Monday, November 1, 2010

Free will & Ultimate Free will

ജബ്ബാർ മാഷിന്റെ ‘ഖുർ‌ആനിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്നു മനസ്സിലായി‘ എന്ന സംവാദത്തിൽ Mr.Faizal ന്റെ വക കമന്റിലാണ് ഈ free will ന്റെ മീതെ ഒരു ultimate free will ഉം ഉള്ളതായി കണ്ടത്. Free will എന്നാൽ ഇച്ഛാശക്തി, സ്വേച്ഛ, സ്വയം നിർണ്ണയ സ്വാതന്ത്ര്യം എന്നിങ്ങനെയൊക്കെ അർത്ഥം കണ്ടെത്താം. ഈ ultimate free will എന്താണെന്ന് മനസ്സിലായില്ല. മനുഷ്യന്റെ സ്വയം നിർണ്ണയ സ്വാതന്ത്ര്യത്തിൽ പിന്നെയൊരു അവസാനത്തെ സ്വാതന്ത്ര്യം. ഇത് മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്കില്ലാത്തതിനാലാവാം. ചില മതവിജ്ഞാനങ്ങളിൽ ദൈവത്തിന്റെ ഇച്ഛപ്രകാരം ഉള്ള free will നെയായിരിക്കാം ultimate free will എന്നു പറയുന്നത്. അതാണ് Mr.Faizal ന്റെ വിശദീകരണത്തിൽ നിന്നും മനസ്സിലായത്.


Free will മനുഷ്യന് ഈശ്വരൻ നൽകിയിട്ടുള്ള നിരുപാധികമായ സ്വാതന്ത്ര്യമാണ്. എന്നാൽ എല്ലാ നിയമങ്ങളും ഈശ്വരന്റെതാണ്. ഒരാൾ കുന്നിൽ മുകളിൽ നിന്നും താഴോട്ട് ചാടുന്നത് അവന്റെ ഇച്ഛയാണ്. എന്നാൽ കാലൊടിയുന്നത് ഈശ്വരന്റെ നിയമത്താലാണ് ഈശ്വരന്റെ നിയമം എന്നു പറയുന്നത് പ്രാകൃതികമായ നിയമങ്ങളാണ്. പ്രകൃതിയിലെ എല്ലാ നിയമങ്ങളും ദൈവനിശ്ചയമാണെന്നു പറയാം. എന്നാൽ ഈ നിയമങ്ങളെ കണക്കിലെടുക്കാതെ മലയിടിയുന്നിടത്തുപോയി നിൽക്കുകയോ, വെള്ളത്തിൽ വീഴുകയോ, തീയിൽ വീഴുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ദുരന്തം ഈശ്വരൻ കരുതിക്കൂട്ടി ഉണ്ടാക്കുന്നതല്ല. മലയിടിഞ്ഞുവീണാൽ അതിന്റെ അടിയിൽ പെട്ടുപോകുന്നതും, വെള്ളത്തിൽ വീണാൽ നീന്തൽ അറിയാത്തവർ ശ്വാസം മുട്ടി മരിക്കുന്നതും, അഗ്നിയിൽ വീണാൽ എരിഞ്ഞുപോകുന്നതും പ്രകൃതിയുടെ നിയമങ്ങളാണ്. . പലരും ഇത് മനസ്സിലാക്കുന്നില്ല. ഇത്  മനസ്സിലാക്കാതെയാവാം     മനുഷ്യൻ വരുത്തിക്കൂട്ടുന്നതായ തെറ്റുകൾക്ക് ദൈവത്തെ കുറ്റം പറയുന്നത്.


[നിങ്ങളില് ആര് ഇച്ഛിക്കുന്നുവോ അവര്‍ക്കു നേര്‍മാര്‍ഗം സ്വീകരിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള് ഇച്ഛിക്കുകയില്ല ]

മനുഷ്യന് Free will കൊടുത്തിട്ടുള്ള ദൈവം ഇങ്ങനെയൊരു clause വെച്ചിട്ടുള്ളത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

Wednesday, February 10, 2010

ഹൈ-ടെക് യുഗത്തിലെ “ഹൈക്കോടതി”

വെടി വഴിപാടിനു പകരം ശബ്ദം റെക്കോർഡ് ചെയ്ത് കേൾപ്പിച്ചാൽ മതി എന്ന് ഹൈക്കോടതി പറഞ്ഞതായി ഇന്നത്തെ പത്രവിശേഷത്തിൽ പറയുന്നതു കേട്ടു. (ന്യൂസ് ഇവിടെയും,  ഇവിടെയും ഉണ്ട്.)

എക്സ്പ്ലോസീവ് ആക്റ്റ് അനുസരിച്ച് ലൈസൻസില്ലാത്തവർ കരിമരുന്ന് കൈവശം വെക്കാൻ പാടില്ലെങ്കിൽ അത് തീരുമാനിക്കുകയാണ് കോടതിയുടെ കർത്തവ്യം.

നാനാമതസ്ഥർ പലതരം ആചാരങ്ങൾ കാലാകാലങ്ങളായി അനുഷ്ഠിച്ചുവരുന്ന നമ്മുടെ നാട്ടിൽ, “വെടിവഴിപാടിനു പകരം റെക്കോർഡ് ചെയ്ത ശബ്ദം കേൾപ്പിച്ചാൽ മതിയില്ലേ“ എന്ന അല്പം പരിഹാസം കലർ‌ന്ന ചോദ്യം ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.

ഇക്കാര്യം ചോദ്യം ചെയ്യാൻ ദേവസ്വം ബോർഡൊന്നും വരില്ല; അവർക്ക് അടുത്ത വർഷത്തെ വെട്ടിപ്പിനുള്ള ആസൂത്രണങ്ങൾക്ക് തന്നെ നേരം തികയുന്നില്ലല്ലോ.

5-ആം നൂറ്റാണ്ടിലാണ് ചൈനക്കാർ വെടിമരുന്ന് കണ്ടു പിടിച്ചത്. അത് ഇന്ത്യയിലേക്കെത്തിച്ചത് 13-ആം നൂറ്റാണ്ടിൽ മംഗോളിയരാണ്. പിന്നീട് മുഗളന്മാർ അധിനിവേശത്തിനായി ഉപയോഗിച്ചു. അൿബറിന്റെ കാലത്ത് റോക്കറ്റുകളും മൈനുകളും ഉപയോഗിച്ചിരുന്നതായി പറയുന്നു. യൂറോപ്യന്മാരുടെ കൈകളിൽ ഇത് എത്തിച്ചേർന്നപ്പോൾ അതിന് പുതിയ സംഹാരഭാവം ഉണ്ടായി. വ്യാവസായികമായി കരിമരുന്ന് ഉപയോഗം മനുഷ്യനെ കീഴടക്കുന്നതിനുള്ള എളുപ്പവഴിയായി പരിണമിച്ചു. ആധുനിക വ്യാവസായിക-രാഷ്ട്രീയ അധിനിവേശത്തിന് കരിമരുന്നിന്റെ സംഹാരശക്തി ഉപയോഗപ്പെടുത്തുക വഴി, ലോകത്ത് കോളനിവാഴ്ച ഉറപ്പിക്കാൻ യൂറോപ്യന്മാർക്ക് സാധിച്ചു.

മാർച്ച്‌പാസ്റ്റായാലും, ഓട്ടപ്പന്തയമായാലും, മനുഷ്യനെ സംഹരിക്കാനായിട്ടാണെങ്കിലും fire / start എന്ന ചൊല്ലിലാണ് തുടക്കം. കരിമരുന്നിനെ വ്യാപകമായി ആഘോഷങ്ങളിൽ ഉൾപ്പെടുത്തിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും അത് ആചാരങ്ങളിലും കടന്നുകൂടിയിരിയ്ക്കാം. പൂജകളുടെ തുടക്കവും, ഉത്സവങ്ങളുടെ തുടക്കവും, പ്രാർത്ഥനയുടെ തുടക്കവും അങ്ങിനെ ഒരു വെടിയുടെ അകമ്പടിയോടെ ആയിത്തീർന്നു എന്നുവേണം കരുതാൻ. എന്ത് പറഞ്ഞാലും കേൾക്കാത്ത ദൈവങ്ങളുടെ കാത് തുറപ്പിക്കാൻ വെടിശബ്ദം കൊണ്ട് സാധിക്കും എന്ന് എതെങ്കിലും സരസൻ ഹാസ്യാത്മകമായി പറഞ്ഞിരിക്കാനും സാധ്യതയുണ്ട്. അല്ലാതെ പൂജാവിധികളിലോ ക്ഷേത്രസങ്കല്പങ്ങളിലോ ഈ വെടി എന്ന ആചാരത്തിന് ഒരു പ്രാധാന്യവും ഇല്ല.

എന്തായാലും 15-ആം നൂറ്റാണ്ടിനുശേഷം മാത്രമായിരിക്കും സംഹാരത്തിനുവേണ്ടി മാത്രം ഉപയോഗിച്ചിരുന്ന വെടി (മനഃ)സമാധാനത്തിനുവേണ്ടി അമ്പലങ്ങളിൽ വഴിപാടായി ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് ഊഹിക്കാം. അതുകൊണ്ടു തന്നെ വെടി വഴിപാട് ഒരു പൌരാണിക ഭക്തിമാർഗ്ഗത്തിന്റെ ഭാഗമായിരുന്നിട്ടില്ല എന്നുവേണം കരുതാൻ.

ഇപ്പറഞ്ഞ കാര്യങ്ങളോ, ആചാരാനുഷ്ഠാനങ്ങളുടെ ഉൽഭവകാലങ്ങളെപ്പറ്റിയുള്ള അനുമാനങ്ങളോ ഒന്നും കോടതി നടത്തിയ പരാമർ‌ശത്തിലെ ശരികേടിനെ ഇല്ലാതാക്കുന്നില്ല. ഹൈക്കോടതിയുടെ ഈ പ്രസ്താവന ജുഡീഷ്യറിയുടെ ചട്ടക്കൂടിനു പുറത്താണെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.