Tuesday, April 7, 2009

ദാസേട്ടൻ ശരത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ?

അഖിലിന്റെ പോസറ്റിലെ ഒരു ഭാഗമാണിത്:
പണ്ട് അപ്പര്‍ മിഡില്‍ ക്ലാസ് സംഗീത വിവരം മാത്രം ഉണ്ടാരുന്ന ആളുകള്‍ക്ക് മനസ്സിലാവുന്ന കുറെ കാര്യങ്ങള്‍ ഇപ്പോള്‍ മനസ്സിലായി തുടങ്ങി..ഇതെല്ലം ശരത് എന്ന ഒരു വ്യക്തിയുടെ വിജയം ആയിട്ട് ഞാന്‍ കാണുന്നു. ഈ പരിപാടി കണ്ടു തുടങ്ങിയത് തന്നെ ശരത് എന്ന വ്യക്തിയുടെ വിലയിരുത്തലുകള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം ആരുന്നു. ഈ കാരണങള്‍ എല്ലാം കൊണ്ടും ദാസേട്ടന്‍ പറഞ്ഞ ആ വാചകത്തോട്‌ ഞാന്‍ എതിര്‍ക്കുന്നു.

യേശുദാസ് പറഞ്ഞത് എന്താണ്:
ചില പാട്ടൊക്കെ കഴിയുമ്പം.. മോനെ.. സംഗതികളൊക്കെ അങ്ങ് വഴുക്കി പോയി കേട്ടോ.. ഇതൊട്ടും ശെരിയായില്ല കേട്ടോ.. ഇമ്മാതിരി ഉള്ള കൊമ്മെന്സ് കുട്ടികളെ വേദനിപ്പിക്കും.. ഞാന്‍ ഈ ഗന്ധര്‍വ സംഗീതത്തിന്‍റെ വിധി കര്‍ത്താക്കളോട് പറഞ്ഞിരുന്നു.. ഇങ്ങനെ ഉള്ള എന്തേലും ചെയ്താലേ ഈ ഷോ മുന്നോട്ടു പോകുവോള്ളൂ എന്ന് നിങ്ങള്ക്ക് എന്ന് തോന്നുന്നുവോ... അന്ന് രാവിലെ എന്നെ ഒന്ന് വിളിച്ചു അറിയിക്കണം.. ഇതില്‍ നിന്നും ഞാന്‍ എന്‍റെ പേര് അങ്ങ് പിന്‍ വലിചേക്കാം...ഈ മേല്‍പറഞ്ഞ വാചകം ഗാനഗന്ധര്‍വന്‍ യേശുദാസ് അദ്ധേഹത്തിന്‍റെ തന്നെ പേരില്‍ കൈരളി എന്ന മാധ്യമം നടത്തുന്ന ഗന്ധര്‍വ സംഗീതം ജൂനിയര്‍ എന്ന റിയാലിറ്റി ഷോയുടെ മെഗാ ഫൈനല്‍ ഏപ്രില്‍ നാലിന് വൈകിട്ട് ചെന്നൈ-ഇല്‍ വെച്ച് നടത്തിയപ്പം പറഞ്ഞ വാക്കുകള്‍ ആണ്.

ഇനി അനിൽശ്രീ കമന്റിൽ പറഞ്ഞപോലെ, യേശുദാസിന് വാക്കും പ്രവൃത്തിയും തമ്മിൽ ഒരു സാമ്യവുമില്ലെന്നു വച്ചാൽ തന്നെ ഇക്കാര്യത്തിൽ പറഞ്ഞ അഭിപ്രായം മുഖവിലക്കെടുത്തേ പറ്റൂ.
Idea Star Singer ൽ എന്താ കാണിച്ചുകൂട്ടുന്നത്. പാട്ടുപാടുന്ന കുട്ടി ആ പാട്ടിലെ കഥാപാത്രത്തിന്റെ വേഷമിട്ട് അഭിനയിക്കുന്ന അവസ്ഥ അരോചകം സൃഷ്ടിക്കുന്നില്ലെ. പാട്ടുകാരനെ തിരഞ്ഞെടുക്കുന്ന മത്സരത്തിൽ എന്തിനാണ് വേഷം കെട്ട്. വിവിധ തരത്തിലുള്ള പാട്ടുകൾ, വേണമെങ്കിൽ ഒരു പെർഫോമൻസും ആവാം. അതിൽ കൂടുതൽ അഭിനയം പാട്ടുകാർ എന്ന നിലയ്ക്ക് ആവശ്യമില്ല.

അഖിൽ വീണ്ടും പറയുന്നു:
എന്ത് കൊണ്ടാണ് ദാസേട്ടന്‍ ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം ശരത്തിനെ കുറിച്ച് നടത്തിയത് എന്ന് അറിയില്ല. ഒരു പക്ഷെ ഇമ്മാതിരി ഉള്ള അഭിപ്രായ പ്രകടനങ്ങള്‍ കുട്ടികളെ വല്ലാതെ തളര്‍ത്തും എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവം..

ഇത്തരത്തിലുള്ള കമന്റുകൾ കുട്ടികളെ മാ‍നസികമായി തളർത്തും എന്നുള്ളത്
വെറും തോന്നൽ മാത്രമല്ല. അവഹേളനം കേട്ട് കരയുന്ന എത്ര സീനുകൾ കണ്ടിരിക്കുന്നു. എലിമിനേഷൻ റൌണ്ടിൽ കരയിപ്പിക്കുക എന്നത് ഒരു ആചാരമായിട്ടുണ്ട്.

എന്തിനാണ്‌ ഇത്തരത്തിലുള്ള മത്സരങ്ങൾ. മത്സരത്തിലൂടെ നല്ല കഴിവുള്ളവരെ തിരഞ്ഞെടുക്കുക എന്നതാണോ ലക്ഷ്യമിടുന്നത്. ഈ ഷോയിൽ പങ്കെടുക്കാനുള്ള സാമ്പത്തികമായും സാങ്കേതികമായും ഭദ്രതയില്ലാത്തവരെക്കുറിച്ചും ചിന്തിച്ചിട്ടാണെങ്കിൽ, ഇവർ തന്നെ “സൂപ്പർ സ്റ്റാർ”.

നമ്മുടെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണല്ലോ. നല്ലതിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ മാർക്കിന്റെ ആനുകൂല്യം ഉണ്ടായപ്പോൾ, അത് പിടിച്ചെടുക്കാനുള്ള മത്സരമായി. കലാതിലകങ്ങൾ ചില വിജയങ്ങൾ നേടിയപ്പോൾ അതിനുവേണ്ടിയായി പിന്നീടുള്ള മത്സരങ്ങൾ. പിന്നെ വഴക്ക്, കേസ്, കോടതി തുടങ്ങിയവ മത്സരത്തിന്റെ പര്യായമായി. എങ്കിലും അതിനുവേണ്ടി പണം ചിലവാക്കാൻ കഴിവുള്ളവർക്കും സ്വാധീനമുള്ളവർക്കും മാത്രമായി ഇത്തരം മത്സരങ്ങൾ.
മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു പറയേണ്ടിവരും. മത്സരം വെറുപ്പിന് കാരണമാകും.
റിയാലിറ്റി ഷോകളിലെ പ്രതിഫലത്തിന്റെ വർദ്ധനവ് ഈ വിഭാഗത്തിലും തർക്കത്തിനും കേസിനും ഇടവരുത്താതിരിക്കട്ടെ. എങ്കിലും വിദ്വേഷവും മാനസിക പ്രശ്നങ്ങളും ഉണ്ടാക്കും എന്നുള്ളത് തീർച്ചയാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം വളരെ സൌഹൃദത്തിലാണെന്ന് അവർതന്നെ പറയുന്നുണ്ട്. എങ്കിലും സൌഹൃദപരമായ ഒരു അർത്ഥവും ‘മത്സരം’ എന്ന വാക്കിലില്ല.

മത്സരം = (ഡിൿഷണറിയിൽ നിന്ന്‌) ജയിക്കാനുള്ള ഇച്ഛ, അസൂയ, ദ്രോഹം, അത്യാഗ്രഹം, സ്വാർത്ഥം, കലഹം, കൊതുക്, സോമരസം .
സൌഹൃദമത്സരം ആവണമെങ്കിൽ തന്നെ, സൌഹൃദം എന്ന വിശേഷണം ചേർക്കണം.

പണ്ടൊരു ചൊല്ലുണ്ട്, ‘മുറുക്കാൻ പഠിച്ചാൽ ഇരക്കാൻ പഠിച്ചു‘ എന്ന്.
റിയാലിറ്റി ഷോയിൽ പങ്കെടുത്താൽ അങ്ങനെയൊരു പരിചയം ഉണ്ടാകും. അതും ഭാവിയിൽ ഉപകാരപ്പെട്ടേക്കാം.