ്പിച്ചിട്ടുണ്ടാവുക.

1969ൽ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയെന്നും ഇല്ലെന്നും അവകാശപ്പെടുന്ന ശാസ്ത്രസമൂഹം അതുകഴിഞ്ഞ്  50 വർഷത്തിനുശേഷമാണ് ചന്ദ്രനിൽ വെള്ളമുണ്ടാകാം എന്നു സ്ഥിരീകരിച്ചത്.  പൌരാണിക ഉഢായിപ്പുകൾ എന്തൊക്കെയാണ്  ഇക്കാര്യത്തിൽ പറഞ്ഞുവെച്ചിട്ടുള്ളത് എന്ന് പരിശോധിക്കുന്നത് നല്ലതാണ്.  ജ്യോതിഷഗ്രന്ഥങ്ങളിൽ ചന്ദ്രനിൽ ജലാംശമുണ്ടെന്ന് ചിന്തിക്കാവുന്ന വരികളെക്കുറിച്ച്  ഒരു  ലേഖനം വന്നപ്പോൾ ഉണ്ടായ പുകിലുകൾ ഇവിടെ വായിക്കാം.   ഇവിടെ പറയുന്ന കാര്യങ്ങളെല്ലാം  കാവിപ്പടയുടെ  ‘എല്ലാം ഞമ്മടെ കിത്താബിലുണ്ട്‘ എന്ന അവകാശമായെങ്കിലും ഈ ബ്ലോഗിൽ കിടക്കട്ടെ.  അന്ധവിശ്വാസത്തിന്റെ കൂട്ടത്തിൽ ഇതും കൂടി

സൂര്യ-ചന്ദ്ര-നക്ഷത്ര ഗോളങ്ങളെയെല്ലാം ലോകങ്ങൾ എന്നാണ് പറയപ്പെടുന്നത്.  ഭൂമിയിലെ സകല ജീവജാലങ്ങളും ഉരുണ്ട ആകൃതിയിലുള്ളതാണ്  എന്നതിന് തെളിവ് ആവശ്യമില്ലല്ലൊ. (കേന്ദ്രത്തിൽ നിന്നുള്ള റേഡിയസ് തുല്യമല്ല എന്ന ആക്ഷേപം ഉന്നയിക്കില്ല എന്നു വിശ്വസിക്കട്ടെ.)  അതുപോലത്തന്നെ പ്രപഞ്ചത്തിലെ  സർവ്വവസ്തുക്കളും ഉരുണ്ടതോ, ചുരുങ്ങിയപക്ഷം വൃത്താകൃതിയിലുള്ളതോ  ആയിരിക്കും.  ബ്രഹ്മാണ്ഡവും  ഗോളാകൃതിതന്നെ

പ്രപഞ്ചത്തിലെ ഗോളങ്ങളിലെല്ലാം മനുഷ്യാദി ജീവികൾ  വസിക്കുന്നുണ്ട് എന്നാണ് ശതപഥബ്രാഹ്മണം  പറയുന്നത്.
ഏതേഷു ഹീദങ് സർവം വസു ഹിതമേതേ ഹിങ് സർവം വാസയന്തേ തദ്യാദി ദംങ് സർവം വാസയന്തേ തസ്മാ ദ്വസവ ഇതി”. 
പൃഥിവിജലംഅഗ്നിവായുആകാശംചന്ദ്രൻനക്ഷത്രംസൂര്യൻ എന്നിവയ്ക്ക് വസുക്കൾ എന്നു പേരു വന്നത് അവയിൽ എല്ലാ ചരാചരങ്ങളും വസിക്കുന്നതുകൊണ്ടും അവയെ അവ വസിപ്പിക്കുന്നതുകൊണ്ടും ആണ്.  എല്ലാറ്റിന്റെയും വാസഭൂമിയായതുകൊണ്ടാണ് അവയ്ക്ക് വസുക്കൾ എന്നു പേർ വന്നത്.  സുര്യനും ചന്ദ്രനും നക്ഷത്രങ്ങളും പൃഥിവിയെപോലെ വസുക്കളാണെങ്കിൽ അവയിലും  ജീവജാലങ്ങൾ ഉണ്ടെന്നു പറയുന്നതിൽ എന്തിനു ശങ്കിക്കണംഈശ്വരനിർമ്മിതമായ  ഈ ചെറിയ ഭൂലോകത്ത് മനുഷ്യാദി സൃഷ്ടിജാലങ്ങളാൽ നിറഞ്ഞിരിക്കെ മറ്റു ലോകങ്ങളെല്ലാം ശൂന്യങ്ങളായിരിക്കുമോ?   പ്രപഞ്ചസ്രഷ്ടാവായ ഈശ്വരൻ ഈ ഭൂമിയിലേക്കുമാത്രമായി സൃഷ്ടി നടത്തുന്നുണ്ടെന്നു വിശ്വസിക്കണോ?  മറ്റു ലോകലോകാന്തരങ്ങളിൽ മനുഷ്യാദി സൃഷ്ടികളില്ലെങ്കിൽ അവയുടെ പ്രയോജനമെന്താണ്?  അതിനാൽ സകല ലോകങ്ങളിലും മാനവാദി സൃഷ്ടികൾ ഉണ്ടാകാം.

  എന്നാൽ ആകൃതിഭേദം വരാം.  ഭൂമിയിൽ തന്നെ പല രാജ്യങ്ങളിലും  ആകൃതിയും നിറവും വ്യത്യസ്തങ്ങളാണ്.  ഭൂമിയിൽ മാത്രമാണോ ദൈവം ജീവികളെ സൃഷ്ടിച്ചിട്ടുള്ളത് എന്ന് ചില യുക്തിവാദികളെങ്കിലും ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്.  പക്ഷെ അത്  ഒരു തർക്കത്തിനുവേണ്ടിയാണ്.  മറ്റു ലോകങ്ങളിൽ ജീവികളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയൊന്നും കയ്യിലുണ്ടാവാൻ സാധ്യതയില്ല.

സൃഷ്ടി  ലോകാന്തരങ്ങളിൽ മാത്രമല്ലഎല്ലാ കല്പങ്ങളിലും ഒരുപോലത്തന്നെയാണെന്ന് ഋഗ്വേദം സൂചിപ്പിക്കുന്നു.
 “സൂര്യാചന്ദ്രമസൌ ധാതാ യഥാ പൂർവമകല്പയത് ദിവം ച പൃതിവീംചാന്തരീക്ഷ മഥോ സ്വഃ”. 
സൂര്യൻചന്ദ്രൻആകാശം ഭൂമിഅന്തരീക്ഷംഅവയിലുള്ള സുഖങ്ങൾവിശിഷ്ടവസ്തുക്കൾ എന്നിവയെല്ലാം ധാതാവായ ഈശ്വരൻ മുൻകല്പങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നതുപോലെ തന്നെയാണ് ഈ കല്പത്തിലും സൃഷ്ടിച്ചിട്ടുള്ളത്.

ഇത് സാധാരണ എല്ലാവരും  കേൾക്കാറുള്ള  നവഗ്രഹസ്തോത്രത്തിലെ  ചൊവ്വ ഗ്രഹത്തെക്കുറിച്ചുള്ള (MARS) ഒരു ശ്ലോകമാണ്.
ധരണീ ഗർഭ സംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തി ഹസ്തം തം
മംഗളം പ്രണമാമ്യഹം.”
ഇതിൽ എന്നെ ആകർഷിച്ചത്ഭൂമിയുടെ ഗർഭത്തിൽ നിന്നും ഉണ്ടായത്   എന്ന പ്രയോഗമാണ്.  പുത്രൻ എത്ര കുരുത്തംകെട്ടവനായാലും  സ്രഷ്ടാക്കളുടെ അല്പം ഗുണം കാണിക്കില്ലെ  എന്നൊരു സംശയം ബാക്കി നിൽക്കുന്നു.  (MARS നെക്കുറിച്ച് വന്ന ഒരു വാർത്ത)


ആധുനികശാസ്ത്രം ഇന്ന്
  UFO യെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുന്നു.  ശാസ്ത്രത്തിന്റെ അന്ധവിശ്വാസങ്ങൾ!!!!


(തുടരും...)                                                       (ശേഷം ഇവിടെ വായിക്കാം.....)

Wednesday, February 9, 2011

ജ്യോതിഷം - ആചാരവും ആരോഗ്യവും


[“ജ്യോതിഷത്തിന്റെ സാമൂഹിക പ്രസക്തി” എന്ന പോസ്റ്റിന്റെ തുടർച്ച]
 ഇന്ന് നമ്മൾ കാണുന്ന ജ്യോതിഷം  വൈദിക ജ്യോതിഷത്തിന്റെയും  വരത്തന്മാരുടെ  ഫലിതജ്യോതിഷത്തിന്റെയും ഒരു സങ്കലനമാണ്.    പക്ഷെ  ഈ കൂടിച്ചേരൽ  ഫലിതജ്യോതിഷത്തിന്   മറ്റുള്ള രാജ്യങ്ങളെക്കാൾ ഭാരതത്തിൽ വളരാനുള്ള സാധ്യത ഉണ്ടായി എന്ന്‌  നിസ്സംശയം പറയാംഎന്തെല്ലാം ചൂഷണങ്ങൾ ഉണ്ടെങ്കിലും  ജ്യോതിഷത്തിന്റെ ചില സാമൂഹികമായ ഗുണങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ലപണ്ടുകാലത്തെ സാമൂഹിക ജീവിതത്തിൽ വിശ്വാസങ്ങളുടെയും വിജ്ഞാനങ്ങളുടെയും സിരാകേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങൾ.   കേരളീയരുടെ ഇടയിൽ  മാത്രമല്ലഭാരതത്തിൽ ഒട്ടുക്കും പല ഔഷധസസ്യങ്ങളും മതവിശ്വാസങ്ങളോടും ആചാരങ്ങളോടും ബന്ധപ്പെട്ട് ആദരിക്കപ്പെടുന്നു.   അത്   നിത്യജീവിതത്തിൽ  ശീലിക്കുന്നവർക്ക്   ആരോഗ്യവും  രോഗപ്രതിരോധവും  വർദ്ധിപ്പിക്കുന്നുഉദാഹരണത്തിന് : ചന്ദനം, തുളസി, ദശപുഷ്പം, കൂവളം, തെച്ചി തുടങ്ങിയവ ഉപയോഗിക്കുന്നത്  ആചാരങ്ങളുടെയും  ദിനചര്യകളുടെയും ഭാഗമാണ്.

 വീടിനുചുറ്റും സുലഭമായി ലഭിക്കുന്ന ചെടികൾ ഉപയോഗിച്ചുള്ള   ഗൃഹവൈദ്യം  ആരെയും പരിചയപ്പെടുത്തേണ്ടതില്ലല്ലോ.   ‘കോൾഡ്’       (നാടൻ ഭാഷയിൽ പറയുന്ന നീരിളക്കം ) സുഖപ്പെടണമെങ്കിൽ, ആധുനിക മരുന്നുകൾ കഴിച്ചാലും ഇല്ലെങ്കിലും 7 ദിവസം വേണംവീട്ടിൽ ഉണ്ടാക്കുന്ന  ഹെർബൽ റ്റീ’ (ചുക്കു കാപ്പി എന്നു മലയാളത്തിൽരണ്ടു ദിവസം കഴിച്ചാൽ  ഏതു കോൾഡും മാറിക്കിട്ടും.

 വേദാംഗങ്ങളിലെ ചക്ഷുസായ ജ്യോതിഷവും  ഉപവേദങ്ങളിലെ  ആയുർവ്വേദവും  സാധാരണ ജനങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നുഅതുകൊണ്ടു തന്നെ  ജനങ്ങളുടെ ആരോഗ്യപരവും സാമൂഹികവുമായ വളർച്ചയിൽ  ഈ രണ്ടു ശാസ്ത്രശാഖകളും ഒരുപോലെ പ്രാധാന്യമർഹിക്കുന്നുണ്ട്.   പണ്ടുകാലത്തെ നാട്ടുവൈദ്യന്മാർ ജ്യോതിഷത്തിലും പ്രാഗത്ഭ്യം  നേടിയവരായിരുന്നുപക്ഷെ അത് ഇന്നു കാണുന്ന ഫലപ്രവചനത്തിനുവേണ്ടിയായിരുന്നില്ല.   ഋതുക്കളെക്കുറിച്ചും  സൂര്യചന്ദ്രരാശികളെക്കുറിച്ചും അവയ്ക്ക്  സസ്യലതാതികളിലുള്ള   സ്വാധീനവും അതുമൂലമുണ്ടാകുന്ന ഗുണദോഷങ്ങൾ മനസ്സിലാക്കാനും ആയിരുന്നു ജ്യോതിശാസ്ത്രം   ഉപയോഗപ്പെടുത്തിയിരുന്നത്.   പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യശരീരത്തിലെ ത്രിദോഷങ്ങൾക്ക് ഒരേ ഔഷധം തന്നെ കാലദേശങ്ങൾക്കനുസരിച്ച് ഫലവ്യത്യാസങ്ങൾ  ഉണ്ടാക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കുന്നതിനും പൌരാ‍ണിക ജ്യോതിഷം ഒരു ശാസ്ത്രമായിത്തന്നെ നിലനിന്നിരുന്നു.

ഔഷധസസ്യങ്ങളെക്കുറിച്ചുള്ള  ആദ്യ വിവരണം നമുക്ക് ലഭ്യമാകുന്നത്‌ ഋഗ്വേദത്തിലാണ്.  107 തരം ഔഷധ സസ്യങ്ങളെക്കുറിച്ച്  ഇതിൽ പരാമർശിക്കുന്നുണ്ട്‌അഥർവ്വവേദത്തിൽ 289 ഇനം ഔഷധ സസ്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നുആയുർവ്വേദ സംഹിതകളായ ചരക-ശുശ്രുത-അഷ്ടാംഗഹൃദയങ്ങളിലായി 750- ഓളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഉണ്ട്‌.


ജ്യോതിശാസ്ത്രപ്രകാരം  ഓരോ ജന്മനക്ഷത്രത്തിനും ഓരോ വൃക്ഷമുണ്ട്ഓരോ നക്ഷത്രക്കാരും അവരവരുടെ വൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്നത്‌ ഐശ്വര്യപ്രദമാണെന്നു കരുതുന്നു.

നക്ഷത്രങ്ങളും  അവയുടെ മൃഗം പക്ഷി വൃക്ഷം എന്നിവയും തഴെ കൊടുത്തിരിക്കുന്നു.


1
അശ്വതി
കുതിര
പുള്ള്
കാഞ്ഞിരം
2
ഭരണി
ആന
നെല്ലി
3
കാർത്തിക
ആട്
അത്തി
4
രോഹിണി
നല്പാമ്പ്
ഞാവൽ
5
മകയിര്യം
പാമ്പ്
കരിങ്ങാലി
6
തിരുവാതിര
ശ്വാവ്
ചെമ്പോത്ത്
കരിമരം
7
പുണർതം
പൂചച
മുള
8
പൂയം
ആട്
അരയാൽ
9
ആയില്യം
കരിമ്പൂച്ച
നാരകം
10
മകം
എലി
പേരാൽ
11
പൂരം
ചുണ്ടെലി
പ്ലാശ്
12
ഉത്രം
ഒട്ടകം
കാകൻ
ഇത്തി
13
അത്തം
പോത്ത്
അമ്പഴം
14
ചിത്തിര
ആൾപ്പുലി
കൂവളം
15
ചോതി
പോത്ത്
നീർമരുത്
16
വിശാഖം
സിംഹം
വയ്യംകൈത
17
അനിഴം
മാൻ
ഇലഞ്ഞി
18
തൃക്കേട്ട
കേഴമാൻ
കോഴി
വെട്ടി
19
മൂലം
ശ്വാവ്
പൈൻ
20
പൂരാടം
കുരങ്ങ്
വഞ്ചി
21
ഉത്രാടം
കാള
പ്ലാവ്
22
തിരുവോണം
കുരങ്ങ്
എരിക്ക്
23
അവിട്ടം
നല്ലാള്
മയിൽ
വഹ്നി
24
ചതയം
കുതിര
കടമ്പ്
25
പൂരോരുട്ടാതി
നരൻ
തേന്മാവ്
26
ഉതൃട്ടാതി
പശു
കരിമ്പന
27
രേവതി
ആന
ഇരിപ്പ


മുകളിൽ കൊടുത്തിരിക്കുന്ന ജന്മനാളുകളെ സ്വാധീനിക്കുന്ന  വൃക്ഷം, പക്ഷി, മൃഗങ്ങളിൽ ഓരോ നാളുകൾക്കും പറഞ്ഞിരിക്കുന്ന വൃക്ഷത്തെ സംരക്ഷിക്കുകയും  പക്ഷിമൃഗാദികളെ  കൊല്ലാതിരിക്കുകയും ചെയ്യുന്നത് ആ വ്യക്തിക്ക്  നന്മകൾ പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.  (ഇതിൽ പറഞ്ഞിരിക്കുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ - നല്പാമ്പ്, ആൾപുലി, നല്ലാള്, നരൻ - എന്നിവ  എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല.  കൂടുതൽ അറിയാവുന്നവർ  വിശദമാക്കുമല്ലൊ.)  നന്മകൾ ലഭിക്കും എന്നത് ഒരു അന്ധവിശ്വാസമായി കണക്കാക്കിയാൽ തന്നെയും ഈ വിശ്വാസത്തിൽ വളരുന്ന ഒരു സമൂഹത്തിൽ ഈ പറയുന്ന ജനുസുകളിൽ പെട്ട -വൃക്ഷ-പക്ഷിമൃഗാദികൾ ഉന്മൂലനാശം സംഭവിക്കാതെ ലോകത്ത് നിലനിൽക്കാനെങ്കിലും ഈ ആചാരം വഴിയൊരുക്കുന്നുണ്ടെങ്കിൽ  ഈ  അന്ധവിശ്വാസത്തെ  നിലനിർത്തേണ്ടതാണ്. ഇവിടെ  27 വൃക്ഷങ്ങളും 21 മൃഗങ്ങളും 5 പക്ഷികളും മാത്രമാണ് നക്ഷത്രങ്ങളുടെ  കീഴിൽ വരുന്നത്ആ കാര്യത്തിൽ എനിക്ക് അല്പം പ്രതിഷേധമുണ്ട്ഓരോ നക്ഷത്രത്തിനും പ്രത്യേകം പ്രത്യേകം  പക്ഷിമൃഗാദികൾ (27 എണ്ണം വീതം)   വേണമായിരുന്നുഅങ്ങിനെ  അത്രയും ജീവികൾക്ക്‌ ഒരു അന്ധവിശ്വാസത്തിന്റെ ലേബലിലാണെങ്കിൽ‌പ്പോലും ഈ ലോകത്ത്  മനുഷ്യന്റെ ആഹാരമാകാതെ ജീവിക്കാൻ അവസരം ലഭിക്കുമായിരുന്നു
     കഴിഞ്ഞവർഷാന്ത ഒഴിവുദിനങ്ങളിൽ നാട്ടിൽ വെച്ച്  ചികിത്സയുമായി ബന്ധപ്പെട്ട് ഒരു  ആയുർവ്വേദ ഡോക്ടർ പറഞ്ഞത്  അല്പം കൌതുകമുണർത്തി.  ഓരോ അസുഖങ്ങൾക്കുമുള്ള   മരുന്നുകൾ ഉല്പാദിപ്പിക്കാൻ (ആയുർവ്വേദവും  ആധുനിക മരുന്നുകളുംതിരഞ്ഞെടുക്കുന്ന  സസ്യങ്ങൾ  പ്രതിനിധീകരിക്കുന്ന    നാളുകളിൽ ജനിച്ച വ്യക്തികൾക്ക്  ആ മരുന്നുകൾ  പ്രയോഗിക്കേണ്ടിവരുന്ന രോഗങ്ങൾ വരാനുള്ള സാധ്യതകൾ   തള്ളിക്കളയാനാവില്ല  എന്നാണ്,  ചില പരീക്ഷണങ്ങളിൽ നിന്നും  കണ്ടെത്തിയിട്ടുള്ളത്നാളുകളെ  മാത്രം അടിസ്ഥാനപ്പെടുത്തിയല്ല  ഒരു വ്യക്തിക്ക്  രോഗം വരാനുള്ള സാധ്യതകൾ  നിർണ്ണയിക്കുന്നത്ആ വ്യക്തി ജനിക്കുമ്പോഴുള്ള  ഗ്രഹനിലയും  സ്വാധീനിക്കുന്നുണ്ട്ഇവിടെ  നാളുകൾ  മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വൃക്ഷങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത് എന്നതുകൊണ്ടാവണം അത്തരത്തിലുള്ള  ഒരു  പഠനം നടന്നത്.




   
ചില ചെടികളും ആ ചെടികളുടെ  ശാസ്ത്രനാമവും അതിൽ നിന്നെടുക്കുന്ന മരുന്നുകളും   രോഗവും  എഴുതിവെച്ചത്  ശ്രദ്ധിക്കുക. ഈ ചെടികൾ ഓരോന്നും തിരഞ്ഞെടുത്തിട്ടുള്ളത് യാദൃശ്ചികമായല്ല.  ശാസ്ത്രീയമായ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും  അടിസ്ഥാനത്തിൽ തന്നെയാണെന്ന്  ഊഹിക്കാം.
      (തുടരും)                  (ശേഷം ഇവിടെ തുടരുന്നു.)