മലയാള മനോരമ ഓൺലൈൻ ന്യൂസ് വായിക്കുമ്പോൾ പി.എ.ബക്കറിനെക്കുറിച്ച് എൻ.ജയചന്ദ്രൻ തയ്യാറാക്കിയ ഒരു ലേഖനത്തിലേയ്ക്ക് ഞാനറിയാതെ മൌസ് നീങ്ങി. സിനിമാലോകവും സുഹൃത്തുക്കളും സൗകര്യപൂർവ്വം മറന്നുപോയ ആ പ്രതിഭയെക്കുറിച്ച് ജീവിതസഖി അല്ലിയുടെ ഓർമ്മക്കുറിപ്പ് വായിച്ചപ്പോൾ, ബക്കർജി പറഞ്ഞിരുന്ന ചില നേരമ്പോക്കുകൾ മനസിലുടെ കടന്നുപോയി.
ജോൺ എബ്രഹാം കഴിഞ്ഞാൽ മലയാളസിനിമാലോകത്തെ വിപ്ലവകാരി പി.എ.ബക്കർ ആണെന്നതിൽ സിനിമയെക്കുറിച്ചറിയുന്നവർക്ക് സംശയമുണ്ടാവില്ല. ഓളവും തീരവും ആണ് മുഴുവനായും പുറംലോക ചിത്രീകരണത്തിലൂടെ ജനങ്ങളിലേക്കെത്തിയ ആദ്യ മലയാള ചിത്രം. സിനിമാലോകത്ത് ഇത്രയധികം ഹൈന്ദവരാജാക്കന്മാരുണ്ടായിട്ടും, ശ്രീനാരായണഗുരുദേവനെക്കുറിച്ച് ഒരു സിനിമ നിർമ്മിച്ചത് ബക്കർജിയായിരുന്നു. അടിച്ചമർത്തപ്പെട്ടിരുന്ന ഒരു വിഭാഗം ജനങ്ങളെ ആത്മീയമായും സാമൂഹികമായും ഉയർത്തിക്കൊണ്ടുവരാൻ ഗാന്ധിജിയ്ക്കും മുൻപേ പ്രയത്നിച്ചിരുന്ന ഒരു സാമൂഹികപരിഷ്കർത്താവാണ് ഗുരുദേവൻ എന്നൊക്കെ വടക്കൻ ലോബിയെ പറഞ്ഞു മനസ്സിലാക്കാൻ പ്രേംനസീറിനു കഴിഞ്ഞതുകൊണ്ടാണ് ആ പടത്തിന് കേന്ദ്ര സർക്കാരിന്റെ അവാർഡ് ലഭിച്ചത്.
'കബനീ നദി ചുവന്നപ്പോൾ' എന്ന സിനിമയ്ക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചപ്പോൾ, 'വിപ്ലവകാരികളെ പോലീസ് വെടിവെച്ചുകൊല്ലുമെന്ന ഒരു പാഠം ഈ സിനിമയിലുണ്ട്', അതുകൊണ്ട് ഈ സിനിമയ്ക്ക് അവാർഡ് കൊടുത്തത് വളരെ നന്നായി എന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ ചിരിച്ചുകൊണ്ട് അഭിപ്രായം പറഞ്ഞത്.
ഒരിക്കൽ, 'കബനീ നദി ചുവന്നപ്പോൾ' എന്ന സിനിമയുടെ ഒരു പ്രദർശനം ബാംഗ്ലൂരിൽ വെച്ച് നടത്തിയതിനുശേഷം, നിർമ്മാതാവും, സംവിധായകനും (പവിത്രനും, ബക്കർജിയും) അതിൽ പങ്കെടുത്ത് മറ്റു സുഹൃത്തുക്കളുമായി തിരിച്ചു വരികയായിരുന്നു. വിപ്ലവകാരികളുടെ തമാശയും പാട്ടും നടക്കുന്നതിനിടയിൽ എങ്ങിനെയോ അത് അയ്യപ്പസ്തുതിഗീതങ്ങളിലേയ്ക്ക് കടന്നു. അത് അയ്യപ്പചരിതത്തെ കളിയാക്കുന്ന രീതിയിലുള്ള ചില മുദ്രാവാക്യം വിളികളായിമാറിയപ്പോൾ, വാൻ ഓടിച്ചിരുന്ന ഡ്രൈവർ, "വിശ്വാസമില്ലെങ്കിലും ഇങ്ങനെ കളിയാക്കണ്ടട്ടാ" എന്നു പറഞ്ഞു. ആ സമയം വാഹനം കേരളത്തിന്റെ വനാതിർത്തിയിലേയ്ക്കു കടന്നിരുന്നു. അൽപ നിമിഷങ്ങൾക്കുള്ളിൽ ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തി. “എന്താ“, എന്ന് ഒരു ശരണം വിളി പോലെ, എല്ലാവരും ഒരുമിച്ച് ചോദിച്ചു. ഡ്രൈവർ ഒന്നും മിണ്ടുന്നില്ല. വിപ്ലവകാരികൾ റോഡിലേക്കൊന്ന് എത്തി നോക്കി. അതാ റോഡിനു നടുവിൽ ഒരു പുലി ഇവരെത്തന്നെ കാത്തു നിന്നപോലെ വഴി തടഞ്ഞു നിൽകുന്നു. ആർക്കും ഒന്നും മിണ്ടാൻ കഴിയുന്നില്ല. പുലി സാവധാനം വണ്ടിയുടെ അടുത്തേയ്ക്കു നടന്നു നീങ്ങി. എല്ലാവരും വണ്ടിയുടെ സൈഡിലെ ചില്ലുകൾ കയറ്റി. പുലി വണ്ടിയുടെ ചുറ്റും ഒന്നു വലംവെച്ചു. സാവധാനം കാട്ടിലേയ്ക്ക് തിരിച്ചു നടന്നു. അതിനുശേഷം താഴ്വാരത്ത് എത്തി ഒരു കട്ടൻചായക്ക് ഓർഡർ കൊടുക്കുന്നതുവരെ ആരും ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. ഈ സംഭവത്തിനുശേഷം വിപ്ലവകാരിയായിരുന്ന പവിത്രൻ (സിനിമാ സംവിധായകൻ) ശബരിമലയ്ക്ക് പോകാൻ വ്രതമെടുത്ത് മാലയിട്ടു. സ്വാഭാവികമാണെന്നു തോന്നാവുന്ന ഈ കാര്യത്തിൽ അയ്യപ്പന്റെ പങ്ക് എന്താണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല എന്ന് ബക്കർജി പറയുമായിരുന്നു.
13 comments:
ഭൌതികവാദികളും വിപ്ലവകാരികളും, കർപ്പൂരം കത്തിക്കുന്ന ദിവ്യാത്ഭുതം കണ്ട് നിർവൃതികൊള്ളാൻ ഇപ്പോഴും ശബരിമലയ്ക്കു പോകുന്നുണ്ടെങ്കിൽ, ആ കാനനകാന്തികവലയത്തിൽ നിന്നും എന്തോ ഒരു ആത്മസംതൃപ്തി കോടിക്കണക്കിനു ഭക്തർക്ക് ലഭിക്കുന്നുണ്ടാവില്ലേ.
പവിത്രന്റെയും ജോണിന്റെയും കഥകൾ എന്നും തേടിനടന്ന ഒരാളായിട്ടും ഈ കഥ ഇപ്പോഴാ കേൾക്കുന്നത്,പാർത്ഥൻ.
നന്ദിയുണ്ട്.
ഈ കഥ ആദ്യമായാണ് കേള്‍ക്കുന്നത്. പങ്കു വച്ചതിനു നന്ദി മാഷേ.
വിശ്വാസമില്ലെങ്കില്‍ വേണ്ട, കളിയാക്കാതിരുന്നു കൂടേ എന്ന ഡ്രൈവറുടെ ചോദ്യം പ്രസക്തം.
മലയാളികള്‍ മറന്ന പി ഏ ബക്കറിന്റെ കഥ ഏറെ ഇഷ്ടമായി.പാര്ത്ഥന് ലൈറ്റ് എന്ന പേരായിരുന്നു യോജിച്ചത്.
"വിശ്വാസമില്ലെങ്കിലും ഇങ്ങനെ കളിയാക്കണ്ടട്ടാ"
;-))
പ്രസക്തമാണ്...വിശ്വാസമില്ലെങ്കിലും കളിയാക്കാതിരിക്കാന്‍ കഴിയുക,
എന്നുള്ളത്........... നന്ദി, നല്ല കുറിപ്പിന്...
ഒരു പുലിയെ ഞാനും പ്രതീക്ഷിയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി...
ഇനി അങ്ങനെയൊന്നിനെ കണ്ടാല്‍ പോലും ഞാന്‍ ശബരിമലയ്ക്ക് പോകില്ല.. ഹോ യെന്നാ തിരക്കാ മാഷെ.. ഇവിടേ മുംബൈയില്‍ ഒരു അയ്യപ്പ ടെമ്പിളുണ്ട്... ഇവിടെത്തെ വിശ്വാസികളായ മലയാളികള്‍ മാലയിടാനും വൈകിട്ടത്തെ പൂജയ്ക്കും മറ്റും മാത്രമേ അവിടേ പോകാറുള്ളൂ... പള്ളിക്കെട്ടും തേങ്ങയടിയും അരവണയും ഒന്നും ഇവിടേ ഇല്ല.. അത്രയ്ക്കും “ശക്തി” എന്തോ ഇവിടത്തെ അയ്യപ്പനായിട്ടില്ല... അതു പോലെ തന്നെ ആണ് എന്റെ ഓഫീസിനടുത്തുള്ള സിദ്ധിവിനായക ടെമ്പിള്‍.. ഭയങ്കര തിരക്കാ... ഒട്ടുമിക്ക സിനിമാതാരങ്ങളേയും ഇതിന്റെ പടിയ്ക്കല്‍ സാധാരണ ജനങ്ങളേപോലെ കാണാം... പലരും കേസ് സംബന്ധമായ കാര്യങ്ങള്‍ വരുമ്പോള്‍ ഉടനടി എത്തുന്ന ഇടം.. ഭയങ്കര ശക്തിയാണത്രെ... ഇന്നു പോയാ നാളെ കാര്യം ഓകെ.. ഇമ്മീഡിയറ്റ് ഇഫക്റ്റ്! പക്ഷെ രസകരം ഇതല്ല.. ഇവിടന്ന് കുറച്ചൂടേ പോയാല്‍, 300 ലധികം വര്‍ഷം പഴക്കമുള്ള ഒരു സിദ്ധിവിനായക ടെമ്പിളുണ്ട്.. അവിടെ ഒട്ടും തിരക്കില്ല.. ആരും പോകാറുമില്ല, ആയതിനാല്‍ തന്നെ മുഴുത്ത, സ്വാദുള്ള ലഡുവും മറ്റും പ്രസാദമായി നല്‍കാനും കൊടിമരം മുഴുവന്‍ സ്വര്‍ണ്ണം പൊതിയാനും മറ്റുമുള്ള “ശക്തി “ അവിടേത്തെ വിനായകനില്ല... തന്നെയുമല്ല കാര്യസാധ്യവും ഉണ്ടാവാന്‍ തരമില്ല.. അങനെയെങ്കില് ആള് തിരക്ക് കാണേണ്ടതല്ലേ ! തൂണിലും തുരുമ്പിലും ഭഗവാനുള്ളപ്പോള്‍ ഇത്രയും ദൂരം വൃതശുദ്ധിയോടെ കിട്ടാത്ത ലീവുമെടുത്ത് മലയ്ക്കം മറ്റും പോകുന്നതെന്തിനാവോ? അതിനിടയില്‍ ഉണ്ടാകുന്ന പല ആക്സിഡന്റല്‍ ഡേത്തുകളും ഉണ്ടാകാനുള്ള കാരണം ശരിയായ വൃതശുദ്ധി അല്ലെന്ന് കേള്‍ക്കുന്നതാണ് കൂടുതല്‍ ഖേദകരം, ..
ഞങ്ങളുടേ ഇളയമ്മയുടേ കുട്ടികള്‍ ഇത്തവണ മലയ്ക്ക് പോകാന്‍ വൃതം എടുത്തു.. 40 ആം ദിവസം തറവാട്ടിലെ ഏതോ ഒരു ബന്ധു, അപസ്മാരം വന്ന് പാടത്ത് വീണുകിടന്നു മരിച്ചു.. പോകാന്‍ പറ്റിയില്ല... അതോടേ പുല തുടങ്ങിയതിനാലും, ഇവരുടേ തറവാട്ടമ്പലത്തില്‍ വിളക്കു കൊളുത്താത്തതിനാലും മലക്ക് പോകാന്‍ പറ്റിയില്ല...
ഈയിടേ ഇളയമ്മ പറയുന്ന കേട്ടു.. കുട്ടികള്‍ മലയ്ക്ക് കുളിച്ചതിനു ശേഷം, ഒരു ദിവസം ഫ്രിഡ്ജ് തുറന്നപ്പോള്‍ അതില്‍ മലക്ക് കുളിയ്ക്കുന്നതിനു മുന്ന് എടുത്തുവച്ചിരുന്ന കുറച്ച് മീനുണ്ടായിരുന്നത്രെ!! ഒരു പക്ഷെ, അതായിരിയ്ക്കും പിന്നീടവര്‍ക്ക് പോകാന്‍ പറ്റാതായത്!!...
ഒക്കെ അവനവന്റെ ഉള്ളിലെ വിശ്വാസങ്ങള്‍..
എന്ത് എങ്ങനെ ഒക്കെ വായിച്ചാലും കേട്ടാലും ഒക്കെ തന്നോട് തന്നെ ചോദിച്ച് തിട്ടപ്പെടുത്തുക.. അത്രന്നെ!
ഞാന്‍ എല്ലാ വര്‍ഷവും ശബരിമലക്കു പോകാറുണ്ട്, പക്ഷെ പുലിയൊന്നും വന്നിട്ടില്ല. ഒരിക്കല്‍ ചിന്നാറില്വച്ചു കാറിനു മുന്നില്‍ ഒരു പുലിചാടി.
:)
കഥക്കു നന്ദി.
പാര്‍ത്ഥേട്ടാ, കേട്ടിട്ടിലാഞ്ഞ ഒരു കഥയും വ്യക്തിത്വവും. നന്ദി.
ബക്കര്‍ ആരാധകനായിട്ടും ഇങ്ങനെ ഒരു എപ്പിസോഡ് അറിഞ്ഞിരുന്നില്ല..
നമുക്ക് വ്യാഖാനിക്കാനാവാത്ത എത്രയെത്ര അദ്ധ്യായങ്ങള്‍..
ഭക്തി വഴി കിട്ടുന്ന ഒരു കോണ്‍ഫിഡന്‍സുണ്ട്. അതിലാണ് കാര്യങ്ങള്‍ കിടക്കുന്നത്. അത് കിട്ടുന്നിടത്ത് പോകാം.
കഥ കേട്ടിരുന്നില്ല. അയ്യപ്പസ്വാമിയാണ് പുലിയായി വന്നത് എന്ന് വിചാരിച്ചാണ് അപ്പോള്‍ ആള് അയ്യപ്പഭക്തനായത് ല്ലേ? മിടുക്കന്!
തികച്ചും രസകരമായിരിക്കുന്നു. പവിത്രനും ബക്കറും, ജോണും, എല്ലാം മലയാളിയുടെ സര്‍ഗ്ഗശേഷിയുടെ പ്രതീകങ്ങളായിരുന്നു. എനിക്ക് ആരാധ്യരും. ഈ കഥ പരിചപ്പെടുത്തിയ പാര്‍ഥനു നന്ദി.
ഭക്തി വിശ്വാസാധിഷ്ഠിതമായ ഒരു തോന്നലാണ്. ആര്‍ക്കു ആ തോന്നലുണ്ടാകുന്നുവോ അവര്‍ ഭക്തര്‍. ദൈവത്തെ പോറ്റുന്നവരില്‍ മാത്രമാണു നമുക്കു ആ വിശ്വാസം നഷ്ടപ്പെട്ടിട്ടുള്ളത്. ഈ പോറ്റുന്നവരുടെ മുന്നില്‍ ഒരു പുലി എന്നു വരുമോ? അവര്‍ക്കു ചുറ്റും ചില്ലുകള്‍ ഉയരുന്നുണ്ടെങ്കിലും ഒരു കല്ലു അതിനുനേരെയും വീഴാതിരിക്കുമോ? വീഴും.വീഴാതിരിക്കില്ല.
പവിത്രന്റെ ജീവിതദര്‍ശനത്തിനു മാറ്റം വരുത്തിയ സംഭവം അറിയിച്ചതില്‍ സന്തൊഷം
ചില ദിവ്യാത്ഭുങ്ങളുടെ യുക്തിയേക്കാള്‍ സംതൃപ്തി അവയിലെ നിര്‍വൃതിക്കു തന്നെ
Post a Comment