Friday, February 13, 2009

മതത്തിന്റെ യുക്തി; യുക്തിയുടെ മതം:

കേരള യുക്തിവാദി സംഘം പ്രസിഡന്റ്‌ യു.കലാനാഥനും കൊളത്തൂർ അദ്വൈതാശ്രമം ആചാര്യൻ സ്വാമി ചിദാനന്ദപുരിയും കൂടി നടന്ന ഒരു ചർച്ചയുടെ പ്രസക്ത ഭാഗം.
മതം:സ്വാമി: മതം എന്നു പറഞ്ഞാൽ അഭിപ്രായം. വിദ്വാന്മാരുടെ അഭിപ്രായത്തെ മതം എന്ന് ഋഷിമാർ പറയുന്നു. ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ ഏതെങ്കിലും ഒരു അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു. ആ അഭിപ്രായത്തെ പിൻപറ്റി ഒരു ജനസമൂഹം ജീവിക്കുമ്പോൾ അതൊരു മതമായി രൂപപ്പെടുന്നു. ഏതു മതത്തിനായാലും, ഞങ്ങൾ പറയുന്നതാണ്‌ ശരി, ഞങ്ങളുടെ പക്ഷത്തേയ്ക്ക്‌ ആളു വരണം. മറ്റേത്‌ നല്ലതൊക്കെ തന്നെയാണെങ്കിലും അവന്റേതിനേക്കാൾ നല്ലത്‌ എന്റേതാണ്‌ എന്നൊക്കെയുള്ള അഭിപ്രായങ്ങൾ സ്വാഭാവികമായും ഉണ്ടാകും. അങ്ങനെയുള്ള മതമാണ്‌ ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ തലവേദന.

യു.കലാനാഥൻ: സംഘടനകളെന്ന രൂപത്തിൽ ദൈവത്തിന്റെയും ആത്മീയാശയങ്ങളുടെയും പേരിൽ വ്യാഖ്യാനിക്കപ്പെടുന്ന സാമൂഹ്യ പ്രതിഭാസമാണ്‌ മതം. ആ അർത്ഥത്തിലാണ്‌ മതം ഒരു സാമൂഹ്യപ്രശ്നമായി മാറുന്നത്‌. സമൂഹത്തിലിടപെട്ട്‌ സാമൂഹ്യവിമർശനം നടത്തുന്നതിന്റെ ഉദ്ദേശം സമൂഹത്തിന്‌ ഗുണം ചെയ്യുക എന്നതാണ്‌. സമൂഹത്തെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ ഏറ്റവും ദോഷകരമായ പ്രതിഭാസങ്ങളെ തിരിച്ചറിഞ്ഞ്‌ അക്കാര്യങ്ങളിൽ ജനങ്ങൾക്കനുകൂലമായ പരിഹാരമുണ്ടാക്കലാണ്‌ ആ നിലക്ക്‌ ഞങ്ങളുടെ കടമ. ദോഷകരമല്ലാത്ത കാര്യങ്ങളെ രണ്ടാം ഘട്ടത്തിൽ ചർച്ചക്കെടുത്താൽ മതിയാകും. വിവിധമതങ്ങൾ കാട്ടുന്ന വിക്രിയകൾ പല തരത്തിലാണ്‌. അതുകൊണ്ട്‌ ചില മതങ്ങളെ കർശനമായി പല തലങ്ങളിലും വിമർശിക്കേണ്ടിവരും. ചില മതങ്ങളെ ചില കാര്യങ്ങളിൽ മത്രം വിമർശിച്ചാൽ മതിയാകും. ദൈവവിശ്വാസം, പരലോകത്തിലുള്ള വിശ്വാസം, പ്രവാചകനിലുള്ള വിശ്വാസം, തനതായ ധാർമ്മിക നിയമങ്ങൾ - ഈ നാലു ഘടകങ്ങളും അടങ്ങിയ സംഘടിത രൂപത്തെയാണ്‌ ഞാനിവിടെ മതംകൊണ്ട്‌ ഉദ്ദേശിച്ചത്‌.

സ്വാമി: നമ്മൾ പറഞ്ഞ സ്വഭാവങ്ങൾ വച്ച്‌ പല രാഷ്ട്രീയപാർട്ടികളും മതമാണ്‌. മതങ്ങളുടെ പേരിലുണ്ടായ സംഘർഷങ്ങൾക്കു തുല്യമായ യാതന, രാഷ്ട്രത്തിനായി എന്നു പറഞ്ഞു നടക്കുന്ന രാഷ്ട്രീയപാർട്ടികളും സമൂഹത്തിനു നൽകിയിട്ടുണ്ട്‌. ഒന്നോ അതിലധികമോ സ്ഥാപകർ, പ്രവാചകർ, കൂട്ടായ വ്യക്തിത്വം എന്നിവയ്ക്കു പുറമെ നമ്മളിലേയ്ക്ക്‌ ചേർക്കുക, നമ്മുടെതല്ലാത്തതിനെ വിമർശിക്കുക തുടങ്ങിയ എല്ലാ മതലക്ഷണങ്ങളും രാഷ്ട്രീയപാർട്ടികൾക്കും ഇതര സംഘടനാ രൂപങ്ങൾക്കും കാണാം. യുക്തിവാദ പ്രസ്ഥാനമായാലും വ്യത്യാസമൊന്നുമില്ല.
'സ്വാമി ചിദാനന്ദപുരി' ഇത്തിരി വലുതായി എന്റെ ആശ്രമം, എന്റെ ശിഷ്യന്മാർ, എന്റെ ഭക്തന്മാർ എന്നൊരു ഗ്രൂപ്പ്‌ വളർന്നു വന്നാൽ മതലക്ഷണം വന്നു കഴിഞ്ഞു അവിടെ. പിന്നെ അസഹിഷ്ണുതയുണ്ടാകും. ഇതൊക്കെ നമ്മളിന്ന് കാണുന്നുണ്ട്‌ ചുറ്റിലും. എല്ലാം അനർത്ഥകരമാണ്‌. ഏതു വിഷയത്തിൽ ‘മമത്വം‘ വന്നാലും അതൊരു മതമായി മാറും. മതമുള്ള കാലത്തോളം സംഘർഷമാണ്‌. സഹോദരങ്ങളെ തമ്മിൽ തല്ലിക്കുന്ന, കൊല്ലിക്കുന്ന എല്ലാ ഏർപ്പാടുകളേയും നമ്മൾ മതത്തിന്റെ അതേ ദൃഷ്ടിയിൽ നോക്കിക്കാണണം. ഐഡിയോളജി പഠിച്ചിട്ടല്ല ആരും സഹോദരങ്ങളുടെ കഴുത്തറുക്കാൻ പോകുന്നത്‌. നേതാവ്‌ ആഹ്വാനം ചെയ്തിട്ടാണ്‌. അങ്ങനെയുള്ളതെല്ലാം മതമാണ്‌.

കലാനാഥൻ: സ്വാമി പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു. മതത്തെ എതിർക്കുന്നുവെന്നു ഭാവിക്കുന്ന, അല്ലെങ്കിൽ എതിർക്കേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങൾ പോലും ഇന്ന്‌ കൂടുതലും മതലക്ഷണങ്ങളാണ്‌ കാണിക്കുന്നത്‌.

സ്വാമി: നമ്മൾ മൂല്യങ്ങൾക്ക്‌ മുൻതൂക്കം കൊടുക്കുക. ആ മൂല്യങ്ങളെ ഉയർത്താനുള്ള സദാചാരങ്ങളെ പ്രചരിപ്പിക്കുക. എന്തിന്റെ പേരിലായാലും ദുരാചാരങ്ങളെ, അനാചാരങ്ങളെ എതിർക്കുക.

കലാനാഥൻ: അതിന്‌ ആദ്യമായി ദുരാചാരങ്ങളും സദാചാരങ്ങളും തമ്മിൽ വേർത്തിരിക്കേണ്ടതുണ്ട്‌. ആ പ്രക്രിയയിൽ ചിലയിടത്തൊക്കെ യുക്തിവാദിയും വിശ്വാസിയും തമ്മിൽ തർക്കമുണ്ടാകാം. തർക്കവിഷയങ്ങൾ മാറ്റിവെച്ച്‌ തർക്കരഹിതമായവയിൽ ഊന്നി സാമൂഹ്യമാറ്റത്തിനു വേണ്ടി അവയെ ഉപയോഗിക്കുകയാണ്‌ ഗുണപ്രദമാകുക എന്നു തോന്നുന്നു.

ആത്മീയം :സ്വാമി: ആദ്ധ്യാത്മികത എന്നു പറഞ്ഞാൽ സത്യാന്വേഷണമാണ്‌. ആത്മ എന്ന ശബ്ദത്തിന്‌ ഉള്ളത്‌, ഉണ്മ എന്നൊക്കെയാണ്‌ ഉപനിഷത്‌ അതിനെ നിർവ്വചിക്കുന്ന സമയത്ത്‌ അർത്ഥം പറയുന്നത്‌. എന്താണ്‌ ഉണ്മ, എന്താണ്‌ സത്ത - അത്‌ ആത്മ. അതിനെ സംബന്ധിക്കുന്നത്‌ ആദ്ധ്യാത്മ. ഈ സത്യത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ ആദ്ധ്യാത്മികത.
കലാനാഥൻ: സത്യാന്വേഷണം ആരെവിടെ നടത്തുന്നതും ഉചിതമായ കർമ്മമാണ്‌. സ്വാമി കേന്ദ്രീകരിക്കുന്നത്‌ ആദ്ധ്യാത്മികമായ സത്യാന്വേഷണത്തിലാവാം. ഭൗതികമായ സത്യാന്വേഷണവും അതുപോലെ തന്നെ മൂല്യവത്താണ്‌. സത്യാന്വേഷണത്തിന്റെ പടവുകൾ ചൂണ്ടിക്കാണിക്കലാണ്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം യുക്തിവാദം. ആ അടിസ്ഥാനത്തിൽ പോയാൽ മാത്രമെ ശരിയായ നിഗമനത്തിലെത്താൻ കഴിയൂ. സംശയിക്കുക, ചോദ്യം ചെയ്യുക, താൽക്കാലിക നിഗമനത്തിലെത്തുക, നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുക, സിദ്ധാന്തം രൂപീകരിക്കുക, അതിനെ സാമാന്യവൽക്കരിക്കുക - ഇതാണ്‌ സത്യാന്വേഷണത്തിന്റെ ശാസ്ത്രീയമായ മാർഗ്ഗം.
സ്വാമി: യുക്തിപൂർവ്വമായ വിചാരം തന്നെയാണ്‌ വേദാന്തവും പറയുന്നത്‌. ശ്രോതവ്യഃ, മന്തവ്യഃ, നിദിധ്യാസിതവ്യഃ എന്നാണ്‌ വ്യക്തമായി ശ്രുതി ആത്മജ്ഞാനത്തിന്റെ മാർഗ്ഗത്തെ പറഞ്ഞിട്ടുള്ളത്‌. ഒന്നാമത്തേത്‌ ശ്രവണമാണ്‌. ഗുരുനാഥനിൽ നിന്ന്‌, സത്യദർശ്ശനം നേടിയ ആചാര്യന്മാരിൽ നിന്ന്‌ നീ ശ്രവണം ചെയ്യൂ. പോര, അതപ്പടി നീ വിശ്വസിക്കരുത്‌. യുക്തിപൂർവ്വം വിചാരം ചെയ്യുക. അപ്പോൾ നമുക്ക്‌ സംശയങ്ങൾ വരും. ഗുരുവിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ അന്വേഷണം തുടരുക. അങ്ങനെ നിതിധ്യാസനം എന്ന മാർഗ്ഗത്തിൽ എത്തും. അതിലൂടെയാണ്‌ സത്യസാക്ഷാത്‌കാരത്തിലേക്ക്‌ എത്താൻ കഴിയുക.

കലാനാഥൻ: യുക്തിക്ക്‌ പരിമിതികളുണ്ട്‌. എല്ലാ കാര്യങ്ങളുടെയും അവസാന ഉത്തരം ഇന്നു തന്നെ കണ്ടെത്താൻ കഴിയുമെന്ന്‌ യുക്തിവാദി ശഠിക്കുന്നില്ല. ഇന്ന്‌ യുക്തിപൂർവ്വം വിശദീകരിക്കാൻ കഴിയാത്ത കാര്യങ്ങളുണ്ടാവാം. എല്ലാ കാലത്തും നാം അനുഭവിച്ചുപോന്ന കാര്യമാണിത്‌. അങ്ങനെ വരുമ്പോൾ അറിയാത്ത മണ്ഡലങ്ങളിലെ വിഷയങ്ങൾ തള്ളിക്കളയാതെ നാളെ വീണ്ടും യുക്തിപരമായി പഠിക്കേണ്ടതാണ്‌. എവിടെ യുക്തി പരാജയപ്പെടുന്നുവോ അവിടെ ആ യുക്തിക്ക്‌ മാത്രമെ നിങ്ങളെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. യുക്തിയുടെ അവലംബമില്ലാതെ ഒരു മുന്നേറ്റവും നമുക്കുണ്ടാക്കാൻ കഴിയില്ല.

സ്വാമി: ഇതിലേയ്ക്കു തന്നെയാണ്‌ നമ്മളും വിരൽ ചൂണ്ടിയത്‌. യുക്തിപൂർവ്വം ഇന്ന്‌ കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ മാത്രമല്ല ഉള്ളത്‌. അതുകൊണ്ട്‌ അവയെ തള്ളിപ്പറയരുത്‌.

കലാനാഥൻ: യുക്തിവാദത്തിന്റെ പേരിലും നാസ്തികരുണ്ട്‌, കേവല വാദികളുണ്ട്‌. ചിലതിനെ അന്ധമായി എതിർക്കുന്നവർ. എന്നാൽ നാളെ യുക്തിപരമായ മാർഗ്ഗങ്ങളിലൂടെ ഈശ്വരനാണ്‌ ലോകം സൃഷ്ടിച്ചതെന്ന്‌ ബോധ്യപ്പെട്ടാൽ അതിനെ അംഗീകരിക്കുന്നതാണ്‌ യഥാർത്ഥ യുക്തിവാദം.

സ്വാമി: പക്ഷെ, വേദാന്തി അത്‌ അംഗീകരിക്കില്ല. ഈശ്വരൻ ലോകത്തെ സൃഷ്ടിച്ചു എന്ന്‌ ഒരു വേദാന്തിയും പറഞ്ഞിട്ടില്ല, പറയില്ല. ആരെങ്കിലും അതു പറഞ്ഞാൽ അങ്ങനെ സൃഷ്ടിക്കുന്ന ഒരീശ്വരനെ ആരുണ്ടാക്കി എന്നു നമ്മൾ ചോദിക്കും.
കലാനാഥൻ: യുക്തിവാദി എന്ന നിലക്ക്‌ എന്റെ ചുറ്റുമുള്ള സമൂഹമാണ്‌ എനിക്ക്‌ പ്രധാനം. സമുഹജീവിതത്തിൽ വേദാന്തം ഉണ്ടോ എന്നു ചോദിച്ചാൽ സംശയമാണ്‌. അത്‌ ചുരുക്കം ചില ആളുകളുടെ കയ്യിൽ ഒതുങ്ങി നിൽക്കുന്ന ഒരു ചിന്താപദ്ധതിയാണ്‌. നേരെമറിച്ച്‌ മതം എന്നു പറയുന്നത്‌ മൊത്തം സമൂഹത്തെ സമഗ്രമായി സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്‌. വേദാന്തി പറയുന്ന അഭിപ്രായങ്ങളിൽ വിയോജിപ്പുകളുണ്ടായാൽ പോലും ഞാൻ അയാളെ എതിർക്കാൻ പോകുന്നില്ല. മതക്കാരന്റെ സാമൂഹ്യ ദുരിതമുണ്ടാക്കുന്ന അസംബന്ധങ്ങളെ ചോദ്യം ചെയ്ത്‌ ജനങ്ങളെ രക്ഷപ്പെടുത്തലാണ്‌ എനിക്ക്‌ പ്രധാനം. മതഭീകരവാദത്തിൽ നിന്ന് ലോകത്തെ രക്ഷപ്പെടുത്താൻ ഒരുമിച്ചു നിൽക്കേണ്ടവരാണ്‌ സ്വാമിയും ഞാനും പ്രതിനിധാനം ചെയ്യുന്ന രണ്ടുകൂട്ടരും എന്ന്‌ എനിക്കു തോന്നുന്നു.
------------------------
('പിറവി' എന്ന ഒരു പുതിയ മാഗസിനിൽ വന്ന ചർച്ചയിലെ ചില ഭാഗങ്ങൾ, ചിന്തകന്റെ പോസ്റ്റിൽ ഞാൻ എഴുതിയ കമന്റിനും അതിനു ചിന്തകൻ എഴുതിയ മറുപടിക്കും ഒരു വിശദീകരണം ആയി കണക്കാക്കിയാൽ മതി. അതിൽ കൂടുതൽ ഒരു ചർച്ചയും ഈ വിഷയത്തിൽ ഉദ്ദേശിക്കുന്നില്ല.)