[ജ്യോതിഷം – ആചാരവും ആരോഗ്യവും എന്ന പോസ്റ്റിന്റെ തുടർച്ച....]
ഭൌമശാസ്ത്രം, ഗോളശാസ്ത്രം, ജ്യോതിശാസ്ത്രം, പ്രപഞ്ചശാസ്ത്രം എന്നിങ്ങനെ പല വിഭാഗങ്ങളായി വ്യാപിച്ചുകിടക്കുകയാണ് ഇന്ന് നമ്മുടെ ലോകത്തെക്കുറിച്ചുള്ള അന്വേഷണം. പണ്ട് ഇതെല്ലാം ഒരു കുടക്കീഴിലായിരുന്നു എന്നുമാത്രം. ജീവനെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ഭൂമിയിൽ നിന്നും വിട്ട് പ്രപഞ്ചത്തിലെ എല്ലായിടത്തും ഈ ശാസ്ത്രദൃഷ്ടി ചെന്നെത്താൻ കാരണമായിത്തീർന്നത് എന്നുവേണം ഊഹിക്കാൻ.
സൂര്യനും ചന്ദ്രനുമാണ് ഭൂമിയിലെ ജീവിവർഗ്ഗം നിലനിൽക്കാൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ സ്രോതസ്സ്. അതുതന്നെയാവണം ‘പ്രാചീനരായ’ ഋഷിവര്യന്മാരെ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ എന്തു വസ്തുക്കളാണ് ; അവ ജീവജാലങ്ങളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുണ്ട്, അവയിൽ മനുഷ്യൻ തുടങ്ങിയ സൃഷ്ടിജാലങ്ങൾ ഉണ്ടോ എന്നൊക്കെയുള്ള അന്വേഷണത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക.
1969ൽ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയെന്നും ഇല്ലെന്നും അവകാശപ്പെടുന്ന ശാസ്ത്രസമൂഹം അതുകഴിഞ്ഞ് 50 വർഷത്തിനുശേഷമാണ് ചന്ദ്രനിൽ വെള്ളമുണ്ടാകാം എന്നു സ്ഥിരീകരിച്ചത്. പൌരാണിക ഉഢായിപ്പുകൾ എന്തൊക്കെയാണ് ഇക്കാര്യത്തിൽ പറഞ്ഞുവെച്ചിട്ടുള്ളത് എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ജ്യോതിഷഗ്രന്ഥങ്ങളിൽ ചന്ദ്രനിൽ ജലാംശമുണ്ടെന്ന് ചിന്തിക്കാവുന്ന വരികളെക്കുറിച്ച് ഒരു ലേഖനം വന്നപ്പോൾ ഉണ്ടായ പുകിലുകൾ ഇവിടെ വായിക്കാം. ഇവിടെ പറയുന്ന കാര്യങ്ങളെല്ലാം കാവിപ്പടയുടെ ‘എല്ലാം ഞമ്മടെ കിത്താബിലുണ്ട്‘ എന്ന അവകാശമായെങ്കിലും ഈ ബ്ലോഗിൽ കിടക്കട്ടെ. അന്ധവിശ്വാസത്തിന്റെ കൂട്ടത്തിൽ ഇതും കൂടി.
സൂര്യ-ചന്ദ്ര-നക്ഷത്ര ഗോളങ്ങളെയെല്ലാം ലോകങ്ങൾ എന്നാണ് പറയപ്പെടുന്നത്. ഭൂമിയിലെ സകല ജീവജാലങ്ങളും ഉരുണ്ട ആകൃതിയിലുള്ളതാണ് എന്നതിന് തെളിവ് ആവശ്യമില്ലല്ലൊ. (കേന്ദ്രത്തിൽ നിന്നുള്ള റേഡിയസ് തുല്യമല്ല എന്ന ആക്ഷേപം ഉന്നയിക്കില്ല എന്നു വിശ്വസിക്കട്ടെ.) അതുപോലത്തന്നെ പ്രപഞ്ചത്തിലെ സർവ്വവസ്തുക്കളും ഉരുണ്ടതോ, ചുരുങ്ങിയപക്ഷം വൃത്താകൃതിയിലുള്ളതോ ആയിരിക്കും. ബ്രഹ്മാണ്ഡവും ഗോളാകൃതിതന്നെ.
പ്രപഞ്ചത്തിലെ ഗോളങ്ങളിലെല്ലാം മനുഷ്യാദി ജീവികൾ വസിക്കുന്നുണ്ട് എന്നാണ് ശതപഥബ്രാഹ്മണം പറയുന്നത്.
“ഏതേഷു ഹീദങ് സർവം വസു ഹിതമേതേ ഹിങ് സർവം വാസയന്തേ തദ്യാദി ദംങ് സർവം വാസയന്തേ തസ്മാ ദ്വസവ ഇതി”.
പൃഥിവി, ജലം, അഗ്നി, വായു, ആകാശം, ചന്ദ്രൻ, നക്ഷത്രം, സൂര്യൻ എന്നിവയ്ക്ക് വസുക്കൾ എന്നു പേരു വന്നത് അവയിൽ എല്ലാ ചരാചരങ്ങളും വസിക്കുന്നതുകൊണ്ടും അവയെ അവ വസിപ്പിക്കുന്നതുകൊണ്ടും ആണ്. എല്ലാറ്റിന്റെയും വാസഭൂമിയായതുകൊണ്ടാണ് അവയ്ക്ക് വസുക്കൾ എന്നു പേർ വന്നത്. സുര്യനും ചന്ദ്രനും നക്ഷത്രങ്ങളും പൃഥിവിയെപോലെ വസുക്കളാണെങ്കിൽ അവയിലും ജീവജാലങ്ങൾ ഉണ്ടെന്നു പറയുന്നതിൽ എന്തിനു ശങ്കിക്കണം. ഈശ്വരനിർമ്മിതമായ ഈ ചെറിയ ഭൂലോകത്ത് മനുഷ്യാദി സൃഷ്ടിജാലങ്ങളാൽ നിറഞ്ഞിരിക്കെ മറ്റു ലോകങ്ങളെല്ലാം ശൂന്യങ്ങളായിരിക്കുമോ? പ്രപഞ്ചസ്രഷ്ടാവായ ഈശ്വരൻ ഈ ഭൂമിയിലേക്കുമാത്രമായി സൃഷ്ടി നടത്തുന്നുണ്ടെന്നു വിശ്വസിക്കണോ? മറ്റു ലോകലോകാന്തരങ്ങളിൽ മനുഷ്യാദി സൃഷ്ടികളില്ലെങ്കിൽ അവയുടെ പ്രയോജനമെന്താണ്? അതിനാൽ സകല ലോകങ്ങളിലും മാനവാദി സൃഷ്ടികൾ ഉണ്ടാകാം.
എന്നാൽ ആകൃതിഭേദം വരാം. ഭൂമിയിൽ തന്നെ പല രാജ്യങ്ങളിലും ആകൃതിയും നിറവും വ്യത്യസ്തങ്ങളാണ്. ഭൂമിയിൽ മാത്രമാണോ ദൈവം ജീവികളെ സൃഷ്ടിച്ചിട്ടുള്ളത് എന്ന് ചില യുക്തിവാദികളെങ്കിലും ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ അത് ഒരു തർക്കത്തിനുവേണ്ടിയാണ്. മറ്റു ലോകങ്ങളിൽ ജീവികളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയൊന്നും കയ്യിലുണ്ടാവാൻ സാധ്യതയില്ല.
സൃഷ്ടി ലോകാന്തരങ്ങളിൽ മാത്രമല്ല, എല്ലാ കല്പങ്ങളിലും ഒരുപോലത്തന്നെയാണെന്ന് ഋഗ്വേദം സൂചിപ്പിക്കുന്നു.
“സൂര്യാചന്ദ്രമസൌ ധാതാ യഥാ പൂർവമകല്പയത് ദിവം ച പൃതിവീംചാന്തരീക്ഷ മഥോ സ്വഃ”.
സൂര്യൻ, ചന്ദ്രൻ, ആകാശം ഭൂമി, അന്തരീക്ഷം, അവയിലുള്ള സുഖങ്ങൾ, വിശിഷ്ടവസ്തുക്കൾ എന്നിവയെല്ലാം ധാതാവായ ഈശ്വരൻ മുൻകല്പങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നതുപോലെ തന്നെയാണ് ഈ കല്പത്തിലും സൃഷ്ടിച്ചിട്ടുള്ളത്.
ഇത് സാധാരണ എല്ലാവരും കേൾക്കാറുള്ള നവഗ്രഹസ്തോത്രത്തിലെ ചൊവ്വ ഗ്രഹത്തെക്കുറിച്ചുള്ള (MARS) ഒരു ശ്ലോകമാണ്.
“ധരണീ ഗർഭ സംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തി ഹസ്തം തം
മംഗളം പ്രണമാമ്യഹം.”
ഇതിൽ എന്നെ ആകർഷിച്ചത്, ഭൂമിയുടെ ഗർഭത്തിൽ നിന്നും ഉണ്ടായത് എന്ന പ്രയോഗമാണ്. പുത്രൻ എത്ര കുരുത്തംകെട്ടവനായാലും സ്രഷ്ടാക്കളുടെ അല്പം ഗുണം കാണിക്കില്ലെ എന്നൊരു സംശയം ബാക്കി നിൽക്കുന്നു. (MARS നെക്കുറിച്ച് വന്ന ഒരു വാർത്ത)
ആധുനികശാസ്ത്രം ഇന്ന് UFO യെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ അന്ധവിശ്വാസങ്ങൾ!!!!
(തുടരും...) (ശേഷം ഇവിടെ വായിക്കാം.....)
6 comments:
ശാസ്ത്രീയമായ തെളിവുകൾ ഒന്നും ഇല്ല. ചുമ്മാ ഒരു തോന്നൽ.
കൌതുകത്തോടെ വായിച്ചു.
(അത്രക്കുള്ളതല്ലേയുള്ളൂ?)
എല്ലാ ലേഖനങ്ങളും ഒന്നിച്ച് വായിക്കുമ്പോൾ വല്ലതും തലയിൽ കയറുമായിരിക്കും, അല്ലേ?
ഈ തോന്നലുകളെല്ലാം നല്ല അറിവുകൾ തന്നെയാണ് കേട്ടൊ ഭായ്
അദ്വൈതത്തില്‍ ആകര്‍ഷിക്കപ്പെട്ട ഒരുവന് ആണ് ഞാനും ,അതില്‍ ഇപ്പോഴും ഉണ്ടാകുന്ന ഒരു സംശയം താനക്ളുടെ ബ്ലോഗില്‍ നിന്നും ഉണ്ടായി ഒരു ബ്ലോഗില്‍ താനക്ളുടെ കമന്റ് കണ്ടു ഈശ്വരന് സൃഷ്ട്ടിച്ചു എന്നതില്‍ നിന്നും മനുഷ്യന് സൃഷ്ട്ടിച്ചു എന്നാ നിലയില്‍ അറിവ് എത്തി എന്ന് പക്ഷെ ഇവിടെ അങ്ങ് തന്നെ ഇട്ട ഈ വരികള്‍ "സൃഷ്ടി ലോകാന്തരങ്ങളിൽ മാത്രമല്ല, എല്ലാ കല്പങ്ങളിലും ഒരുപോലത്തന്നെയാണെന്ന് ഋഗ്വേദം സൂചിപ്പിക്കുന്നു.
“സൂര്യാചന്ദ്രമസൌ ധാതാ യഥാ പൂർവമകല്പയത് ദിവം ച പൃതിവീംചാന്തരീക്ഷ മഥോ സ്വഃ”.
സൂര്യൻ, ചന്ദ്രൻ, ആകാശം ഭൂമി, അന്തരീക്ഷം, അവയിലുള്ള സുഖങ്ങൾ, വിശിഷ്ടവസ്തുക്കൾ എന്നിവയെല്ലാം ധാതാവായ ഈശ്വരൻ മുൻകല്പങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നതുപോലെ തന്നെയാണ് ഈ കല്പത്തിലും സൃഷ്ടിച്ചിട്ടുള്ളത്" ഒരു ഈശ്വര സൃഷ്ട്ടിയിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്നു ..ഇതില്‍ എന്താണ് ഒരു വൈരുദ്ധ്യം ?
@ ഷിബു ഭാസ്കർ: പ്രകൃതിയിലുള്ള വസ്തുക്കളെല്ലാം എപ്രകരാമാണോ പൂർവ്വകല്പത്തിലുണ്ടായിരുന്നത്, അപ്രകാരംതന്നെ ഈ കല്പത്തിലും നിലനില്ക്കുന്നു. ഇങ്ങനെയെഴുതുമ്പോൾ സംശയം തീരും എന്നു കരുതുന്നു. അദ്ദ്വൈതം എന്നു പറയുമ്പോൾ ‘ഏകം’ എന്ന അർത്ഥം വരുന്നില്ല. രണ്ടല്ലാത്തത് എന്നു മനസ്സിലാക്കണം. നമ്മൾ കാണുന്നതെല്ലാം രണ്ടായിട്ടാണ്. അത് അങ്ങനെയല്ല എന്നുള്ള തിരിച്ചറിവാണ് അദ്ദ്വൈതം എന്നാണ് എന്റെ പരിമിതമായ വായനയിൽ നിന്നും മനസ്സിലായിട്ടുള്ളത്. കർത്താവ്-കർമ്മം-ക്രിയ എന്ന വാചക ഘടനയിൽ കർത്താവിനെ ഒഴിവാക്കാൻ കഴിയാതെ വരുമ്പോൾ അവിടെ (ഈശ്വരനെ) ഉപയോഗിക്കുന്നതുമാകാം. പലരും തെറ്റിദ്ധരിച്ചിട്ടുള്ള ഒരു വാക്ക് പറയാം. ഭ.ഗീ. 4:7,8 എന്നീ ശ്ലോകങ്ങളിലുള്ള വാക്കാണ് “തദാത്മാനം സൃജാമ്യഹം” എന്നും, “സംഭവാമി യുഗേ യുഗേ” എന്നും. ഈ രണ്ടു സ്ഥലത്തും നമ്മൾ മനസ്സിലാക്കുന്നത്, ഭഗവാൻ അവതരിക്കുന്നു എന്നാണ്. ഇവിടെ ഭഗവാൻ എവിടെനിന്നും കുതിരപ്പുറത്ത് വന്ന് അവതരിക്കുന്നില്ല എന്നതാണ് സത്യം.
നന്ദി ...
ഇവടെ ഞാന്‍ അല്ലാതെ ഒന്നും ഇല്ലാതാകുന്നു അല്ലെ ?വേറെ ഉണ്ട് എന്ന് തോന്നുന്നത് മായ .അതിനെ ജ്ഞ്യാനം കൊണ്ട് മറികടക്കണം ..പക്ഷെ ഇവടെ പ്രാര്‍ഥനകള്‍ കൊണ്ട് കാര്യം ഉണ്ടോ ?ചുരുങ്ങിയ പക്ഷേം എന്റെ ശക്തി കൂടാന്‍ എങ്കിലും പ്രാര്‍ത്ഥന സഹായിക്കുമോ?
Post a Comment