Monday, September 1, 2008

സൂരജിന്‌ ഒരു വിശദീകരണം.

എന്റെ ദൈവത്തെത്തേടി-3 ല്‍ സൂരജ്‌ എഴുതിയ ഒരു കമന്റിന്റെ ഭാഗമാണ്‌ ഇവിടെ കൊടുത്തിട്ടുള്ളത്‌.

ചരിത്രവിശകലനത്തിന്റെ കാചത്തിനു കീഴില്‍ ഈ വ്യവസ്ഥാപിത ‘വ്യാസവിരചിത മഹാഭാരത’മെന്ന സങ്കല്‍പ്പം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്‍. വേദങ്ങളെ വിഭജിച്ച(ക്രോഡീകരിച്ച)വന്‍ ആണ് വ്യാസന്‍. ആ വ്യാസനാല്‍ സംസ്കരിക്കപ്പെട്ട ‘ഗീത’യില്‍ എന്തേ വേദങ്ങളെ ഉപേക്ഷിപ്പാന്‍ കല്പന വന്നു ? എന്ന ചോദ്യമുണ്ട്. ചോദിക്കുന്നില്ല, കാരണം വ്യാസന്‍ ആണ് ഇന്നു കാണുന്ന രൂപത്തിലുള്ള മഹാഭാരതമോ ഗീതയോ എഴുതിയത് എന്ന സങ്കല്പം ശരിയല്ല എന്ന് ചരിത്രം പറയുന്നു.ഒന്‍പതിനായിരത്തോളം ശ്ലോകങ്ങള്‍ ഉള്ള ജയ എന്നുപേരായ ഒരു യുദ്ധകഥയാണ് വ്യാസന്‍ എഴുതിയതെന്ന് ഭാരതം ആദി പര്‍വ്വം തന്നെ സാക്ഷ്യപ്പെടുത്തുന്നു. (ഏതാണ്ട് 900 ബി.സി.) ജനമേജയന്റെ സര്‍പ്പസത്രത്തിന്റെ സമയത്ത് വൈശമ്പായനന്‍ ഈ കഥ ഉപദേശിക്കുമ്പോള്‍ അതു കാല്‍ ലക്ഷം ശ്ലോകങ്ങളായി. ഉഗ്രശ്രവസ്സിന്റെ മഹാഭാരതത്തിനു ശ്ലോകങ്ങള്‍ 1ലക്ഷത്തിനടുത്ത്. പാരസികരെയും ഹൂണന്മാരെയും കുറിച്ചൊക്കെയുള്ള യുദ്ധരംഗത്തെ പരാമര്‍ശങ്ങള്‍ ഒരുപാടുണ്ട്. ഇത് സൂചിപ്പിക്കുന്നത്, ഈ കൃതിയുടെ ‘എഡിറ്റിംഗ്’ ഏ.ഡി 400 വരെയും നടന്നിട്ടുണ്ടാകാം എന്നാണ്

മുകളിലത്തെ സൂരജിന്റെ പ്രസ്താവന വായിച്ചപ്പോള്‍, ഇത്രയും അടിസ്ഥാനരഹിതമായ ഒരു ഇതിഹാസത്തിന്റെ സന്ദേശമാണോ ഈ 'ഭഗവദ്‌ഗീത' എന്ന്‌ അല്‍പം ജാള്യതയോടെയാണ്‌ ചിന്തിച്ചത്‌. എങ്കിലും എന്റെ കുനുഷ്‌ടുവാദ വീക്ഷണത്തില്‍ ഒരു മറുപടി എഴുതിവെച്ചിരുന്നത്‌ ഇങ്ങിനെയായിരുന്നു

ഒരു കലാസൃഷ്ടിയ്ക്ക്‌ കാലാകാലങ്ങളായി ആശയത്തിനും സന്ദര്‍ഭത്തിനും ഒരു മാറ്റവും ഇല്ലാതെ ആകാരം മാത്രം വ്യത്യാസപ്പെടുക എന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. മഹാഭാരതം വായിക്കുന്നവര്‍ അത്‌ വായിച്ച്‌ തല്‍പര്യം വര്‍ദ്ധിക്കുമ്പോള്‍ അതില്‍ കുറച്ച്‌ ശ്ലോകം കൂടി എഴുതി ചേര്‍ക്കും. അങ്ങിനെ ആ ഇതിഹാസം വികാസം പ്രാപിച്ചുവന്നു. വ്യാസമഹര്‍ഷിക്കുവേണ്ടി പിന്നീടുവന്ന കവികള്‍ (അവരുടെ പേര്‌ വെളിപ്പെടുത്താതെത്തന്നെ) ഇത്രയും ശ്ലോകങ്ങള്‍ എഴുതി ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവരെ നമസ്കരിക്കണം. പിന്നീടെന്തേ മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ വര്‍ദ്ധിക്കാത്തത്‌ എന്നത്‌ എന്റെ ചെറിയ മനസ്സിലെ ഒരു സംശയം മാത്രമാണ്‌. പദസമ്പത്തുള്ള ബ്ലോഗന്മാര്‍ മാത്രം ഒന്നു മനസ്സുവെച്ചാല്‍ മഹാഭാരതം ഇനിയും വലുതായേനേ. പക്ഷെ എന്തു ചെയ്യാം. എഴുതിക്കഴിയുമ്പോള്‍ അതിന്റെ അടിയില്‍, എഴുതിയത്‌: --- -- മോന്‍ എന്ന്‌ നിര്‍ബ്ബന്ധമായും ചേര്‍ക്കണമല്ലോ.

മുകളില്‍ പറഞ്ഞ എന്റെ വാക്കുകള്‍ക്ക്‌ ഒരു അടിസ്ഥാനവും ഇല്ല. അതുപോര. ആധികാരികതയുള്ള ഒരു വിശദീകരണം കിട്ടണം എന്നു കരുതിയിരിക്കുമ്പോഴാണ്‌, എന്റെ മനസ്സിലെ ചോദ്യം വേറൊരാള്‍ അമൃത റ്റി.വി. യിലൂടെ ചോദിക്കുന്നത്‌.

അമൃത റ്റി.വി. യില്‍ 'ഭാരത ദര്‍ശ്ശനം' എന്ന ഒരു പരിപാടിയുണ്ട്‌ എന്ന്‌ അറിയാമെങ്കിലും മിക്കവാറും അത്‌ കേള്‍ക്കാന്‍ സാധിക്കാറില്ല. ആ സമയത്ത്‌ ജോലിക്കു പോകാനുള്ള ഒരുക്കങ്ങളിലായിരിക്കും. പക്ഷെ 28-08-08 ന്‌, Portable MP3 player ല്‍ റെക്കോര്‍ഡ്‌ ചെയ്താല്‍ സമയം കിട്ടുമ്പോള്‍ കേള്‍ക്കാമല്ലോ എന്ന്‌ ഒരു ബോധോദയമുണ്ടായതുകൊണ്ട്‌ അത്‌ റെക്കോര്‍ഡ്‌ ചെയ്തു. നമ്മള്‍ ആഗ്രഹിക്കുന്ന ഒരു വിഷയം അതും മനസ്സിന്‌ സംതൃപ്തി നല്‍കുന്നതുമായിട്ടുള്ള ഈ സംഭാഷണം റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്‌ എന്താണ്‌. ഇതിനെ 'ഇന്‍ഡ്യൂഷ്യന്‍' എന്ന്‌ വിളിക്കാമോ എന്നറിയില്ല.

സുജീര്‍ ശര്‍മ്മ - ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥിയാണ്‌. അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ ശ്രീ തുറവൂര്‍ വിശ്വംഭരന്‍ മാഷ്‌ പറയുന്ന മറുപടിയാണ്‌ ഞാന്‍ ഇവിടെ പകര്‍ത്തുന്നത്‌ .

ചോദ്യം : ചരിത്രകാരന്മാര്‍ മഹാഭാരതത്തിന്റെ രചനയില്‍ 3 ഘട്ടങ്ങളായുള്ള വികാസത്തിന്റെ സാധ്യത പറയുന്നുണ്ടല്ലോ. ഈ അഭിപ്രായത്തോട്‌ അങ്ങയുടെ പ്രതികരണം എന്താണ്‌

ഉത്തരം : ജയം - ഭാരതം - മഹാഭാരതം. അതാണ്‌ ഈ മുന്നു ഘട്ടം. ഇതെല്ലാം പര്യായങ്ങളാണ്‌. ഉദാഹരണത്തിന്‌, കേരളാ യൂണിവേഴ്‌സിറ്റി ഒരു കളിയില്‍ ജയിക്കുമ്പോള്‍ 'കേരളയ്ക്കു ജയം'. മഹത്മാഗാന്ധി യൂണിവേഴ്‌സിറ്റി ജയിച്ചാല്‍, എം.ജി.യ്ക്കു ജയം. എന്നു പറയുന്നതുപോലെ മുഴുവനും എഴുതാതെ ചുരുക്കി എഴുതുന്നതാണ്‌.പത്മനാഭന്‍ നായര്‍, വെറുതെ 'നായരെ' എന്നു വിളിക്കും. അത്‌ ജാതിപ്പേരാണ്‌. ഇവിടെ പത്മം വേറെ, നാഭന്‍ വേറെ, നായര്‍ എന്നു പറയുന്നത്‌ വേറെ എന്നു പറയുമ്പോള്‍ എങ്ങിനെ മനസ്സിലാക്കണം. ഇത്‌ എല്ലാം ചേരുമ്പോഴാണ്‌ ഒന്നാകുന്നത്‌. ഇതെല്ലാം വേറെ വേറെയായിക്കണ്ടത്‌, ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും പണ്ഡിതന്മാര്‍ വായിച്ചിട്ട്‌ വട്ട്‌ പിടിച്ചപ്പോള്‍ സൂചിപ്പിച്ചിട്ടുള്ളതാണ്‌. മാഹാഭാരതത്തിലെ കഥയുടെ സങ്കീര്‍ണ്ണതയും, അതിലെ ദര്‍ശ്ശനത്തിലെ സങ്കീര്‍ണ്ണതയും, അതിലെ ഉപാദ്ധ്യായങ്ങളുടെ വൈവിദ്ധ്യവും, കഥാപാത്രങ്ങളുടെ അസങ്കേതയും മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട പാശ്ചാത്യ പണ്ഡിതന്മാര്‍ പറഞ്ഞുണ്ടാക്കിയിട്ടുള്ളതാണ്‌ ഇതെല്ലാം. ശരിയാണ്‌, ജയം എന്ന്‌ പേരുണ്ട്‌, ഭാരതം എന്ന്‌ പേരുണ്ട്‌, മഹാഭാരതം എന്നും പേരുണ്ട്‌.ഒരു ഉദാഹരണം: കൃഷ്ണകുമാറിനെ വീട്ടില്‍ എന്താണ്‌ വിളിക്കുക. "കിച്ചു" എന്നായിരിക്കും. അപ്പോള്‍ കിച്ചു വേറെ, കൃഷ്ണന്‍ വേറെ, കുമാര്‍ വേറെ എന്നാവില്ല. ഇയാള്‍ ആദ്യം കിച്ചു ആയിരുന്നു. അതില്‍നിന്നും പുനര്‍ജനിച്ചതല്ലല്ലോ കൃഷ്ണന്‍. അങ്ങനെ പറയുന്നതുപോലത്തെ അത്ര ലളിതമായ ഒരു മൗഢ്യമാണ്‌ ഇവരുടെ ഈ കണ്ടുപിടുത്തം. ജയം എന്നു പറയുന്നത്‌ 8000 ശ്ലോകത്തില്‍ എഴുതിയതായിരുന്നു. പിന്നെ ഭാരതം എന്നു പറഞ്ഞിട്ട്‌ 24000 ശ്ലോകമായി. പിന്നെ മഹാഭാരതം എന്ന പേരില്‍ അത്‌ ഒരു ലക്ഷം ശ്ലോകമായി. ഇതെല്ലാം മറ്റുള്ളവര്‍ എഴുതി ചേര്‍ത്തതാണ്‌. എന്താ, മറ്റുള്ളവര്‍ക്കെല്ലാം ഭ്രാന്തോ ഇതൊക്കെ എഴുതി ചേര്‍ക്കാന്‍. ഏതു കൃതിയില്‍ ഏതു സ്ഥലത്ത്‌ ഒരു ഗ്രന്ഥ രചനയുടെ ചരിത്രത്തില്‍ ഇങ്ങനെ എഴുതി ചേര്‍ത്തിട്ടുണ്ട്‌. വാത്മീകി രാമായണത്തില്‍ കുറെ എഴുതി ചേര്‍ക്കാമായിരുന്നില്ലേ. ഋഗ്വേദത്തിലേയ്ക്ക്‌ ഇങ്ങനെ തലങ്ങും വിലങ്ങും എഴുതി ചേര്‍ക്കാമായിരുന്നില്ലേ. അഥര്‍വ്വ വേദത്തിലേയ്ക്ക്‌, ബ്രാഹ്മണങ്ങളിലേയ്ക്ക്‌, ആരണ്യകങ്ങളിലേയ്ക്ക്‌, ഉപനിഷത്തില്‍ സ്ഥലം ഇഷ്ടം പോലെ കിടക്കുകയല്ലേ. ചെറിയ ഉപനിഷത്തുക്കള്‍ ഒരുപാടുണ്ട്‌. അതിലൊക്കെ എഴുതി കൂട്ടിച്ചേര്‍ക്കാമായിരുന്നില്ലേ. എന്തേ അതൊന്നും ചെയ്യാതിരുന്നത്‌. ഈ മഹാഭാരതത്തില്‍ മാത്രം ഇങ്ങനെ എഴുതിചേര്‍ത്ത്‌ എഴുതിചേര്‍ത്ത്‌ പോയത്‌. വായിച്ചിട്ടു മനസ്സിലായില്ല. അത്രേയുള്ളൂ കാര്യം. ഈ വായിച്ചിട്ടു മനസ്സിലാവാത്തതിന്റെ അമ്പരപ്പില്‍ നിന്നാണ്‌ ഇതെല്ലാം വ്യാഖ്യാനിച്ചിട്ടുള്ളത്‌. അവര്‍ ഏറ്റവും വലിയ ഒരു കൃതി കണ്ടിരിക്കുന്നത്‌ 'ഇലിയഡ്‌' ആണ്‌. ഈ അമ്പരപ്പില്‍ നിന്നാണ്‌ ഇത്തരം പ്രസ്താവനകള്‍ ഉണ്ടായത്‌. ഇതെല്ലാം അടിസ്ഥാനരഹിതമാണ്‌. പരമ ബുദ്ധിശൂന്യമാണ്‌.

മഹാഭാരതത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും ഞങ്ങള്‍ക്ക്‌ എഴുതി അറിയിക്കുക. ഞങ്ങളുടെ വിലാസം: പ്രൊഡ്യൂസര്‍, ഭാരത ദര്‍ശ്ശനം, അമൃത റ്റി.വി., വഴുതക്കാട്‌, തിരുവനന്തപുരം. ഇത്രയും പറഞ്ഞ്‌ ആഗസ്റ്റ്‌ 28ആം തിയ്യതിയിലെ ആ സംഭാഷണം അവസാനിച്ചു.

7 comments:

പാര്‍ത്ഥന്‍ said...

ഇതെല്ലാം മറ്റുള്ളവര്‍ എഴുതി ചേര്‍ത്തതാണ്‌. എന്താ, മറ്റുള്ളവര്‍ക്കെല്ലാം ഭ്രാന്തോ ഇതൊക്കെ എഴുതി ചേര്‍ക്കാന്‍. ഏതു കൃതിയില്‍ ഏതു സ്ഥലത്ത്‌ ഒരു ഗ്രന്ഥ രചനയുടെ ചരിത്രത്തില്‍ ഇങ്ങനെ എഴുതി ചേര്‍ത്തിട്ടുണ്ട്‌. വാത്മീകി രാമായണത്തില്‍ കുറെ എഴുതി ചേര്‍ക്കാമായിരുന്നില്ലേ. ഋഗ്വേദത്തിലേയ്ക്ക്‌ ഇങ്ങനെ തലങ്ങും വിലങ്ങും എഴുതി ചേര്‍ക്കാമായിരുന്നില്ലേ. അഥര്‍വ്വ വേദത്തിലേയ്ക്ക്‌, ബ്രാഹ്മണങ്ങളിലേയ്ക്ക്‌, ആരണ്യകങ്ങളിലേയ്ക്ക്‌, ഉപനിഷത്തില്‍ സ്ഥലം ഇഷ്ടം പോലെ കിടക്കുകയല്ലേ. ചെറിയ ഉപനിഷത്തുക്കള്‍ ഒരുപാടുണ്ട്‌. അതിലൊക്കെ എഴുതി കൂട്ടിച്ചേര്‍ക്കാമായിരുന്നില്ലേ. എന്തേ അതൊന്നും ചെയ്യാതിരുന്നത്‌. ഈ മഹാഭാരതത്തില്‍ മാത്രം ഇങ്ങനെ എഴുതിചേര്‍ത്ത്‌ എഴുതിചേര്‍ത്ത്‌ പോയത്‌.

Suraj said...

പ്രിയ പാർത്ഥൻ ജീ,

വിശ്വംഭരൻ മാഷിന്റെ “ഗംഭീര” ലോജിക്കൽ വിശദീകരണം അമൃതയിൽ കേട്ടതാണ്. (ഇവിടെ വേറേ ഏതോ ദിവസം സമ്പ്രേക്ഷണം ചെയ്തത്)

‘നമിച്ചണ്ണാ നമിച്ചു’ എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് റിമോട്ടിൽ മെല്ലെ വിരലമർത്തി.

ഇത്ര മാത്രം പറയാം : Embedded narrative ഭാരതീയ പുരാണേതിഹാസ രചനകളിൽ ഉടനീളം കാണുന്നതിനു ഒരു കാരണമുണ്ട്. അതു ഇതുപോലുള്ള സ്റ്റുപ്പിഡ് ലോജിക് ഉറഞ്ഞുകൂടിയ തുറവൂരുകാരന്റെ തലയ്ക്ക് മനസിലായെന്നു വരില്ല. കാരണം ഇതൊക്കെ നിരൂപണം ചെയ്യുന്നവന് ഭാരത പൈതൃകത്തോട് എന്തോ പൂർവ്വവൈരാഗ്യമുണ്ട് എന്ന് വിചാരിച്ചു വച്ചിരിക്കുന്നതാണല്ലോ അങ്ങേരെ പോലുള്ളവരുടെ ഭാരത പഠനം ! വന്ദേ മാതരം !!

ഷാനവാസ് കൊനാരത്ത് said...

മഹാത്മാ ഗാന്ധി തോറ്റൂന്നും നമ്മള്‍ കേട്ടിട്ടുണ്ട്.

പാര്‍ത്ഥന്‍ said...

ശരിയാണ്‌ ഷാനവാസ്‌,
ഗാന്ധിജി തോല്‍വി സമ്മതിച്ചതിനുശേഷമാണ്‌ അന്ത്യയാത്രയ്ക്ക്‌ തയ്യാറായത്‌.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു കലാസൃഷ്ടിയ്ക്ക്‌ കാലാകാലങ്ങളായി ആശയത്തിനും സന്ദര്‍ഭത്തിനും ഒരു മാറ്റവും ഇല്ലാതെ ആകാരം മാത്രം വ്യത്യാസപ്പെടുക എന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. മഹാഭാരതം വായിക്കുന്നവര്‍ അത്‌ വായിച്ച്‌ തല്‍പര്യം വര്‍ദ്ധിക്കുമ്പോള്‍ അതില്‍ കുറച്ച്‌ ശ്ലോകം കൂടി എഴുതി ചേര്‍ക്കും. അങ്ങിനെ ആ ഇതിഹാസം വികാസം പ്രാപിച്ചുവന്നു. വ്യാസമഹര്‍ഷിക്കുവേണ്ടി പിന്നീടുവന്ന കവികള്‍ (അവരുടെ പേര്‌ വെളിപ്പെടുത്താതെത്തന്നെ) ഇത്രയും ശ്ലോകങ്ങള്‍ എഴുതി ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവരെ നമസ്കരിക്കണം. പിന്നീടെന്തേ മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ വര്‍ദ്ധിക്കാത്തത്‌ എന്നത്‌ എന്റെ ചെറിയ മനസ്സിലെ ഒരു സംശയം മാത്രമാണ്‌. പദസമ്പത്തുള്ള ബ്ലോഗന്മാര്‍ മാത്രം ഒന്നു മനസ്സുവെച്ചാല്‍ മഹാഭാരതം ഇനിയും വലുതായേനേ. പക്ഷെ എന്തു ചെയ്യാം. എഴുതിക്കഴിയുമ്പോള്‍ അതിന്റെ അടിയില്‍, എഴുതിയത്‌: --- -- മോന്‍ എന്ന്‌ നിര്‍ബ്ബന്ധമായും ചേര്‍ക്കണമല്ലോ.

ഈ ഭാഗം അംഗീകരിക്കുന്നു എന്നാല്‍ ചില വിയോജിപ്പുകള്‍
ഇവിടെ

പാര്‍ത്ഥന്‍ said...

ഇവിടെ ഒരേ വിഷയത്തില്‍ തന്നെ സൂരജിന്റെ കമന്റും, തുറവൂരിന്റെ വിശദീകരണവും, മാഷിന്റെ കണ്ടെത്തലും, എന്റെ കുനുഷ്ടു ചിന്തയും വെച്ച്‌ ഒന്ന്‌ കലക്കി നോക്കി. 24,000 ശ്ലോകങ്ങള്‍ 26,000 ആയത്‌ വിശ്വസിച്ചേ പറ്റൂ. പക്ഷെ 8,000 ശ്ലോകം 1,00,000 ആയത്‌ മുയോനും എങ്ങിന്യാ വിശ്വസിക്കാ. അങ്ങിനെയാണെങ്കില്‍ എല്ലാ പുരാണ-മത-ഗ്രന്ഥങ്ങളുടെയും ഒറിജിനല്‍ കണ്ടതിനുശേഷമെ അതെല്ലാം വായിക്കാനും വിശ്വസിക്കാനും പാടുള്ളൂ എന്നു പറയുമ്പോള്‍, ബൈബിളും ഖുറാനും മഹാഭാരതവും വേറിട്ടു കാണാന്‍ കഴിയില്ലല്ലോ. സി.കെ. ഒരിക്കല്‍ എഴുതിയിരുന്നു, അവസാനം കണ്ടു കിട്ടിയ ഒറിജിനല്‍ എന്നു കരുതുന്ന 'യൂദാസിന്റെ സുവിശേഷവും' നശിച്ചുപോയി എന്ന്‌.

രമ്യ said...

please make font saize some more