വെടി വഴിപാടിനു പകരം ശബ്ദം റെക്കോർഡ് ചെയ്ത് കേൾപ്പിച്ചാൽ മതി എന്ന് ഹൈക്കോടതി പറഞ്ഞതായി ഇന്നത്തെ പത്രവിശേഷത്തിൽ പറയുന്നതു കേട്ടു. (ന്യൂസ് ഇവിടെയും, ഇവിടെയും ഉണ്ട്.)
എക്സ്പ്ലോസീവ് ആക്റ്റ് അനുസരിച്ച് ലൈസൻസില്ലാത്തവർ കരിമരുന്ന് കൈവശം വെക്കാൻ പാടില്ലെങ്കിൽ അത് തീരുമാനിക്കുകയാണ് കോടതിയുടെ കർത്തവ്യം.
നാനാമതസ്ഥർ പലതരം ആചാരങ്ങൾ കാലാകാലങ്ങളായി അനുഷ്ഠിച്ചുവരുന്ന നമ്മുടെ നാട്ടിൽ, “വെടിവഴിപാടിനു പകരം റെക്കോർഡ് ചെയ്ത ശബ്ദം കേൾപ്പിച്ചാൽ മതിയില്ലേ“ എന്ന അല്പം പരിഹാസം കലർന്ന ചോദ്യം ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.
ഇക്കാര്യം ചോദ്യം ചെയ്യാൻ ദേവസ്വം ബോർഡൊന്നും വരില്ല; അവർക്ക് അടുത്ത വർഷത്തെ വെട്ടിപ്പിനുള്ള ആസൂത്രണങ്ങൾക്ക് തന്നെ നേരം തികയുന്നില്ലല്ലോ.
5-ആം നൂറ്റാണ്ടിലാണ് ചൈനക്കാർ വെടിമരുന്ന് കണ്ടു പിടിച്ചത്. അത് ഇന്ത്യയിലേക്കെത്തിച്ചത് 13-ആം നൂറ്റാണ്ടിൽ മംഗോളിയരാണ്. പിന്നീട് മുഗളന്മാർ അധിനിവേശത്തിനായി ഉപയോഗിച്ചു. അൿബറിന്റെ കാലത്ത് റോക്കറ്റുകളും മൈനുകളും ഉപയോഗിച്ചിരുന്നതായി പറയുന്നു. യൂറോപ്യന്മാരുടെ കൈകളിൽ ഇത് എത്തിച്ചേർന്നപ്പോൾ അതിന് പുതിയ സംഹാരഭാവം ഉണ്ടായി. വ്യാവസായികമായി കരിമരുന്ന് ഉപയോഗം മനുഷ്യനെ കീഴടക്കുന്നതിനുള്ള എളുപ്പവഴിയായി പരിണമിച്ചു. ആധുനിക വ്യാവസായിക-രാഷ്ട്രീയ അധിനിവേശത്തിന് കരിമരുന്നിന്റെ സംഹാരശക്തി ഉപയോഗപ്പെടുത്തുക വഴി, ലോകത്ത് കോളനിവാഴ്ച ഉറപ്പിക്കാൻ യൂറോപ്യന്മാർക്ക് സാധിച്ചു.
മാർച്ച്‌പാസ്റ്റായാലും, ഓട്ടപ്പന്തയമായാലും, മനുഷ്യനെ സംഹരിക്കാനായിട്ടാണെങ്കിലും fire / start എന്ന ചൊല്ലിലാണ് തുടക്കം. കരിമരുന്നിനെ വ്യാപകമായി ആഘോഷങ്ങളിൽ ഉൾപ്പെടുത്തിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും അത് ആചാരങ്ങളിലും കടന്നുകൂടിയിരിയ്ക്കാം. പൂജകളുടെ തുടക്കവും, ഉത്സവങ്ങളുടെ തുടക്കവും, പ്രാർത്ഥനയുടെ തുടക്കവും അങ്ങിനെ ഒരു വെടിയുടെ അകമ്പടിയോടെ ആയിത്തീർന്നു എന്നുവേണം കരുതാൻ. എന്ത് പറഞ്ഞാലും കേൾക്കാത്ത ദൈവങ്ങളുടെ കാത് തുറപ്പിക്കാൻ വെടിശബ്ദം കൊണ്ട് സാധിക്കും എന്ന് എതെങ്കിലും സരസൻ ഹാസ്യാത്മകമായി പറഞ്ഞിരിക്കാനും സാധ്യതയുണ്ട്. അല്ലാതെ പൂജാവിധികളിലോ ക്ഷേത്രസങ്കല്പങ്ങളിലോ ഈ വെടി എന്ന ആചാരത്തിന് ഒരു പ്രാധാന്യവും ഇല്ല.
എന്തായാലും 15-ആം നൂറ്റാണ്ടിനുശേഷം മാത്രമായിരിക്കും സംഹാരത്തിനുവേണ്ടി മാത്രം ഉപയോഗിച്ചിരുന്ന വെടി (മനഃ)സമാധാനത്തിനുവേണ്ടി അമ്പലങ്ങളിൽ വഴിപാടായി ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് ഊഹിക്കാം. അതുകൊണ്ടു തന്നെ വെടി വഴിപാട് ഒരു പൌരാണിക ഭക്തിമാർഗ്ഗത്തിന്റെ ഭാഗമായിരുന്നിട്ടില്ല എന്നുവേണം കരുതാൻ.
ഇപ്പറഞ്ഞ കാര്യങ്ങളോ, ആചാരാനുഷ്ഠാനങ്ങളുടെ ഉൽഭവകാലങ്ങളെപ്പറ്റിയുള്ള അനുമാനങ്ങളോ ഒന്നും കോടതി നടത്തിയ പരാമർശത്തിലെ ശരികേടിനെ ഇല്ലാതാക്കുന്നില്ല. ഹൈക്കോടതിയുടെ ഈ പ്രസ്താവന ജുഡീഷ്യറിയുടെ ചട്ടക്കൂടിനു പുറത്താണെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.