Wednesday, February 9, 2011

ജ്യോതിഷത്തിന്റെ സാമൂഹിക പ്രസക്തി:

[“ജ്യോതിഷ ഉഢായിപ്പുകൾ വീണ്ടും” എന്ന പോസ്റ്റിന്റെ തുടർച്ച]

വാനനിരീക്ഷണശാസ്ത്രം ഗ്രീക്കിലും ഈജിപ്തിലും ആരംഭിക്കുന്നതിനും എത്രയോ മുമ്പേ ഭാരതത്തിൽ ആരംഭിച്ചു എന്ന് ചില വിദേശീയരെങ്കിലും പറയുന്നുണ്ട്. പക്ഷെ ഉമേഷ്ജി പറയുന്നത്, “ജ്യോതിശാസ്ത്രത്തെ സംബന്ധിച്ചു ലഭ്യമായ ഏറ്റവും പഴയ രേഖകൾ മൊസപ്പൊട്ടേമിയൻ സംസ്കാരത്തിന്റേതാണ് “ എന്നാണ്. ചിലപ്പോൾ ആയിരിക്കാം. പക്ഷെ ഇന്നു നാം കാണുന്ന ഫലിതജ്യോതിഷത്തിന്റെ അവകാശം പാശ്ചാത്യർക്കുള്ളതാണ് എന്നതിൽ തർക്കമൊന്നുമില്ല. ഭാരതത്തിലെ പൌരാണികഗ്രന്ഥങ്ങളുടെ മൂപ്പിളമ പ്രശ്നം തീർപ്പു കല്പിക്കാൻ കഴിയാത്ത ഒരു പ്രഹേളികയാണ്. എല്ലാ ശാസ്ത്രങ്ങളുടെയും മൂലം വേദങ്ങളാണ്‌ എന്ന അടിസ്ഥാന സിദ്ധാന്തമാണ് ഭാരതത്തിലെ ആസ്തിക വിദ്വാന്മാർ അംഗീകരിച്ചിട്ടുള്ളത്‌. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നീ ആറു ശാസ്ത്രവിഭാഗങ്ങളാണ് (വേദാംഗങ്ങൾ) ഭാരതീയർ ലോകത്തിന് നൽകിയത്‌. എല്ലാ വിദ്യയുടെയും വിദ്യകൊണ്ട് അറിയപ്പെടുന്ന പദാർത്ഥങ്ങളുടെയും ആദിമൂലം സർവ്വേശ്വരനാകുന്നു എന്നതാണ് സനാതനമായ വിശ്വാസം.

ഗ്രീക്കുകാർ ഭാരതത്തിൽ കാലുകുത്തിയതിനുശേഷമാണ് ‘ഫലിതജ്യോതിഷം’ ഭാരതത്തിൽ പ്രചരിച്ചത്. അതിനുള്ള തെളിവുകളും ലഭ്യമാണ്. ഭാരതത്തിൽ ജ്യോതിശാസ്ത്രം വികസിച്ചിരുന്നില്ലെന്നും അത് ബാബിലോണിയയിലെ കാലഗണനാ സമ്പ്രദായം ആയിരുന്നെന്നും ഉള്ള പ്രസ്താവനയോട്‌ പൂർണ്ണമായി യോജിക്കാൻ കഴിയുന്നില്ല. പ്രാചീനകാലം മുതൽ വിദേശികൾ ഭാരതത്തിൽ വന്ന് ശാസ്ത്രപഠനം നടത്തിപ്പോന്നിരുന്നു. അന്ന് ഭാരത്തിലുണ്ടായിരുന്ന ജ്യോതിശാസ്ത്രം, അങ്കഗണിതത്തിന്റെയും ബീജഗണിതത്തിന്റെയും ത്രികോണമിതിയുടെയും അടിസ്ഥാനത്തിലുള്ള ഗണിതശാസ്ത്രമായിരുന്നു. ഈ ഗണിതശാസ്ത്രം കൊണ്ട് വിവിധ ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും നിശ്ചിതമായ ദൂരം, ഗതി, സ്ഥാനം എന്നിവയെപ്പറ്റി കൃത്യമായ വിവരങ്ങളും ശേഖരിച്ചിരുന്നു. അതെല്ലാം യജ്ഞയാഗാദി കർമ്മങ്ങൾക്കുപരി ലൌകികവ്യവഹാരങ്ങൾക്കായിരുന്നു കൂടുതലും ഉപയോഗപ്പെട്ടിരുന്നത്. കാലം ദേശം എന്നിവയെപ്പറ്റി കൃത്യതയാർന്ന അറിവ്, ഋതുക്കൾക്ക് അനുസരിച്ച്‌ കൃഷിചെയ്യുവാനുള്ള നിർദ്ദേശങ്ങൾ, മനുഷ്യശരീരത്തിന്റെ വളർച്ച, പുഷ്ടി, ജനനം, ഋതുപരിപാലന രീതികൾ എന്നിവക്കായുള്ള അറിവ്‌, പരദേശത്തേക്ക് യാത്രചെയ്യുന്നവർക്ക് സമയം സ്ഥലം കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള അറിവ്, വൃക്ഷങ്ങളുടെ ദിക്കുകൾ, ഗൃഹനിർമ്മാണത്തിന്റെ കാലവും ദേശവും സംബന്ധിച്ച അറിവ്, ഔഷധികളുടെ നിർമ്മാണത്തിനുവേണ്ടിയുള്ള കാലദേശഋതുവ്യത്യാസങ്ങളെക്കുറിച്ചുള്ള അറിവ് എല്ലാം പൌരാണിക വൈദിക ജ്യോതിശാസ്ത്രത്തിൽ നിന്നും സ്വീകരിച്ചിരുന്നു. ഇന്ന് കാണുന്ന ജ്യോതിഷത്തിന് ഈ പറഞ്ഞ ജ്യോതിശാസ്ത്രവുമായി ഒരു ബന്ധവുമില്ല. ഫലിതജ്യോതിഷം വൈദികജ്യോതിഷവുമായി കൂട്ടിക്കെട്ടിയത്, അതിന്റെ വിപണനസാധ്യതകൾ മനസ്സിലാക്കിയ ആധുനികനാണെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി.

ഏത് ശാസ്ത്രവും പ്രയോഗത്തിലെത്തുമ്പോഴാണ് അത് പൂർണ്ണമാകുന്നത്‌. പ്രയോഗത്തിലാണ് ധർമ്മാധർമ്മങ്ങൾ നിശ്ചയിക്കുന്നതും. ധർമ്മഭൂമിയിൽ ധർമ്മം പ്രയത്നംകൊണ്ട് ലഭിക്കുന്നതും അധർമ്മം യത്നിക്കാതെ ലഭിക്കുന്നതുമാണ്. അധർമ്മത്തിന് നിലനിൽക്കാൻ ധർമ്മവ്യവസ്ഥയോടൊപ്പം അധർമ്മവ്യവസ്ഥയും ആവശ്യമാണ്. ആധുനികശാസ്ത്രലോകത്തിന്റെ കണ്ടുപിടുത്തങ്ങളും ഈ വ്യവസ്ഥക്ക് വിധേയമാണ്. ലോകത്തെമുഴുവൻ നിരവധി തവണ സംഹരിക്കാൻ ശേഷിയുള്ള ബോംബറിവുകൾ (ബുഷിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ “the weapons of mass destruction”) ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയപ്രശ്നമാണ്.  ഇത് ഇറാക്കിൽ മാത്രം  ഒതുക്കി നിർത്താവുന്ന പ്രശ്നമല്ല.     അണുബോംബ് നിർമ്മിക്കാൻ ഉപയോഗിച്ചതിലധികം ബുദ്ധി പ്രയോഗിച്ചാൽ മാത്രമെ അത് അധർമ്മികളുടെ കൈകളിൽ എത്താതിരിക്കൂ. ഒരു വിമാനം നിർമ്മിക്കാൻ ഉപയോഗിച്ചതിലും എത്രയോ കുറവ് അറിവ് മതി അത് തകർത്തുകളയാൻ. ഈ വിഷയങ്ങൾ എങ്ങനെ ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാവും എല്ലാവരും ചിന്തിക്കുന്നത്. അധർമ്മത്തിന്റെ നിലനില്പ് ധർമ്മത്തിനെ ചൂഷണം ചെയ്തുകൊണ്ടാണ്. ധർമ്മിഷ്ഠന്റെ അറിവും സാമഗ്രികളുമാണ് അധർമ്മി സ്വായത്തമാക്കുന്നത്. . ലോകത്തിലെ ഏത് അധർമ്മിയും ധർമ്മിഷ്ഠന്റെ പ്രവർത്തനരാഹിത്യത്തെയും ദോഷങ്ങളെയും ചൂണ്ടിക്കാട്ടിക്കൊണ്ടാവും ആദ്യം രംഗത്തെത്തുക. ഭാരതത്തിലെ പ്രാചീനജ്യോതിശാസ്ത്രവും ഇന്ന്‌ ഈ അധർമ്മികളുടെ കൈകളിലാണ്. നവീനജ്യോതിഷം എന്ന ‘ഫലിതജ്യോതിഷം’ നിലനിൽക്കുന്നത്‌ തന്ത്രയന്ത്രപൂജകളിലാണ്. അതിനുവേണ്ട രഹസ്യ കൂട്ടുകെട്ടുകൾ ജ്യോത്സ്യനും മന്ത്രവാദിയും തമ്മിൽ ഉണ്ടായിരിക്കും.

(തുടരും)
[ശേഷം ഇവിടെ തുടരുന്നു]

3 comments:

പാര്‍ത്ഥന്‍ said...

ധർമ്മഭൂമിയിൽ ധർമ്മം പ്രയത്നംകൊണ്ട് ലഭിക്കുന്നതും അധർമ്മം യത്നിക്കാതെ ലഭിക്കുന്നതുമാണ്. അധർമ്മത്തിന് നിലനിൽക്കാൻ ധർമ്മവ്യവസ്ഥയോടൊപ്പം അധർമ്മവ്യവസ്ഥയും ആവശ്യമാണ്. ആധുനികശാസ്ത്രലോകത്തിന്റെ കണ്ടുപിടുത്തങ്ങളും ഈ വ്യവസ്ഥക്ക് വിധേയമാണ്. ലോകത്തെമുഴുവൻ നിരവധി തവണ സംഹരിക്കാൻ ശേഷിയുള്ള ബോംബറിവുകൾ (ബുഷിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ “the weapons of mass destruction”) ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയപ്രശ്നമാണ്.

sujith said...

:)

അപ്പൊകലിപ്തോ said...

അധർമ്മം = the weapons of mass destruction ???

ഹ ഹ ഹ.. ഹൊ.. ഹൊ ഹൊ .. പടകാളി ചങ്കിരി പോക്കിരി മാക്കിരി ..
(അങ്ങനെയാണെന്നു തോന്നുന്നു ആപാട്ട്‌.. )