[“ജ്യോതിഷത്തിന്റെ സാമൂഹിക പ്രസക്തി” എന്ന പോസ്റ്റിന്റെ തുടർച്ച]
ഇന്ന് നമ്മൾ കാണുന്ന ജ്യോതിഷം വൈദിക ജ്യോതിഷത്തിന്റെയും വരത്തന്മാരുടെ ഫലിതജ്യോതിഷത്തിന്റെയും ഒരു സങ്കലനമാണ്. പക്ഷെ ഈ കൂടിച്ചേരൽ ഫലിതജ്യോതിഷത്തിന് മറ്റുള്ള രാജ്യങ്ങളെക്കാൾ ഭാരതത്തിൽ വളരാനുള്ള സാധ്യത ഉണ്ടായി എന്ന് നിസ്സംശയം പറയാം. എന്തെല്ലാം ചൂഷണങ്ങൾ ഉണ്ടെങ്കിലും ജ്യോതിഷത്തിന്റെ ചില സാമൂഹികമായ ഗുണങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. പണ്ടുകാലത്തെ സാമൂഹിക ജീവിതത്തിൽ വിശ്വാസങ്ങളുടെയും വിജ്ഞാനങ്ങളുടെയും സിരാകേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങൾ. കേരളീയരുടെ ഇടയിൽ മാത്രമല്ല, ഭാരതത്തിൽ ഒട്ടുക്കും പല ഔഷധസസ്യങ്ങളും മതവിശ്വാസങ്ങളോടും ആചാരങ്ങളോടും ബന്ധപ്പെട്ട് ആദരിക്കപ്പെടുന്നു. അത് നിത്യജീവിതത്തിൽ ശീലിക്കുന്നവർക്ക് ആരോഗ്യവും രോഗപ്രതിരോധവും വർദ്ധിപ്പിക്കുന്നു. ഉദാഹരണത്തിന് : ചന്ദനം, തുളസി, ദശപുഷ്പം, കൂവളം, തെച്ചി തുടങ്ങിയവ ഉപയോഗിക്കുന്നത് ആചാരങ്ങളുടെയും ദിനചര്യകളുടെയും ഭാഗമാണ്.
വീടിനുചുറ്റും സുലഭമായി ലഭിക്കുന്ന ചെടികൾ ഉപയോഗിച്ചുള്ള ഗൃഹവൈദ്യം ആരെയും പരിചയപ്പെടുത്തേണ്ടതില്ലല്ലോ. ‘കോൾഡ്’ (നാടൻ ഭാഷയിൽ പറയുന്ന നീരിളക്കം ) സുഖപ്പെടണമെങ്കിൽ, ആധുനിക മരുന്നുകൾ കഴിച്ചാലും ഇല്ലെങ്കിലും 7 ദിവസം വേണം. വീട്ടിൽ ഉണ്ടാക്കുന്ന ‘ഹെർബൽ റ്റീ’ (ചുക്കു കാപ്പി എന്നു മലയാളത്തിൽ) രണ്ടു ദിവസം കഴിച്ചാൽ ഏതു കോൾഡും മാറിക്കിട്ടും.
വേദാംഗങ്ങളിലെ ചക്ഷുസായ ജ്യോതിഷവും ഉപവേദങ്ങളിലെ ആയുർവ്വേദവും സാധാരണ ജനങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടു തന്നെ ജനങ്ങളുടെ ആരോഗ്യപരവും സാമൂഹികവുമായ വളർച്ചയിൽ ഈ രണ്ടു ശാസ്ത്രശാഖകളും ഒരുപോലെ പ്രാധാന്യമർഹിക്കുന്നുണ്ട്. പണ്ടുകാലത്തെ നാട്ടുവൈദ്യന്മാർ ജ്യോതിഷത്തിലും പ്രാഗത്ഭ്യം നേടിയവരായിരുന്നു. പക്ഷെ അത് ഇന്നു കാണുന്ന ഫലപ്രവചനത്തിനുവേണ്ടിയായിരുന്നില്ല. ഋതുക്കളെക്കുറിച്ചും സൂര്യചന്ദ്രരാശികളെക്കുറിച്ചും അവയ്ക്ക് സസ്യലതാതികളിലുള്ള സ്വാധീനവും അതുമൂലമുണ്ടാകുന്ന ഗുണദോഷങ്ങൾ മനസ്സിലാക്കാനും ആയിരുന്നു ജ്യോതിശാസ്ത്രം ഉപയോഗപ്പെടുത്തിയിരുന്നത്. പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യശരീരത്തിലെ ത്രിദോഷങ്ങൾക്ക് ഒരേ ഔഷധം തന്നെ കാലദേശങ്ങൾക്കനുസരിച്ച് ഫലവ്യത്യാസങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കുന്നതിനും പൌരാണിക ജ്യോതിഷം ഒരു ശാസ്ത്രമായിത്തന്നെ നിലനിന്നിരുന്നു.
ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ആദ്യ വിവരണം നമുക്ക് ലഭ്യമാകുന്നത് ഋഗ്വേദത്തിലാണ്. 107 തരം ഔഷധ സസ്യങ്ങളെക്കുറിച്ച് ഇതിൽ പരാമർശിക്കുന്നുണ്ട്. അഥർവ്വവേദത്തിൽ 289 ഇനം ഔഷധ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. ആയുർവ്വേദ സംഹിതകളായ ചരക-ശുശ്രുത-അഷ്ടാംഗഹൃദയങ്ങളിലായി 750- ഓളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഉണ്ട്.
ജ്യോതിശാസ്ത്രപ്രകാരം ഓരോ ജന്മനക്ഷത്രത്തിനും ഓരോ വൃക്ഷമുണ്ട്. ഓരോ നക്ഷത്രക്കാരും അവരവരുടെ വൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്നത് ഐശ്വര്യപ്രദമാണെന്നു കരുതുന്നു.
നക്ഷത്രങ്ങളും അവയുടെ മൃഗം പക്ഷി വൃക്ഷം എന്നിവയും തഴെ കൊടുത്തിരിക്കുന്നു.
1 | അശ്വതി | കുതിര | പുള്ള് | കാഞ്ഞിരം |
2 | ഭരണി | ആന | “ | നെല്ലി |
3 | കാർത്തിക | ആട് | “ | അത്തി |
4 | രോഹിണി | നല്പാമ്പ് | “ | ഞാവൽ |
5 | മകയിര്യം | പാമ്പ് | “ | കരിങ്ങാലി |
6 | തിരുവാതിര | ശ്വാവ് | ചെമ്പോത്ത് | കരിമരം |
7 | പുണർതം | പൂചച | “ | മുള |
8 | പൂയം | ആട് | “ | അരയാൽ |
9 | ആയില്യം | കരിമ്പൂച്ച | “ | നാരകം |
10 | മകം | എലി | “ | പേരാൽ |
11 | പൂരം | ചുണ്ടെലി | “ | പ്ലാശ് |
12 | ഉത്രം | ഒട്ടകം | കാകൻ | ഇത്തി |
13 | അത്തം | പോത്ത് | “ | അമ്പഴം |
14 | ചിത്തിര | ആൾപ്പുലി | “ | കൂവളം |
15 | ചോതി | പോത്ത് | “ | നീർമരുത് |
16 | വിശാഖം | സിംഹം | “ | വയ്യംകൈത |
17 | അനിഴം | മാൻ | “ | ഇലഞ്ഞി |
18 | തൃക്കേട്ട | കേഴമാൻ | കോഴി | വെട്ടി |
19 | മൂലം | ശ്വാവ് | “ | പൈൻ |
20 | പൂരാടം | കുരങ്ങ് | “ | വഞ്ചി |
21 | ഉത്രാടം | കാള | “ | പ്ലാവ് |
22 | തിരുവോണം | കുരങ്ങ് | “ | എരിക്ക് |
23 | അവിട്ടം | നല്ലാള് | മയിൽ | വഹ്നി |
24 | ചതയം | കുതിര | “ | കടമ്പ് |
25 | പൂരോരുട്ടാതി | നരൻ | “ | തേന്മാവ് |
26 | ഉതൃട്ടാതി | പശു | “ | കരിമ്പന |
27 | രേവതി | ആന | “ | ഇരിപ്പ |
മുകളിൽ കൊടുത്തിരിക്കുന്ന ജന്മനാളുകളെ സ്വാധീനിക്കുന്ന വൃക്ഷം, പക്ഷി, മൃഗങ്ങളിൽ ഓരോ നാളുകൾക്കും പറഞ്ഞിരിക്കുന്ന വൃക്ഷത്തെ സംരക്ഷിക്കുകയും പക്ഷിമൃഗാദികളെ കൊല്ലാതിരിക്കുകയും ചെയ്യുന്നത് ആ വ്യക്തിക്ക് നന്മകൾ പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. (ഇതിൽ പറഞ്ഞിരിക്കുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ - നല്പാമ്പ്, ആൾപുലി, നല്ലാള്, നരൻ - എന്നിവ എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. കൂടുതൽ അറിയാവുന്നവർ വിശദമാക്കുമല്ലൊ.) നന്മകൾ ലഭിക്കും എന്നത് ഒരു അന്ധവിശ്വാസമായി കണക്കാക്കിയാൽ തന്നെയും ഈ വിശ്വാസത്തിൽ വളരുന്ന ഒരു സമൂഹത്തിൽ ഈ പറയുന്ന ജനുസുകളിൽ പെട്ട -വൃക്ഷ-പക്ഷിമൃഗാദികൾ ഉന്മൂലനാശം സംഭവിക്കാതെ ലോകത്ത് നിലനിൽക്കാനെങ്കിലും ഈ ആചാരം വഴിയൊരുക്കുന്നുണ്ടെങ്കിൽ ഈ അന്ധവിശ്വാസത്തെ നിലനിർത്തേണ്ടതാണ്. ഇവിടെ 27 വൃക്ഷങ്ങളും 21 മൃഗങ്ങളും 5 പക്ഷികളും മാത്രമാണ് നക്ഷത്രങ്ങളുടെ കീഴിൽ വരുന്നത്. ആ കാര്യത്തിൽ എനിക്ക് അല്പം പ്രതിഷേധമുണ്ട്. ഓരോ നക്ഷത്രത്തിനും പ്രത്യേകം പ്രത്യേകം പക്ഷിമൃഗാദികൾ (27 എണ്ണം വീതം) വേണമായിരുന്നു. അങ്ങിനെ അത്രയും ജീവികൾക്ക് ഒരു അന്ധവിശ്വാസത്തിന്റെ ലേബലിലാണെങ്കിൽപ്പോലും ഈ ലോകത്ത് മനുഷ്യന്റെ ആഹാരമാകാതെ ജീവിക്കാൻ അവസരം ലഭിക്കുമായിരുന്നു.
കഴിഞ്ഞവർഷാന്ത ഒഴിവുദിനങ്ങളിൽ നാട്ടിൽ വെച്ച് ചികിത്സയുമായി ബന്ധപ്പെട്ട് ഒരു ആയുർവ്വേദ ഡോക്ടർ പറഞ്ഞത് അല്പം കൌതുകമുണർത്തി. ഓരോ അസുഖങ്ങൾക്കുമുള്ള മരുന്നുകൾ ഉല്പാദിപ്പിക്കാൻ (ആയുർവ്വേദവും ആധുനിക മരുന്നുകളും) തിരഞ്ഞെടുക്കുന്ന സസ്യങ്ങൾ പ്രതിനിധീകരിക്കുന്ന നാളുകളിൽ ജനിച്ച വ്യക്തികൾക്ക് ആ മരുന്നുകൾ പ്രയോഗിക്കേണ്ടിവരുന്ന രോഗങ്ങൾ വരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല എന്നാണ്, ചില പരീക്ഷണങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. നാളുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഒരു വ്യക്തിക്ക് രോഗം വരാനുള്ള സാധ്യതകൾ നിർണ്ണയിക്കുന്നത്. ആ വ്യക്തി ജനിക്കുമ്പോഴുള്ള ഗ്രഹനിലയും സ്വാധീനിക്കുന്നുണ്ട്. ഇവിടെ നാളുകൾ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വൃക്ഷങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത് എന്നതുകൊണ്ടാവണം അത്തരത്തിലുള്ള ഒരു പഠനം നടന്നത്.ചില ചെടികളും ആ ചെടികളുടെ ശാസ്ത്രനാമവും അതിൽ നിന്നെടുക്കുന്ന മരുന്നുകളും രോഗവും എഴുതിവെച്ചത് ശ്രദ്ധിക്കുക. ഈ ചെടികൾ ഓരോന്നും തിരഞ്ഞെടുത്തിട്ടുള്ളത് യാദൃശ്ചികമായല്ല. ശാസ്ത്രീയമായ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ തന്നെയാണെന്ന് ഊഹിക്കാം.
(തുടരും) (ശേഷം ഇവിടെ തുടരുന്നു.)