Wednesday, February 10, 2010

ഹൈ-ടെക് യുഗത്തിലെ “ഹൈക്കോടതി”

വെടി വഴിപാടിനു പകരം ശബ്ദം റെക്കോർഡ് ചെയ്ത് കേൾപ്പിച്ചാൽ മതി എന്ന് ഹൈക്കോടതി പറഞ്ഞതായി ഇന്നത്തെ പത്രവിശേഷത്തിൽ പറയുന്നതു കേട്ടു. (ന്യൂസ് ഇവിടെയും,  ഇവിടെയും ഉണ്ട്.)

എക്സ്പ്ലോസീവ് ആക്റ്റ് അനുസരിച്ച് ലൈസൻസില്ലാത്തവർ കരിമരുന്ന് കൈവശം വെക്കാൻ പാടില്ലെങ്കിൽ അത് തീരുമാനിക്കുകയാണ് കോടതിയുടെ കർത്തവ്യം.

നാനാമതസ്ഥർ പലതരം ആചാരങ്ങൾ കാലാകാലങ്ങളായി അനുഷ്ഠിച്ചുവരുന്ന നമ്മുടെ നാട്ടിൽ, “വെടിവഴിപാടിനു പകരം റെക്കോർഡ് ചെയ്ത ശബ്ദം കേൾപ്പിച്ചാൽ മതിയില്ലേ“ എന്ന അല്പം പരിഹാസം കലർ‌ന്ന ചോദ്യം ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.

ഇക്കാര്യം ചോദ്യം ചെയ്യാൻ ദേവസ്വം ബോർഡൊന്നും വരില്ല; അവർക്ക് അടുത്ത വർഷത്തെ വെട്ടിപ്പിനുള്ള ആസൂത്രണങ്ങൾക്ക് തന്നെ നേരം തികയുന്നില്ലല്ലോ.

5-ആം നൂറ്റാണ്ടിലാണ് ചൈനക്കാർ വെടിമരുന്ന് കണ്ടു പിടിച്ചത്. അത് ഇന്ത്യയിലേക്കെത്തിച്ചത് 13-ആം നൂറ്റാണ്ടിൽ മംഗോളിയരാണ്. പിന്നീട് മുഗളന്മാർ അധിനിവേശത്തിനായി ഉപയോഗിച്ചു. അൿബറിന്റെ കാലത്ത് റോക്കറ്റുകളും മൈനുകളും ഉപയോഗിച്ചിരുന്നതായി പറയുന്നു. യൂറോപ്യന്മാരുടെ കൈകളിൽ ഇത് എത്തിച്ചേർന്നപ്പോൾ അതിന് പുതിയ സംഹാരഭാവം ഉണ്ടായി. വ്യാവസായികമായി കരിമരുന്ന് ഉപയോഗം മനുഷ്യനെ കീഴടക്കുന്നതിനുള്ള എളുപ്പവഴിയായി പരിണമിച്ചു. ആധുനിക വ്യാവസായിക-രാഷ്ട്രീയ അധിനിവേശത്തിന് കരിമരുന്നിന്റെ സംഹാരശക്തി ഉപയോഗപ്പെടുത്തുക വഴി, ലോകത്ത് കോളനിവാഴ്ച ഉറപ്പിക്കാൻ യൂറോപ്യന്മാർക്ക് സാധിച്ചു.

മാർച്ച്‌പാസ്റ്റായാലും, ഓട്ടപ്പന്തയമായാലും, മനുഷ്യനെ സംഹരിക്കാനായിട്ടാണെങ്കിലും fire / start എന്ന ചൊല്ലിലാണ് തുടക്കം. കരിമരുന്നിനെ വ്യാപകമായി ആഘോഷങ്ങളിൽ ഉൾപ്പെടുത്തിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും അത് ആചാരങ്ങളിലും കടന്നുകൂടിയിരിയ്ക്കാം. പൂജകളുടെ തുടക്കവും, ഉത്സവങ്ങളുടെ തുടക്കവും, പ്രാർത്ഥനയുടെ തുടക്കവും അങ്ങിനെ ഒരു വെടിയുടെ അകമ്പടിയോടെ ആയിത്തീർന്നു എന്നുവേണം കരുതാൻ. എന്ത് പറഞ്ഞാലും കേൾക്കാത്ത ദൈവങ്ങളുടെ കാത് തുറപ്പിക്കാൻ വെടിശബ്ദം കൊണ്ട് സാധിക്കും എന്ന് എതെങ്കിലും സരസൻ ഹാസ്യാത്മകമായി പറഞ്ഞിരിക്കാനും സാധ്യതയുണ്ട്. അല്ലാതെ പൂജാവിധികളിലോ ക്ഷേത്രസങ്കല്പങ്ങളിലോ ഈ വെടി എന്ന ആചാരത്തിന് ഒരു പ്രാധാന്യവും ഇല്ല.

എന്തായാലും 15-ആം നൂറ്റാണ്ടിനുശേഷം മാത്രമായിരിക്കും സംഹാരത്തിനുവേണ്ടി മാത്രം ഉപയോഗിച്ചിരുന്ന വെടി (മനഃ)സമാധാനത്തിനുവേണ്ടി അമ്പലങ്ങളിൽ വഴിപാടായി ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് ഊഹിക്കാം. അതുകൊണ്ടു തന്നെ വെടി വഴിപാട് ഒരു പൌരാണിക ഭക്തിമാർഗ്ഗത്തിന്റെ ഭാഗമായിരുന്നിട്ടില്ല എന്നുവേണം കരുതാൻ.

ഇപ്പറഞ്ഞ കാര്യങ്ങളോ, ആചാരാനുഷ്ഠാനങ്ങളുടെ ഉൽഭവകാലങ്ങളെപ്പറ്റിയുള്ള അനുമാനങ്ങളോ ഒന്നും കോടതി നടത്തിയ പരാമർ‌ശത്തിലെ ശരികേടിനെ ഇല്ലാതാക്കുന്നില്ല. ഹൈക്കോടതിയുടെ ഈ പ്രസ്താവന ജുഡീഷ്യറിയുടെ ചട്ടക്കൂടിനു പുറത്താണെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

13 comments:

പാര്‍ത്ഥന്‍ said...

വിളിച്ചു ചൊല്ലാതെ വെടി വഴിപാട് നടത്താൻ പറ്റ്വോ ?

വിളിച്ചു ചൊല്ലാതെ വഴിപാട് നടത്ത്യാൽ ഫലം ണ്ടാവില്ല.

ഉം, ഉം,….. പറഞ്ഞോ പറഞ്ഞോ.

ഒരു ചെറിയ വെടി.

ചാണക്യന്‍ said...

കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമൺ പ്രതിമകൾക്ക് മുന്നിൽ എന്ത് വെടി എന്ത് വഴിപാട്...:):):)

എന്നാലും ഇരിക്കട്ടെ എന്റെ വഹ രണ്ട് വല്യ വെടി....:):)

റ്റോംസ് കോനുമഠം said...

പാര്‍ത്ഥാ
എല്ലാറ്റിനുമപ്പോള്‍ ശബ്ദം മതീല്ലോ..?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വലിയ വെടി രണ്ട്.... ചെറിയ വെടി രണ്ട്....

ശബ്ദം മാത്രം മതീട്ടാ... ;)

അനില്‍ശ്രീ... said...

180 ഡെസിബെലിനു മുകളില്‍ ഉള്ള ശബ്ദം ചെവികള്‍ക്കു പ്രശ്നം ഉണ്ടാക്കും എന്ന് അറിയാമല്ലോ. ക്ഷേത്രങ്ങള്‍ക്ക് അടുത്തുള്ള വീട്ടില്‍ ഉള്ള ഒരു ചെറിയ കുഞ്ഞിന് അത് എത്ര മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടാകും എന്ന് ആലോചിച്ചിട്ടുണ്ടോ? അതൊക്കെയേ കോടതിയുടെ ചിന്തയില്‍ ഉണ്ടായി കാണൂ എന്ന് കരുതിയാല്‍ മതി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനില്‍ശ്രീ 180 വരെ ഒന്നും പോകണ്ടാ 140 ല്‍ വച്ചു തന്നെ കര്‍ണ്ണ പുടം (ear drum) ഠിം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

At 140 Decibels, one is allowed to work where less than 100 impacts only are present in a working environment.

Above that or at more numberof impacts ear drums are likely to burst

ശ്രീ (sreyas.in) said...

ഇക്കാര്യത്തില്‍ ഈയുള്ളവന്‍ കോടതിയുടെ കൂടെയാണ്. കോടതി പരിഹാസ്യത്തോടെയാണോ അങ്ങനെ ചോദിച്ചത് എന്നറിയില്ല, അങ്ങനെയാണെങ്കില്‍, അത് അവരുടെ വിവരക്കേട്.

എന്തിനു വെടിവഴിപാട്? എന്തിനു ഹോണ്‍ കെട്ടിവച്ചു അഖണ്ഡനാമജപകോലാഹലം?

വെടി വഴിപാടിന് പല ന്യായീകരണം കണ്ടെത്താം. ഒന്ന്, പണ്ടൊക്കെ, ക്ഷേത്രത്തിലെ ഓരോ പരിപാടികള്‍ തുടങ്ങുന്നതിനുമുമ്പേ കരക്കാരെ അറിയിക്കാന്‍ വെടി വയ്ക്കുന്നത് നല്ലതാണ്, മോഴ്സ്കോഡ് പോലെ. ഇപ്പോള്‍ ഉച്ചഭാഷിണി അനാവശ്യമായിപ്പോലും ഉപയോഗിക്കുമ്പോള്‍ ഈ വെടിക്ക് പ്രസക്തിയില്ല.

മറ്റൊരു വാദം, അതിലെ സള്‍ഫര്‍ അന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്നോ മറ്റോ എവിടെയോ കേട്ടു. ശരി, അങ്ങനെയാകട്ടെ. പക്ഷെ, അതിനു രാവിലെയും വൈകിട്ടും ഒരു പത്തു സെക്കന്റ് എല്ലാ വെടി വഴിപാടുകളും ചേര്‍ത്തു നടത്താമല്ലോ. എന്നിട്ട് ആ പുക ശേഖരിച്ചു ചെറിയ ഡപ്പികളിലാക്കി പുക പ്രസാദമാക്കി വില്‍ക്കാം.

ഓരോരുത്തരും ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നതിനുമുമ്പേ അവര്‍ വഴിപാടുനേര്‍ന്ന വെടി കേള്‍ക്കണം എന്ന് കരുതുന്നതാണ് കഷ്ടം. കല്ലായ, കരിങ്കല്ലുഹൃദയമുള്ള, അല്ലെങ്കില്‍ ധ്യാനത്തിലിരിക്കുന്ന 'ഈശ്വരനെ' വിളിച്ചുണര്‍ത്തി അവനവന്റെ ആഗ്രഹങ്ങള്‍ പറയാന്‍ എന്ന് കരുതിയാണ് പലരും ഇക്കാലത്ത് വെടി വഴിപാട് നടത്തുന്നത്! കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

ഈ വെടിയെല്ലാം അവനവന്റെ മനസ്സിലേക്ക് വച്ചിരുന്നെങ്കില്‍, മനസ്സ് തുറന്നു, അമിത ആഗ്രഹങ്ങള്‍ വെടിഞ്ഞ്, എല്ലാവരും ശാന്തരായേനെ പലപ്പോഴും തോന്നിപ്പോകുന്നു..

ആചാരങ്ങള്‍ ഓരോ കാലഘട്ടത്തില്‍ അന്നത്തെ സാമോഹിക സാങ്കേതിക കഴിവനുസരിച്ചുണ്ടായവയാണ്. അതിനാല്‍ ആചാരങ്ങള്‍ മാറേണ്ടതുമാണ്. അങ്ങനെ മാറിയില്ലെങ്കില്‍, ഇന്നലത്തെ ചില ആചാരങ്ങള്‍ ഇന്നത്തെ അനാചാരമാകാം. ആചാരങ്ങള്‍ ഈശ്വരനു വേണ്ടിയോ ഈശ്വരനെ അറിയാന്‍ വേണ്ടിയോ അല്ല എന്ന് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.

പാര്‍ത്ഥന്‍ said...

(വായിച്ച് അഭിപ്രായം പറഞ്ഞവർക്കെല്ലാം നന്ദി>)

ലോകത്തിലെല്ലായിടത്തും കരിമരുന്നു പ്രകടനങ്ങൾ (fire works) ഉണ്ട്. ശബ്ദം നിയന്ത്രിതമാണെങ്കിൽ മനസ്സിന് ആനന്ദപ്രദമാണ്. എന്നുവച്ച് അത് ദേവന്റെ അഭിഷ്ടപ്രകാരമാണെന്നു പറഞ്ഞാൽ ശുദ്ധ വങ്കത്തരമാകും.

അമ്പലങ്ങളിലെ തീവ്രശബ്ദം പുറപ്പെടുന്ന കോലാഹലവും, ആനയെഴുന്നള്ളിപ്പും നിർത്തലാക്കേണ്ട സമയം അതിക്രമിച്ചു എന്നുതന്നെയാണ് എന്റെയും അഭിപ്രായം.

വെടിയുടെ ശബ്ദം സ്പീക്കറിലൂടെ കേൾപിച്ചാൽ മതിയോ എന്ന ചോദ്യം,വെടിയുടെ ശബ്ദാഘാതം കുറക്കുക എന്ന ലക്ഷ്യത്തെ സാധൂകരിക്കുന്നില്ല. നിർത്തലാക്കേണ്ടത് നിർത്തലാക്കുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യണം.

കാക്കര - kaakkara said...

വെടി വഴിപാട്‌ അവസാനിപ്പിക്കണം എന്ന്‌ പറഞ്ഞിരുന്നുവെങ്ങിൽ, നമ്മുക്ക്‌ അതിന്റെ അടിസ്ഥാനത്തെ പറ്റി ചിന്തിക്കാം. പക്ഷെ ഇവിടെ കോടതി ചോദിച്ചത്‌ വെടിശബ്ദം റിക്കാർഡ്‌ ചെയ്യുന്ന സൂത്രത്തെപറ്റിയാണ്‌!

വിശക്കുന്നവർക്ക്‌ മട്ടൻ ബിരിയാണിയുടെ ഫോട്ടൊ മതിയോ?

ഓഫ്‌
ഷക്കീലയുടെ ഫോട്ടൊ മതിയല്ലേ?

santhosh said...

ചിലദൈവങ്ങള്‍‌ വെടിപൊട്ടിച്ചാലേ ‘മൈന്റു’ചെയ്യു.അപ്പോള്‍‌ വെടിപൊട്ടിക്കാതെന്തുചെയ്യും.കൌണ്ടറില്‍‌ കാശടച്ച് കേള്‍‌ക്കുന്ന വെടി തന്റേതാണന്ന് എണ്ണിതിട്ട പെടുത്തി പോവുന്ന പാവങ്ങളെ പറ്റിയ്ക്കാനുള്ള കരാറുകാരുടെ നേരെയാണല്ലോ,കോടതിയുടെ ചോദ്യം നീളുന്നത്.

jayarajmurukkumpuzha said...

assalayi..... abhinandhanangal..............

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>വെടിയുടെ ശബ്ദം സ്പീക്കറിലൂടെ കേൾപിച്ചാൽ മതിയോ എന്ന ചോദ്യം,വെടിയുടെ ശബ്ദാഘാതം കുറക്കുക എന്ന ലക്ഷ്യത്തെ സാധൂകരിക്കുന്നില്ല. നിർത്തലാക്കേണ്ടത് നിർത്തലാക്കുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യണം. <


ശരിയാണ്.