[“ഗുരുവായൂരും മുഹൂർത്തവും” എന്ന പോസ്റ്റിന്റെ തുടർച്ച....] -----------------------------------
അയ്യായിരം കൊല്ലം മുമ്പ് കലിയുഗാരംഭത്തോടെ ഭാരതം അതിന്റെ അധഃപതനയാത്ര ആരംഭിച്ചു. അറിവ് അന്യാധീനമാവുകയും അറിവിന്റെ ലോകം വികലമായിത്തുടങ്ങുകയും ചെയ്തു. ആദ്യം അത് രണ്ടായി പിളർന്നു. കർമ്മകാണ്ഡവും, ജ്ഞാനകാണ്ഡവും. ഒന്ന് മറ്റൊന്നിനെക്കാൾ മഹത്വമാർന്നത് എന്ന രീതിയിലുള്ള കലഹം; തുടർന്ന് അന്യോന്യം നിഷേധമായി മാറി. ഈ രണ്ടു വിജ്ഞാനശാഖകളെയും സമന്വയിപ്പിക്കാൻ, മഹാഭാരതത്തിൽ യോഗേശ്വരനായ ശ്രീകൃഷ്ണനിലൂടെ വ്യാസൻ ശ്രമിക്കുന്നുണ്ട്. പക്ഷെ മഹാഭാരതയുദ്ധത്തിനുശേഷം, വർണ്ണസങ്കരം സംസ്കാരത്തെ ക്ഷയിപ്പിക്കും എന്ന അർജ്ജുനന്റെ ഭീതി സത്യമായി ഭവിച്ചു. വേദനഷ്ടം അവതാരംകൊണ്ട് ഇല്ലാതാക്കാം എന്ന കണ്ടുപിടുത്തം പുരാണരചയിതാക്കളുടെ പകൽക്കിനാവായിരുന്നു. ഇന്നത്തെ പുരാണകഥകളിൽ വിഷ്ണുവിന് വേദം വീണ്ടെടുക്കേണ്ടി വന്നതും ആ ക്ലിഷ്ടസന്ധിയിലാണ്.
മനുഷ്യശരീരത്തിലെ അംഗങ്ങളുമായുള്ള താരതമ്യത്തിൽ ഋഷി കല്പശാസ്ത്രത്തെ കൈകളായും ജ്യോതിഷത്തെ കണ്ണുകളായും (പാണിനി) പറഞ്ഞിരിക്കുന്നു. (ഹസ്തൈ കല്പോ f ഥ പഠ്യതേ ... ) (…ജ്യോതിഷാമയനം ചക്ഷുഃ )
ജ്യോതിശാസ്ത്രവും കല്പശാസ്ത്രവും വേദാംഗമാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലൊരിടത്തും ജ്യോതിഷം വിഷയമാകുന്നില്ല. ആധുനിക ഉദരപൂരണജ്യോതിഷികൾ ഈ ശാസ്ത്രങ്ങളെ സംയോജിപ്പിച്ച് ഒരു പുഷ്പാലംകൃതസിംഹാസനത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഒന്നാണ് ‘ഭാവിപ്രവചനജ്യോതിഷം’. ഈ ജ്യോതിഷത്തിന് വൈദികജ്യോതിഷവുമായി പുലബന്ധം പോലുമില്ല. യാഗയജ്ഞാദികളിൽ വൈദിക ജ്യോതിശാസ്ത്രം കാലനിർണ്ണയത്തിന് ഉപയോഗിക്കാറുണ്ടായിരുന്നു. അതാകട്ടെ നക്ഷത്രവും തീയതിയും മാസവും ഋതുവും സംവത്സരവും കണക്കാക്കുന്നതിന് സഹായകമാകുന്ന കാലാന്തരശാസ്ത്രസംബന്ധിയാണ്.
ജ്യോതിഷവിദ്യയുടെ ജനനി വേദമാണ്. വേദം എന്നാൽ ഋക്ക്, യജുസ്സ്, സാമം, അഥർവം എന്നി മന്ത്രസംഹിതകൾതന്നെ. ഋഗ്വേദാരംഭത്തിൽതന്നെ ഒന്നാം മണ്ഡലത്തിൽ 164-ആം സൂക്തം അറിയപ്പെടുന്നത് അസ്യമാവീയം എന്നാണ്. അസ്യമാവീയത്തിൽ കാണുന്ന സൂര്യദേവനും പുരാണങ്ങളിൽ കാണുന്ന സൂര്യദേവനും സമാനതകളുണ്ട്, ഒപ്പം സംസ്കാരഭേദവുമുണ്ട്.
വേദം പറയുന്നു : അല്ലയോ സൂര്യദേവാ അങ്ങയുടെ രഥചക്രത്തിൽ പന്ത്രണ്ട് ആരക്കാലുകൾ കാണുന്നു. ആ രഥചക്രം നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്നു. അത് ജീർണ്ണതയോ മരണമോ വരിക്കുന്നില്ല. മറിച്ച് അമൃതാത്മാക്കളായി 720 പുത്രന്മാരെ ജനിപ്പിക്കുന്നു. (ചാന്ദ്രവർഷത്തിലെ 360 ദിനവും 360 രാത്രിയും.) ഈ വേദമന്ത്രമാണ് സൂര്യദേവന് പന്ത്രണ്ട് പത്നിമാരിൽ 720 പുത്രന്മാരെ സൃഷ്ടിച്ചു നൽകാൻ പൌരാണികരെ പ്രേരിപ്പിച്ചത്.
ഋഗ്വേദത്തിലെ അസ്യമാവീയത്തിനു പുറമെ, യജുർവേദത്തിലെ 17, 18 അദ്ധ്യായങ്ങൾ, സാമവേദത്തിലെ ഉത്തരാർച്ചികത്തിലെ 6-ആം അദ്ധ്യായം, അഥർവത്തിലെ 19-ആം കാണ്ഡത്തിലെ 7, 8 സൂക്തങ്ങൾ എന്നിവ ജ്യോതിഷ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ഈ വേദമന്ത്രങ്ങളിൽ 27 നക്ഷത്രങ്ങളെപ്പറ്റിയും പറയുന്നുണ്ട്. ജ്യോതിഷത്തെ കാലവിധാനശാസ്ത്രം എന്നും ഋഷിമാർ വിളിച്ചിരുന്നു. ഇന്ന് നമുക്ക് ലഭിക്കുന്ന ജ്യോതിഷഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാചീനമെന്നു പണ്ഡിതന്മാർ പറയുന്നത്, ‘ലഗധ മുനി’യാൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷമെന്ന 60 ശ്ലോകങ്ങളുള്ള വളരെ ചെറിയ ഒരു ഗ്രന്ഥമാണ്. അതിൽ ഇങ്ങനെ പറയുന്നു: “യഥാ ശിഖാമയൂരാണാം നാഗാനാം മണയോ യഥാ. തദ് വദ് വേദാംഗശാസ്ത്രാണാം ഗണിതം മൂർധിനിസ്ഥിതമ്”. (മയിലുകളുടെ സൌന്ദര്യശോഭ എങ്ങനെയാണോ അവയുടെ ശിഖ വർദ്ധിപ്പിക്കുന്നത്, നാഗങ്ങളുടെ ഫണം എങ്ങനെ അവയെ സൌന്ദര്യമുള്ളതാക്കുന്നുവോ അതുപോലെ വേദാംഗശാസ്ത്രങ്ങളിൽ ഗണിതം സുശോഭിതമായി നിലകൊള്ളുന്നു.) ഋഗ്വേദത്തിൽ 12 മാസങ്ങളെപറ്റി പറയുന്ന മന്ത്രത്തിൽ തന്നെ 13-ആമനായി അധിമാസത്തെയും പരാമർശിക്കുന്നുണ്ട്. സ്പഷ്ടമായി ഈ പരാമർശം ചാന്ദ്രമാസകലാന്തരവും, സൌരവർഷകാലാന്തരവും പ്രകടമാക്കുന്നതാണ്. യജുർവേദത്തിൽ ‘അംഹസസ്പതി‘ എന്ന് ഈ 13 കാരനെ വിളിക്കുന്നു. ഋതുക്കളെ ശരിയായി ഗണിച്ച് കണ്ടുപിടിക്കുവാൻ അധിമാസകണക്കിനേ സാധിക്കു എന്നു തൈത്തരീയ സംഹിതയിലും പറയുന്നു.
വേദങ്ങളിലെ മാസങ്ങളുടെ പേരുകൾ എങ്ങിനെയായിരുന്നു എന്നു നോക്കാം.
ഋതുക്കൾ | വേദങ്ങളിലെ മാസങ്ങൾ | ശകവർഷ മാസങ്ങൾ | ക്രിസ്ത്വബ്ദ മാസങ്ങൾ |
1)വസന്തം | മധു - മാധവ | ചൈത്രം - വൈശാഖം | ഏപ്രിൽ - മെയ് |
2)ഗ്രീഷ്മം | ശുക്ര - ശുചി | ജ്യേഷ്ഠം - ആഷാഢം | ജൂൺ - ജൂലൈ |
3)വർഷം | നഭസ് - നഭസ്യ | ശ്രാവണ - ഭദ്രപദ | ആഗസ്റ്റ് – സെപ്തംബർ |
4)ശരത് | ഇഷ – ഊർജ് | ആശ്വിന – കാർതിക | ഒക്ടോബർ - നവംബർ |
5)ഹേമന്തം | സഹസ് - സഹസ്യ | ആഗ്രഹായണ - പൌഷ | ഡിസംബർ - ജനവരി |
6)ശിശിരം | തപസ് - തപസ്യ | മാഘ – ഫൽഗുന | ഫിബ്രവരി – മാർച്ച് |
മാസങ്ങളുടെ പേരുകളിൽ തന്നെ ഈ മാറ്റം പ്രകടമാകുമ്പോൾ വൈദികജ്യോതിശാസ്ത്രം എത്രമാത്രം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടായിരിക്കും എന്നു ചിന്തിക്കാവുന്നതേയുള്ളൂ. വൈദികജ്യോതിഷത്തിന് ഏതെല്ലാം രീതിയിൽ അപഭ്രംശം സംഭവിച്ചിട്ടുണ്ട് എന്ന് പരിശോധിക്കുന്നതാണ് എല്ലാം ഉഢായിപ്പാണെന്ന് കണ്ണടച്ച് വിശ്വസിക്കുന്നതിനേക്കാൾ അഭികാമ്യം എന്നു തോന്നുന്നു.
ജ്യോതിശാസ്ത്രത്തിന്റെ പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന നാടായിരുന്നു ഭാരതം. എത്രയോ മഹാരഥന്മാർ ഇവിടെ വന്ന് ശാസ്ത്രപഠനം നടത്തിപ്പോയിരിക്കുന്നു. ശാസ്ത്രങ്ങളിലെ മയൂരശിഖയായിരുന്ന ഗണിതശാസ്ത്രത്തിന്റെ സമ്പന്നതയായിരുന്നു അതിനു കാരണമായിരുന്നത്. ഭാരതം എല്ലാംകൊണ്ടും സമ്പന്നമാണെന്ന വിദേശികളുടെ അഭിപ്രായമായിരിക്കണം യവനസാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി നിശ്ചയിക്കുന്നതിന് അലക്സാണ്ടർ ഭാരതത്തിലേക്ക് പടനയിച്ചത്.
ബി.സി. 500 നു മുമ്പ് സൈറസും ദാരിയൂസും ഭാരതത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശം ആക്രമിച്ചെങ്കിലും അവർക്ക് ഭാരതത്തിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞില്ല. പക്ഷെ അത് അലക്സാണ്ടറുടെ അധിനിവേശം എളുപ്പമാക്കി. മഹാഭാരതയുദ്ധത്തിനുശേഷം സംഭവിച്ച സാംസ്കാരിക അധഃപതനം യുദ്ധതന്ത്രങ്ങളിൽ പോലും വലിയ മാറ്റം സൃഷ്ടിച്ചു. ആനയും കുതിരയും ആരാധനയുടെ ബിംബങ്ങളായപ്പോൾ യുദ്ധക്കളത്തിൽ നിന്നും അവ യാഗശാലയിലേക്ക് പ്രവേശിച്ചു. ഇക്കാരണത്താൽ യുദ്ധത്തിനുപയോഗിച്ച ആനകളെ വിരട്ടിയോടിക്കാൻ കഴിഞ്ഞതാണ് അലക്സാണ്ടർക്ക് (326 ബി.സി.) പൌരവനെ പരാജയപ്പെടുത്താൻ കഴിഞ്ഞത്. അലക്സാണ്ടർപോലും ഭയപ്പെട്ടിരുന്ന നന്ദരാജവംശം പൌരവന്റെ പരാജയം ആസ്വദിക്കാൻ നിഷ്ക്രിയതയിലൂടെ രാജ്യത്തിനെ വിദേശിക്കടിമയാക്കുകയായിരുന്നു. നന്ദരാജവംശത്തിന്റെ ജാരസന്തതികൾ ഇന്നും ഭാരതഹൃദയത്തെ വേദനിപ്പിക്കുന്നുണ്ട്.
അലക്സാണ്ടറുടെ അധിനിവേശം ഭൂപ്രദേശത്തെ മാത്രമല്ല കീഴ്പ്പെടുത്തിയത്. സാംസ്ക്കാരത്തെയും മാറ്റിമറിക്കാൻ അവർക്കു കഴിഞ്ഞു. അലക്സാണ്ടർക്കുശേഷം യവനജ്യോതിഷം കാശിവരെയെത്തി വൈദികജ്യോതിഷത്തെയും ആക്രമിച്ചു കീഴ്പ്പെടുത്തി. (കാശിയാണ് അന്നും ഇന്നും ജ്യോതിഷ പണ്ഡിതന്മാരുടെ കേന്ദ്രം.) യവനനുശേഷം ഹൂണന്മാരും, മംഗോളിയരും, മുഗളന്മാരും, പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ബ്രിട്ടിഷുകാരും ഭാരതത്തെ കീഴ്പ്പെടുത്തി അധികാരം സ്ഥാപിച്ചു. 1947ൽ ബ്രിട്ടീഷുകാർ ഭാരതം വിടുമ്പോൾ ജീവനില്ലാത്ത വെട്ടിമുറിക്കപ്പെട്ട ഭാരതത്തിന് നഷ്ടമായത് 33 ശതമാനം ഭൂപ്രദേശം മാത്രമല്ല, സാംസ്കാരിക പൈതൃകം കൂടിയാണ്.
(തുടരും….)