[ജ്യോതിശാസ്ത്രം - ഹോളിവുഡും പൌരാണികവും എന്ന പോസ്റ്റിന്റെ തുടർച്ച] -------------------------------
ആധുനിക ജ്യോതിഷവും ഫലപ്രവചനങ്ങളും അതിനോടനുബന്ധിച്ചുള്ള പരിഹാരക്രിയകളും ഭക്തിപ്രസ്ഥാനക്കാരുടെ മോക്ഷപ്രാപ്തിമാർഗ്ഗങ്ങളും നിലനിൽക്കുന്നത് കലിയുഗത്തെ അശുഭയുഗമാക്കി ചിത്രീകരിച്ചുകൊണ്ടാണ്. അതിന് പുരാണങ്ങളും അവയിലെ മോക്ഷമാർഗ്ഗ കഥകളും ഇന്ന് അധർമ്മികൾക്ക് ഉദരപൂരണത്തിന്റെ സുരക്ഷിതമാർഗ്ഗമായിത്തീർന്നിരിക്കുന്നു. ആധുനിക ഭൌതികലോകത്തിന്റെ കണ്ടുപിടുത്തങ്ങളായ ദൃശ്യമാധ്യമങ്ങൾ ഈ ചൂഷണത്തിന് വേണ്ട എല്ലാ സൌകര്യങ്ങളും (സീരിയലുകളായും, ടെലിബ്രാൻഡ് കച്ചവടമായും) നിർലോഭമായി ചെയ്തുകൊടുക്കുന്നുമുണ്ട്.
കലിയുഗത്തെക്കുറിച്ച് എന്താണ് വേദങ്ങളിൽ പറഞ്ഞിട്ടുള്ളത് എന്നു നോക്കാം. ‘യുഗം’ എന്നാൽ രാജാവെന്നാണ് അർത്ഥം. അതിനാൽ ഏതു യുഗത്തിലും ശുഭത്വത്തെയും അശുഭത്വത്തെയും പ്രദാനം ചെയ്യുന്നത് രാജാവിന്റെയും പ്രജകളുടെയും ആചാരഗുണങ്ങളാണ്. ആത്മകാരകനായ സൂര്യനിൽ നിന്നും ജനിച്ചതാണ് സംവത്സരം. അതിനാൽ എല്ലാ സംവത്സരവും ശുഭമാകുന്നു. ഋതുക്കൾ വിഷ്ണുരൂപിയായ സംവത്സരത്തിന്റെ അംഗമാണ്. അതിനാൽതന്നെ അത് ശുഭകാരിണിമാത്രമാണ്. പ്രകാശവും അന്ധകാരവും ശുഭസൂചകങ്ങൾതന്നെ. അതിനാൽ രണ്ട് അയനങ്ങളും ശുഭകാരിയാണ്. രണ്ടു പക്ഷങ്ങളും ശുഭമാണ്. എല്ലാ മാസങ്ങളും ശുഭമാണ്. എല്ലാ ദിവസങ്ങളും ശുഭമാണ്. എന്തിന് അഹോരാത്രത്തെ മുപ്പതായി പകുത്താൽ കിട്ടുന്ന എല്ലാ മുഹൂർത്തങ്ങളും ശുഭമാണ്. (തൈത്തരീയബ്രാഹ്മണം)
ഇത് പറഞ്ഞ വൈദികജ്യോതിഷികളുടെ പിന്മുറക്കാരാണോ നമ്മൾ. വേദങ്ങളിൽ പറയപ്പെടുന്ന നക്ഷത്രങ്ങളിൽ ഒന്നുപോലും അശുഭനക്ഷത്രമല്ല. എല്ലാം ശുഭനക്ഷത്രം തന്നെ. ഈ നക്ഷത്രങ്ങളെ താരകം ദേവഗൃഹം എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ നവീനജ്യോതിഷത്തിൽ ശുഭനക്ഷത്രങ്ങൾക്കൊപ്പം അശുഭനക്ഷത്രവും ഉണ്ട്. ദക്ഷിണയുടെ വലുപ്പത്തിനനുസരിച്ച് നക്ഷത്രങ്ങൾ ശുഭാശുഭങ്ങളായി മാറുന്നു. മുഹൂർത്തത്തിന്റെ കാര്യമാണെങ്കിൽ പറയാതിരിക്കുകയാണ് നല്ലത്. കാരണം, ഏത് ഗണിതപ്രകാരം കണക്ക് കൂട്ടിയാലും പൂർണ്ണമായും നല്ല ഒരു മുഹൂർത്തം കണ്ടെത്താനാവില്ല.
മുഹൂർത്തം നോക്കുന്നതിനെ പരിഹസിച്ചുകൊണ്ട് ഗുരുദേവന്റെ ഒരു സംഭവം ഓർമ്മ വരുന്നു. കൊല്ലവർഷം 1083 കുംഭം ഒന്നാം തിയതി തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞയുടൻ അവിടെയുണ്ടായിരുന്ന ഒരു വേദപണ്ഡിതൻ ഗുരുവിനോടു ചോദിച്ചു; “ഏതു മുഹൂർത്തത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയത്”? മുഹൂർത്തം നോക്കിക്കൊള്ളാൻ ഗുരു മറുപടി കൊടുത്തു. “പ്രതിഷ്ഠ കഴിഞ്ഞാണോ മുഹൂർത്തം നോക്കുന്നത് “ എന്ന് പണ്ഡിതൻ. “മുഹൂർത്തം നോക്കിയല്ലല്ലൊ ജനനം. ജനനം നടന്നിരിക്കുന്നു. ഇനി മുഹൂർത്തവും രാശികളും നോക്കിക്കോളൂ.” ജനന-മരണങ്ങളെപ്പോലെ അത്രയും നിസ്സാരമാണ് മുഹൂർത്തവും എന്ന് ഗുരു നമുക്ക് കാണിച്ചു തരുന്നു.
ഭൌതികജീവിതത്തിന്റെ തിരക്കിനിടയിലും വിവാഹം ഞായറാഴ്ചയിലെ ശുഭമുഹൂർത്തത്തിൽ തന്നെ വേണം എന്നത് നിർബ്ബന്ധമാണ്. ജ്യോത്സ്യൻ എങ്ങനെ നോക്കിയാലും മുഹൂർത്തം ശരിയാവില്ല. അപ്പോൾ പ്രതിവിധി വന്നു. ചടങ്ങ് ഗുരുവായൂരിൽ വെച്ച് നടത്തിയാൽ മുഹൂർത്തം നോക്കണ്ട. ഇതിൽ ദേവസ്വത്തിന് ലഭിക്കുന്നത് വിവാഹത്തിന്റെ ഒരു വഴിപാട് ശീട്ടും പൂജാരിക്കു കൊടുക്കുന്ന ദക്ഷിണയും. പക്ഷെ ഗുരുവായൂരിൽ വലവിരിച്ചിട്ടുള്ള സർവ്വമതസ്ഥരുടെയും ഹോട്ടലുകൾക്കും കല്ല്യാണമണ്ഡപങ്ങൾക്കും ഒഴിവില്ല. ഡോക്ടറും സ്കാൻ സെന്ററും തമ്മിലുള്ള ഇടപാടുപോലത്തന്നെയാണ്, ജ്യോത്സ്യനും ഈ കച്ചവടശൃഘലയും പ്രവർത്തിക്കുന്നത് എന്നു തോന്നും ഈ ഗുരുവായൂരിനെ ഒഴിവുകാണുന്നത് ശ്രദ്ധിച്ചാൽ. എന്നു മുതലാണ് ഗുരുവായൂരിൽ മാത്രം മുഹൂർത്തം നോക്കണ്ട എന്ന ശാസ്ത്രം കണ്ടെത്തിയത് എന്ന് അറിയില്ല.
രസകരമായ വസ്തുത എന്തെന്നാൽ, നവീന ജ്യോതിഷത്തിൽ ഉപയോഗിക്കുന്ന രാശികളെല്ലാം തന്നെ വിദേശികളുടെതാണ്. വാരമെന്ന ‘ആഴ്ച’ വിദേശികളുടെതാണ്. എന്തിന് ‘ഹോര’ എന്ന പദം സംസ്കൃത നിഘണ്ടുവിൽ ഇല്ലാത്ത പദമാണെന്നാണ് പണ്ഡിതാഭിപ്രായം. ഭാരതീയഗണിതം നക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മറിച്ച് ഫലിതജ്യോതിഷം ഹോരയെയും.
ആഴ്ചകൾ പ്രതിനിധീകരിക്കുന്ന സപ്തഗ്രഹങ്ങളെ ഒരു കാല്പനിക ബിന്ദുവിൽ കോർത്തിണക്കിയാണ് സ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. പാശ്ചാത്യരുടെ മതഗ്രന്ഥങ്ങളിലെ സൃഷ്ടിവാദത്തിനനുസരിച്ച് ഏഴാമത്തെ ദിവസം സ്രഷ്ടാവിനും മനുഷ്യനും ക്ഷീണം തീർക്കാൻ ഒരു ഒഴിവുദിനം വേണമല്ലൊ. പാശ്ചാത്യരുടെ വരവോടെ നമ്മൾക്കും ഞായർ വിശ്രമദിനമായി. ഭാരതീയർ മാസവും പക്കവും നക്ഷത്രവും ചേർത്താണ് ദിവസം തീരുമാനിച്ചിരുന്നത്. നമുക്ക് ഇനി കാർത്തികയ്ക്ക് കാണാം, ഏകാദശിക്ക് കാണാം എന്നു പറഞ്ഞാൽ സംശയത്തിനിടമില്ലാതെ എല്ലാവർക്കും മനസ്സിലാകുമായിരുന്നു. പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള വിനിമയങ്ങളിൽ ജ്യോതിഷത്തിന് ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യമുണ്ടായിരുന്നു.
വേദങ്ങളിൽ 12 മാസങ്ങളെക്കുറിച്ചുള്ള വർണ്ണനകളും, വൃത്തത്തിന്റെ 360 അംശങ്ങളും, 27 നക്ഷത്രങ്ങളും അവയെക്കുറിച്ചുള്ള വർണ്ണനകളും കാണാം. പക്ഷെ ഹോരയെന്നോ വാരമെന്നോ രാശിയെന്നോ ഉള്ള പദം അവിടെ കാണാൻ സാധിക്കില്ല. ഈ പദങ്ങളെല്ലാം വിദേശിയുടെ തന്നെയെന്നതിന് വേറെ തെളിവുകളൊന്നും ആവശ്യമില്ല.
ഭാരതീയർ ഒരിക്കലും അറിവ് പുറത്തേതെന്നോ അകത്തേതെന്നോ തരം തിരിക്കാറില്ലായിരുന്നു. പരകീയ അറിവിനെ അവഹേളിച്ചിരുന്നുമില്ല. മറിച്ച് അന്ധകാരയുഗത്തിൽ വിദ്യ ലോപിച്ചപ്പോൾ ശരികളെയും തെറ്റുകളെയും നാം കൂട്ടിച്ചേർത്തു. പ്രാചീന ഋഷിപരമ്പര അറിവ് വേദമായിക്കണ്ട് അതിനെ ഉപാസിച്ചു. വിദേശികൾക്ക് ആ പരമ്പര അവരുടെ രാജ്യങ്ങളിൽ എന്നേ ലോപിച്ചു പോയിരുന്നു. ഭാരതചരിത്രം എത്ര കീറിമുറിച്ച് പരിശോധിച്ചാലും ആക്രമണത്തിനു പോലും പ്രത്യാക്രമണം കണ്ടെത്താൻ ആർക്കും സാധിക്കാത്തതിനു കാരണവും അതാണ്. എല്ലാ ആക്രമണങ്ങളും ഏറ്റുവാങ്ങിയ ലോകമാതാവാണ് നമ്മുടെ ഭാരതം.
(തുടരും…)
2 comments:
“വിവാഹം” നല്ല നേരത്ത് വേണമെന്നില്ല. ചീത്ത നേരത്താകാതിരുന്നാൽ മതി. ഗുരുവായൂരാണെങ്കിൽ മുഹൂർത്തം നോക്കേണ്ടതില്ല.
ഭാരതചരിത്രം എത്ര കീറിമുറിച്ച് പരിശോധിച്ചാലും ആക്രമണത്തിനു പോലും പ്രത്യാക്രമണം കണ്ടെത്താൻ ആർക്കും സാധിക്കാത്തതിനു കാരണവും അതാണ്. എല്ലാ ആക്രമണങ്ങളും ഏറ്റുവാങ്ങിയ ലോകമാതാവാണ് നമ്മുടെ ഭാരതം.
Post a Comment