Showing posts with label പ്രതികരണം.. Show all posts
Showing posts with label പ്രതികരണം.. Show all posts

Tuesday, April 24, 2012

അക്ഷയതൃതീയ എന്ന വിശ്വാസാഭാസം:



അക്ഷയതൃതീയയെക്കുറിച്ച് വളരെ ആവേശത്തോടെ കേട്ടുതുടങ്ങിയിട്ട് പത്തു വർഷത്തിൽ കൂടുതൽ ആയിട്ടില്ല. അന്ധവിശ്വാസത്തിന്റെ അടിമകളാകുന്നത് സത്യദർശനമില്ലാത്ത സ്വാർത്ഥമോഹികളായ ജനങ്ങളാണ്. ആധുനിക മനുഷ്യന്റെ ആർത്തിയുടെ സ്പന്ദനം അറിയുന്ന സ്വർണ്ണവ്യാപാരിയാണ് അക്ഷയതൃതീയയുടെ മാസ്മരികശക്തിയെ ആദ്യം വ്യവസായവൽക്കരിച്ചത്.

അക്ഷയതൃതീയ ദിവസം സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം വരുമെന്നാണ് സ്വർണ്ണവ്യാപാരികളുടെ വാഗ്ദാനം. ഇത് ഏത് ശാസ്ത്രമനുസരിച്ചാണ് എന്നു ചോദിക്കാൻ പോലും ആർക്കും സമയമില്ല. അത് ചോദിക്കാൻ നിന്നാൽ സ്വർണ്ണം വങ്ങി ഐശ്വര്യം നേടാൻ ബുക്കു ചെയ്ത മുൻഗണന നഷ്ടപ്പെട്ടാലോ? ഹേ ജനങ്ങളെ, നിങ്ങൾ എന്നാണ് ഇത്തരം മൂഢവിശ്വാസങ്ങളിൽ നിന്നും മുക്തി നേടുന്നത്?

സ്വർണ്ണം ലക്ഷ്മീ പ്രതീകമാണ്; ഐശ്വര്യസ്വരൂപമാണ്. ആയതിനാൽ സ്വർണ്ണവും മറ്റു വസ്തുക്കളും ദാനം കൊടുക്കുന്നത് പുണ്യപ്രവൃത്തിയായി കണക്കാക്കുന്നു. പക്ഷെ ഒരു പ്രത്യേക ദിവസം സ്വർണ്ണം വാങ്ങുന്നത് പുണ്യപ്രവൃത്തിയാകുന്നത് ഏത് വകുപ്പിൽ പെടുത്തിയാണെന്ന് മനസ്സിലാകുന്നില്ല. കൊടുക്കുന്നത് പുണ്യം, വാങ്ങുന്നത് സ്വാർത്ഥം. അക്ഷയമായ എന്തു ഫലമാണ് ഈ സ്വർണ്ണം വാങ്ങുന്നതിലൂടെ ലഭിക്കുന്നത് എന്ന് ചിന്തിച്ചാൽ ഈ ആഭാസാചാരത്തിന്റെ പിന്നാലെ ആരും പോവുകയില്ല. നമ്മുടെ ആചാരങ്ങൾ എത്രകണ്ട് അധപ്പതിച്ചിരിക്കുന്നു എന്നോർക്കുമ്പോൾ അതിയായ ദുഃഖം തോന്നുന്നു.

അക്ഷയതൃതീയ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്. ഈ ദിവസം സൂര്യൻ അതിന്റെ പൂർണ്ണപ്രഭയിൽ നിൽക്കുന്നു. ജ്യോതിഷ കണക്കിൽ ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് നിൽക്കുന്നത്. ഈ ദിവസം ജപഹോമ പിതൃ തർപ്പണത്തിനു പറ്റിയ ദിവസമാണ്. ഈ ദിവസത്തിൽ ചെയ്യുന്ന ദാനധർമ്മങ്ങൾക്ക് ശാശ്വതമായ ഫലസിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. സത്യ യുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയ തൃതീയ. ബലരാമന്റെ ജന്മദിനമായും പരശുരാമന്റെ ജന്മദിനമായും വിശ്വസിച്ചു പോരുന്നു. വിശേഷമായ കാര്യങ്ങൾ ആരംഭിക്കാൻ ഏറ്റവും നല്ല ദിവസമായി അക്ഷയതൃതീയയെ കാണുന്നു.

നല്ല ദിവസവും ചീത്ത ദിവസവും ആധുനിക ജ്യോതിഷികളുടെ ഉദരപൂരണത്തിനുള്ള കണ്ടെത്തലുകളാണ്. ഈശ്വരകൃതമായ വേദങ്ങളിൽ പറയുന്നതാകട്ടെ എല്ലാ മുഹൂർത്തവും ശുഭം തന്നെയെന്നാണ്. ആത്മകാരകനായ സൂര്യനിൽ നിന്നും ജനിച്ചതാണ് സംവത്സരം. അതിനാൽ എല്ലാ എല്ലാ സംവത്സരവും ശുഭമാകുന്നു. ഋതുക്കൾ വിഷ്ണുരൂപിയായ സംവത്സരത്തിന്റെ അംഗമാണ്. അതിനാൽ അത് ഗുണവതിയും സുന്ദരിയും മനോഹാരിണിയുമാണ്. അതിനാൽ തന്നെ അത് ശുഭകാരിണിമാത്രമാണ്. പ്രകാശവും അന്ധകാരവും ശുഭസൂചകങ്ങൾതന്നെ, അതിനാൽ രണ്ട് അയനങ്ങളും ശുഭകാരിയാണ്. രണ്ടു പക്ഷങ്ങൾ ശുഭമാണ്. എല്ലാ മാസങ്ങളും ശുഭമാണ്. എല്ലാ ദിവസങ്ങളും ശുഭമാണ്. എന്തിന് അഹോരാത്രത്തെ മുപ്പതായി പകുത്താൽ കിട്ടുന്ന എല്ലാ മുഹൂർത്തങ്ങളും ശുഭമാണ്. വേദങ്ങളിൽ പറയപ്പെടുന്ന നക്ഷത്രങ്ങളിൽ ഒന്നുപോലും അശുഭനക്ഷത്രമല്ല. എല്ലാം ശുഭ നക്ഷത്രം തന്നെ. ദേവഗൃഹം താരകം എന്നിങ്ങനെയാണവയെ വിളിക്കുന്നത്. എന്നാൽ നവീന ജ്യോതിഷത്തിൽ ശുഭനക്ഷത്രങ്ങൾക്കൊപ്പം അശുഭനക്ഷത്രവും ഉണ്ട്. ദക്ഷിണയുടെ വലുപ്പത്തിനനുസരിച്ച് നക്ഷത്രങ്ങൾ ശുഭാശുഭങ്ങളായി മാറുന്നു. നവീന ജ്യോതിഷത്തിൽ ഉപയോഗിക്കുന്ന രാശികളെല്ലാം തന്നെ വിദേശികളുടെതാണ്. വാരമെന്ന ആഴ്ച വിദേശികളുടെതാണ്. എന്തിന് ഹോര എന്ന പദം സംസ്കൃത നിഘണ്ഡുവിൽ തന്നെ ഇല്ലാത്ത പദമാണ്.

മുഹൂർത്തം നോക്കുന്നതിനെ പരിഹസിച്ചുകൊണ്ട് ഗുരുദേവന്റെ ഒരു സംഭവം ഓർമ്മ വരുന്നു. കൊല്ലവർഷം 1083 കുംഭം ഒന്നാം തിയതി തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞയുടൻ അവിടെയുണ്ടായിരുന്ന ഒരു വേദപണ്ഡിതൻ ഗുരുവിനോടു ചോദിച്ചു; “ഏതു മുഹൂർത്തത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയത്”? മുഹൂർത്തം നോക്കിക്കൊള്ളാൻ ഗുരു മറുപടി കൊടുത്തു. “പ്രതിഷ്ഠ കഴിഞ്ഞാണോ മുഹൂർത്തം നോക്കുന്നത് “ എന്ന് പണ്ഡിതൻ. “മുഹൂർത്തം നോക്കിയല്ലല്ലൊ ജനനം. ജനനം നടന്നിരിക്കുന്നു. ഇനി മുഹൂർത്തവും രാശികളും നോക്കിക്കോളൂ.” ജനന-മരണങ്ങളെപ്പോലെ അത്രയും നിസ്സാരമാണ് മുഹൂർത്തവും എന്ന് ഗുരു നമുക്ക് കാണിച്ചു തരുന്നു.

വൈദേശിക മതങ്ങളാൽ മാനസികമായി മതം മാറ്റം നടത്തിയവരാണ് ഹിന്ദുക്കൾ എന്നു അറിയപ്പെടുന്ന നമ്മളെല്ലാം. അല്ലയോ അജ്ഞരായ ഹിന്ദുമത വിശ്വാസികളേ, നിങ്ങൾക്ക് നിങ്ങളുടെ മതവിശ്വാസത്തെപ്പോലും ശരിയായ വിധത്തിൽ ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. നമ്മൾ നമ്മുടെ സ്വത്ത്വം മനസ്സിലാക്കാത്തിടത്തോളം കാലം നമ്മൾ അജ്ഞതയിലും അപഹർഷതാബോധത്തിലും ഒരിക്കലും മോചനമില്ലാതെ ആണ്ടുകിടക്കും.



Sunday, May 17, 2009

വേദങ്ങൾ ദൈവത്തിന്റെ അരുളപ്പാടുകളാണോ ?

Manu said...
Hi, Just a doubt. Are Shruthis supposed to be divine revelations? Hope to get an answer.
മുകളിലെ മനുവിന്റെ ചോദ്യം തികച്ചും ആത്മാർത്ഥമായിട്ടായിരുന്നു എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കിയത്. പക്ഷെ എന്റെ മറുപടിയ്ക്ക് ശേഷം മനുവിന് സംശയം ഉണ്ടായില്ല. മനു ഒരു സംശയം കൂടി പ്രകടിപ്പിച്ചിരുന്നെങ്കിൽ, അത് വിശദമാക്കേണ്ട ബാധ്യത ഉണ്ടായിരുന്നു. ആ ചോദ്യം വരാതെതന്നെ ആ വിഷയം ‘സ്വകാര്യങ്ങൾ’ എന്ന ബ്ലോഗിലെ ‘ഭവിഷ്യപുരാണവും വിശ്വാസങ്ങളും’ എന്ന പോസ്റ്റിൽ ചർച്ചചെയ്യേണ്ടി വന്നു. അവിടത്തെ എന്റെ മറുപടിയും അതിനനുസരിച്ചുള്ള മറ്റു ചില കമന്റുകളും ഇവിടെ ഒരു (റെഫറൻസിനുവേണ്ടി) പോസ്റ്റാക്കുന്നു.

മനുവിന്റെ ചോദ്യം ‘ശ്രുതികൾ’ ദൈവീകമാണോ എന്നായിരുന്നു.
അവിടെ ‘വേദങ്ങൾ‘ ദൈവത്തിൽ നിന്നുള്ളതാണെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നതായി (അതായത് ചില ഹിന്ദുക്കൾ വിശ്വസിക്കുന്നു എന്ന വിശദീകരണങ്ങൾ) കാട്ടിപ്പരുത്തി എന്ന ബ്ലോഗർ അവകാശപ്പെടുന്നു. ആ ചോദ്യത്തിന് മറുപടി എഴുതിയതിന്റെ പ്രസക്തമായ ഭാഗങ്ങൾ മാത്രം ഇവിടെ വീണ്ടും കുറിക്കുന്നു.

കാട്ടിപ്പരുത്തി said...
പാർത്ഥൻ,
1- വേദങ്ങള്‍ നാലെണ്ണമുണ്ടെന്നാണ്‍ വിശ്വാസം; ഋഗ്വേദം, സാമവേദം, യജുര്‍‌വേദം ,അഥര്‍‌വവേദം എന്നിവയാണ് അത്. യഥാര്‍ത്ഥത്തില്‍ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതില്‍ അഥര്‍‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീത യിലും പറയുന്നു. വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഋഗ്വേദം പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാല്‍, നൂറില്‍പരം വര്‍ഷങ്ങള്‍ക്കിടയില്‍ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തില്‍ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.വടക്കെ ഇന്ത്യയില്‍ ദുര്‍ലഭം ചില സ്ഥലങ്ങളില്‍ മാത്രമേ അഥര്‍വവേദം ഇന്ന് പ്രചാരത്തിലുള്ളൂ.“വേദാ‍നാം സാംവേദോസ്മി ” എന്ന് ഗീതയില്‍ പറഞ്ഞിരിക്കുന്നതുകൊണ്ട് സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജുര്‍വേദവും ചൊല്ലാന്‍ പാടില്ല. [wikki-malayaalam)

2- വേദങ്ങള്‍ ഈശ്വര സൃഷ്ടിയാണെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നു - എന്നതെന്റെ വായനയില്‍ നിന്നും കിട്ടിയതാണു- അല്ലെ-ഋഷിമാരാല്‍ എഴുതപ്പെട്ടു എന്നു പറയുമ്പോള്‍ അവരിലൂടെ അവതരിക്കപ്പെട്ടു എന്നാവാം-പിന്നെ അതിലെ കൈകടത്തുലകളെ കുറിച്ചു ഗവേഷണം നടത്തുന്ന പണ്ഡിതര്‍ ഹൈന്ദവര്‍ തന്നെയാണു- അങ്ങിനെ തേന്മൊഴിയില്‍ ചില പിന്മൊഴികളും കയറി എന്നത് നിങ്ങളുടെ തന്നെ ഭാഷ്യം.

3- ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ - ഈ ആശയവുമായി ഏതെല്ലാം ഭാഗങ്ങള്‍ യോജിക്കുന്നുവോ അവയെല്ലാം ദൈവപ്രചോദിതങ്ങളാണെന്നതില്‍ മുസ്ലിമായ ഞാന്‍ അംഗീകരിക്കുന്നു- അങ്ങിനെയുള്ള ധാരാളം വചനങ്ങള്‍ വേദങ്ങളില്‍ കാണാം

4- ഇതെല്ലാം ദൈവവചനങ്ങളായി തന്നെയാണു മുസ്ലിങ്ങള്‍ കരുതുന്നത്- കാരണം അത് ഇസ്ലാമിലെ ദൈവ സങ്കല്‍പവുമായി പൊരുത്തപ്പെടുന്നു എന്നത് തന്നെ - ഹിന്ദു വിശ്വാസമനുസരിച്ച് വേദങ്ങള്‍ മനുഷ്യനാല്‍ രചിക്കപ്പെട്ടതല്ല- മറിച്ചു ദൈവത്തില്‍ നിന്നുമുള്ളതാണ്-

എന്റെ മറുപടി :
1- താങ്കൾ വേദങ്ങളെക്കുറിച്ച് എഴുതിയ ചിലത് മാത്രം ശരിയും കൂടുതലും തെറ്റുമാണ്. സൃഷ്ടികളോട് ആക്രോശിക്കുന്ന ഒരു ബ്രഹ്മസങ്കല്പം ഹൈന്ദവ ദർശനങ്ങളിൽ ഇല്ല. ഇത് ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന സങ്കല്പത്തിl ഊന്നിയാണ് പറയുന്നത്. പക്ഷെ ഇന്ദ്രിയസുഖങ്ങൾ എളുപ്പത്തിൽ ലഭിക്കാനായി പ്രാർത്ഥിക്കുന്ന ചില മൂർത്തീ സങ്കല്പങ്ങൾ കൊടുക്കൽ വാങ്ങലുകളുടെ കണക്കുകൾ പറഞ്ഞെന്നിരിക്കും. അത് വിഷയലാഭത്തിനായി ചെയ്യുന്നതുകൊണ്ട് മനസ്സിലുണ്ടാകുന്ന ലാഭനഷ്ടക്കണക്കുകളുടെ ബഹിസ്പുരണമാണ്. ഇതുതന്നെയാണ് താങ്കൾ വിശ്വസിക്കുന്ന ഏകനായ ദൈവത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. എന്തിനും തെറ്റുകാണുകയും ശിക്ഷിക്കുകയും ചെയ്യുക എന്ന വിശ്വാസം. ഇതു ചെയ്താൽ അത് കിട്ടും എന്നു പറയുന്നതും, മതം മാറിയാൽ മാത്രമെ സ്വർഗ്ഗരാജ്യത്ത് ഇടം കിട്ടുകയുള്ളൂ എന്നു മിഷനറിമാർ പറയുന്നതും വലിയ വ്യത്യാസമൊന്നുമില്ല.

2- ഇവിടെ അടിസ്ഥാനപരമായ ഒരു കാര്യം മനസ്സിലാക്കാതെയാണ് പലരും തർക്കിക്കുന്നത്. ഒരു ഹൈന്ദവ ദർശനങ്ങളിലും പ്രവചങ്ങളോ ചുരുങ്ങിയപക്ഷം ഒരു അവതാരമോ വരുന്നതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. ദശാവതാരകഥകൾ പോലും പറയുന്നത് ഭാഗവതത്തിലും പുരാണങ്ങളിലുമാണ്. വേദങ്ങൾ മനസ്സിലാക്കാൻ പ്രയാസമുള്ളവർക്ക് ചില മിത്തുക്കളുടെയും കഥകളുടെയും രൂപത്തിൽ വേദോപനിഷത്തുക്കളെ പരിചയപ്പെടുത്താൻ വേണ്ടി എഴുതിയിട്ടുള്ളതാണ് പുരാണകഥകൾ. അതുകൊണ്ടാണ് നിത്യനരക സങ്കല്പങ്ങളില്ലാത്ത ദർശങ്ങളിലെ നരക വർണ്ണനകൾ ഗരുഢപുരാണത്തിലുള്ളത്. അങ്ങനെയുള്ള കാര്യങ്ങളൊന്നും ആരും അത്ര കാര്യമായെടുക്കാറും ഇല്ല.

അനിൽശ്രീയുടെ മറുപടി :-
"ഞാന്‍ പറഞ്ഞത് " മനുഷ്യ നിര്‍മ്മിതമായ" വേദങ്ങള്‍ എന്നു തന്നെയാണ്. ഹിന്ദു ഗ്രന്ഥമായാലും ഖുറാന്‍ ആയാലും ബൈബിള്‍ ആയാലും, ഇതൊന്നും ദൈവത്തില്‍ നിന്ന് വന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

എന്റെ മറുപടി :
1- വേദങ്ങൾ - ദൈവം കൊണ്ടുതന്നതാണെന്നോ / ഇറക്കിത്തന്നതാണെന്നോ / പറഞ്ഞുകൊടുത്തതാണെന്നോ ഉള്ള വിശ്വാസം, അറിവുള്ള ഒരു ഹിന്ദുവും പറയില്ല. ഇസ്ലാം വിശ്വാസികളാണ്, ഹിന്ദുക്കൾ അങ്ങനെ വിശ്വസിക്കുന്നു എന്ന് ഇവിടെ പറഞ്ഞിട്ടുള്ളത്. സെമിറ്റിക് മതങ്ങളിലെ ദൈവവിശ്വാസമല്ല പൂർണ്ണതയിലെത്തിയ ഹൈന്ദവ വിശ്വാസം. അവിടെയും ദ്വൈതം ഉണ്ടായിരുന്നു. ദർശനങ്ങൾ അവിടെനിന്നും ഒരുപാട് മുന്നോട്ടുപോയി, അദ്വൈതത്തിൽ ചെന്നു നിൽക്കുന്നു. അതിനെയെല്ലാം അതുപോലെ തന്നെ നിർത്തിക്കൊണ്ടുവേണം താരതമ്മ്യ പഠനം നടത്താൻ.

2- ഹൈന്ദവദർശനങ്ങൾ ഋഷിമാരാൽ എഴുതപ്പെട്ടതാണെന്നു പറയുമ്പോൾ, വേറെ ചിലതുമാത്രം മുകളിൽ നിന്നും ഇറക്കിത്തന്നതാണെന്ന തേന്മൊഴി വിശ്വസിക്കാനുള്ളത്ര മണ്ടന്മാരല്ലെന്നും കൂടി ചേർത്തു വായിക്കൂ.

3- (ഇത് www.iish.org യിൽ നിന്നും പകർത്തിയതാണ്.
Points to remember:
* Vedas are the base of all Indian knowledge.
* None knows exactly when they were composed so they are known as anaadi.
* None knows who composed them so it is apourusheya.
* They werecomposed by hundreds Vedic Rishies who were known as manthradhrushtaatra ( those who could see and experience the manthras).
*Krishnadwaipayana Veda vyasa compiled them into four Vedas.
* The first Veda shows jnaana marga known as Rig veda.
* second Veda shows karma margaknown as Yajurveda.
* the third Veda guides to the base of arts and music known as Sama Veda and the mantras of the fourth one informs usabout common (man’s) subjects known as Atharva veda.


വീണ്ടും എന്റെ മറുപടി :
1-‘തസ്യാഃ ആരാധനം’ - ‘യാം യാം തനും ശ്രദ്ധയാ അർച്ചിതും’ - ‘ദേവയജഃ’ ഇതെല്ലാം ഒരു തരത്തിലുള്ള ഉപാസനകളായിട്ടാണ് കണക്കാക്കുന്നത്‌.ആവർത്തിച്ചു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അതിൽ കാണിക്കുന്ന താല്പര്യവും ഒരാളെ ആ വിഷയത്തിൽ കൂടുതൽ കൂടുതൽ ശ്രദ്ധയുള്ളവനാക്കും. അതിൽനിന്നും ആ ലക്ഷ്യവുമായി മനസ്സ് താ‍താത്മ്യം പ്രാപിക്കും. ഇതിനെ ഉപാസന എന്നു പറയുന്നു. (ഇക്കാര്യം എന്റെ ‘വിഷയാരാധന’ യിൽ വിവരിച്ചിരുന്നു.)

മനുഷ്യന് - ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്ന മൂന്നവസ്ഥകളുണ്ട്. ഉണർന്നിരുന്ന് പ്രവർത്തികളിൽ മുഴുകുന്നത് ജാഗ്രതാവസ്ഥ. ഈ അവസ്ഥയിൽ മനസ്സും ഇന്ദ്രിയങ്ങളും ഉണർന്നു പ്രവർത്തിക്കുന്നു. എന്നാൽ സ്വപ്നാവസ്ഥയിൽ ഇന്ദ്രിയങ്ങൾ പിൻ‌വാങ്ങുന്നു. മനസ്സു മാത്രം പ്രവർത്തിക്കുന്നു. സുഷുപ്തിയിൽ സ്ഥൂലശരീരത്തിലെ പ്രാണനൊഴികെ മറ്റുള്ള അംശങ്ങളെല്ലാം നിശ്ചലമാകുന്നു.
(“തീർണ്ണോഹിതദാസർ വാഞ്ഛോ കാൻഹൃദയസ്യ ഭവതി” എന്ന് ഈ അവസ്ഥയെ ഉപനിഷദ് വിശദീകരിക്കുന്നുണ്ട്.)
ഇതിനപ്പുറം തുരീയാവസ്ഥ എന്ന ഒരു അവസ്ഥകൂടിയുണ്ട് എന്ന് ഉപനിഷത്തുക്കൾ പ്രസ്ഥാവിക്കുന്നു. ആ അവസ്ഥയിൽ ആത്മാവു മാത്രമെ ഉണർന്നിരിക്കുകയുള്ളൂ. ജ്ഞാനികൾക്കു മാത്രമുണ്ടാകുന്നതാണ് ഈ അവസ്ഥ. മഹർഷിശ്രേഷ്ഠന്മാരുടെ നിർവികല്പസമാധി ഇതാണ്. “ധ്യാനം കൊണ്ടാത്മാവെ ആത്മാവിൽക്കണ്ടുകൊണ്ടാനന്ദലീനനാകുന്ന” തായി വർണ്ണിക്കുന്നത് തുരീയാവസ്ഥയെക്കുറിച്ചാണ്. ഈ അവസ്ഥയിൽ ബ്രഹ്മസാക്ഷാത്കാരം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

‘തുര്യം തത്‌സർവദൃക്‌തദാ’ . ഈ അവസ്ഥയിലെത്തിയവരെയാണ് മന്ത്രദൃഷ്ടാക്കൾ എന്നു പറയുന്നത്.
ഇത്രയും പറഞ്ഞിട്ടു മനസ്സിലാവാത്തവർക്കുള്ള മറുപടിയാണ് “അദ്ദേഹം ദൈവത്തിനെ കണ്ടിട്ടുള്ള ആളാണ് “എന്ന സാധാരണ ഭാഷ്യം.

2- ദൈവം - എന്നു പറയുമ്പോൾ, സുന്ദരവദനനായ മനുഷ്യനെപോലെയുള്ള ഒരാൾ എന്നു വിശ്വസിക്കേണ്ടിവരുന്നിടത്ത് ദൈവസങ്കല്പവും അതിലെ വിശ്വാസവും ചോദ്യം ചെയ്യപ്പെടും.

മുകളിലത്തെ ചോദ്യത്തിന് കാട്ടിപ്പരുത്തി വീണ്ടും പറയുന്നു :
എല്ലാ സങ്കല്‍പങ്ങളും ചോദ്യം ചെയ്യപ്പെടട്ടെ-ഉത്തരങ്ങളില്ലാത്തവര്‍ക്കു ചോദ്യങ്ങളെ ഭയപ്പെടേണ്ടി വരും.

എന്റെ മറുപടി :
സഹസ്രശീർഷാപുരുഷഃ -
സഹസ്രാക്ഷാഃ സഹസ്രപാദ്,
സഭൂമിം വിശ്വതോവൃത്വാ -
ത്യതിഷ്ഠദ്ദശാംഗുലം.
(ഋഗ്വേദം - പുരുഷസൂക്തം)
...........................
ദ്വാവിധൌപുരുഷോലോകേ ക്ഷരാക്ഷര ഏവച,
ക്ഷരഃസർവാണിഭൂതാനി കൂടസ്ഥാക്ഷര‌ ഉച്യതേഃ .
ഉത്തമഃപുരുഷസ്ത്വന്യഃ പർമാത്മേത്യുദാഹൃതഃ,
യോലോകത്രയമാവിശ്യ ബിഭർത്തവ്യയ ഈശ്വരഃ
(ഭഗവദ് ഗീത)

ഈ ഈശ്വർന്മാർ എന്തെങ്കിലും കൊണ്ടത്തരുമെങ്കിൽ കൈ നീട്ടി സ്വീകരിക്കും.

അനിൽശ്രീ പറഞ്ഞു :
പാര്‍ത്ഥന്‍ പറഞ്ഞ കാര്യം ദേ ഈ ആചാര്യന്‍ (?) പറഞ്ഞതിനോട് യോജിക്കുന്നുണ്ട്.
'Vedas are not written or spoken by God. This knowledge is emanated from God and is originated inthe heart of four rishis as stated above. God is Almighty i.e., He has all powers. So He needs no assistance to do universal deeds. In human body alive soul resides. And soul is dependent, soul requires mouth to speak, eye to see, hand to write etc., etc. but not God. So from His power God originates the knowledge of Vedas in the rishis without writing, or speaking etc."
ബാക്കി കൂടി വായിക്കൂ. മറ്റൊരു പ്രധാന കാര്യം ഒരു വേദത്തിലും ഇത് ദൈവത്തില്‍ നിന്ന് വന്നതാണെന്ന് പറയുന്നില്ല എന്നതാണ്. (പറയന്നതായി എനിക്കറിയില്ല, ഉണ്ടെങ്കില്‍ തിരുത്താം). അങ്ങനെയാണെന്ന് പണ്ടത്തെ പുരോഹിത വര്‍ഗ്ഗം പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇങ്ങനെ ചിന്തിച്ചാല്‍ ഒരു നോവല്‍ എഴുതുന്ന ആള്‍ക്കും അതിലെ വരികള്‍ ദൈവം മനസ്സിലേക്ക് വരുത്തിയതാണെന്ന് പറയേണ്ടി വരും. അപ്പോള്‍ അതും ദൈവസൃഷ്ടി ആണെന്ന് പറയുമോ? കവിത എഴുതുന്ന കവി തന്റെ ധ്യാനത്തിലൂടെയാണ് വരികള്‍ സൃഷ്ടിക്കുന്നത്. അതും ദൈവം മനസ്സിലേക്ക് വരുത്തിയതാണെന്ന് പറയുമോ? ഒരു അവിശ്വാസിയുടെ ചോദ്യമായി കണക്കാക്കിയാല്‍ മതി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
വേദം അഥവാ ആഗമം ശാബ്ദ പ്രമാണം എന്നാണ്‌ പറയുന്നത്‌
ആപ്തവാക്യമാണ്‌ ശാബ്ദം
"ആപ്തസ്തു യഥാര്‍ത്ഥവക്താ"
ആപ്തന്‍ എന്നാല്‍ യാഥാര്‍ത്ഥ്യം പറയുന്നവന്‍.
പ്രപഞ്ചരഹസ്യം ദര്‍ശിച്ച യഥാര്‍ത്ഥവക്താകളായ ആപ്തന്മാര്‍ പറഞ്ഞതാണ്‌ വേദം.ഇത്രയുമാണ്‌ ഞാന്‍ പഠിച്ചതിന്റെ ചുരുക്കം.
സത്യദര്‍ശനത്തിന്‌ നാലു തരം പ്രമാണങ്ങള്‍ ഉള്ളതായി പറയുന്നു - (ഇതു ന്യായദര്‍ശനപ്രകാരമാണ്‌ കേട്ടോ -)
1 പ്രത്യക്ഷം -
ഇന്ദ്രിയങ്ങള്‍ കൊണ്ട്‌ അനുഭവവേദ്യമാകുന്ന കാര്യങ്ങള്‍.
2. അനുമാനം.
ഇന്ദ്രിയാനുഭവം കൊണ്ട്‌ അറിയുവാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഊഹിച്ചെടുക്കുന്നത്‌
3. ഉപമാനം
സാദൃശ്യം അഥവാ സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ച്‌ കാര്യങ്ങള്‍ നിഗമനത്തിലെത്തിച്ചേരുന്നത്‌
4. ശാബ്ദം
മനുഷ്യമനസ്സിന്‌ നിര്‍വചിക്കുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍-(those incomprehensible to the human mind) അനുഭവവേദ്യമായത്‌ അനുഭവിച്ചവര്‍ സാക്ഷ്യപ്പെടുത്തിയത്‌
"ഇതി ആപ്തവാക്യം ശാബ്ദഃആപ്തസ്തു യഥാര്‍ത്ഥവക്താ"എന്നിങ്ങനെ വേദങ്ങള്‍ അഥവാ ആഗമങ്ങള്‍ ആപ്തവാക്യങ്ങളായി വിശ്വസിക്കപ്പെടുന്നു

കാട്ടിപ്പരുത്തിയുടെ ചോദ്യം വീണ്ടും :
"ഇതി ആപ്തവാക്യം ശാബ്ദഃആപ്തസ്തു യഥാര്‍ത്ഥവക്താ"
എന്നിങ്ങനെ വേദങ്ങള്‍ അഥവാ ആഗമങ്ങള്‍ ആപ്തവാക്യങ്ങളായി വിശ്വസിക്കപ്പെടുന്നു .
ഇപ്പറഞ്ഞത് തന്നെയല്ലെ ഞാന്‍ സിംപ്‌ള്‍ ആയി ദൈവത്തില്‍ നിന്നുളളതാണു വേദങ്ങള്‍ എന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞത്-ഇവിടെ ചര്‍‌ച്ച എന്താണു വേദങ്ങള്‍ എന്നതല്ലല്ലോ-അത് ദൈവത്തില്‍ നിന്നുള്ളതാണെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുണ്ടോ- ഇല്ലെയോ എന്നതല്ലെ-ഇങ്ങിനെ പറഞ്ഞാലെങ്കിലും പാര്‍ത്ഥനു തിരിയുന്നുണ്ടല്ലോ- നല്ലത്-

കാട്ടിപ്പരുത്തി പറഞ്ഞു :
ഒരു വിശ്വാസിക്കു - അതേതു മതമായാലും ഇന്ദ്രിയാതീതനായ ഒരു ശക്തിയില്‍ വിശ്വാസമുണ്ട്- അവനോട് സം‌വദിക്കുന്ന രീതിയിലാവില്ല ഒരു അവിശ്വാസിയോട് സം‌വദിക്കുക- അവിശ്വാസിക്കു ഏതു മതഗ്രന്‍‌ഥത്തിലെന്തുണ്ടായാലും എല്ലാം മനുഷ്യരെഴുതിയതാവും- അല്ലെങ്കില്‍ അവന്‍ ഒരു വിശ്വാസിയാവില്ലെ?

എന്റെ മറുപടി :
[ഇത്രയും പറഞ്ഞിട്ടു മനസ്സിലാവാത്തവർക്കുള്ള മറുപടിയാണ് “അദ്ദേഹം ദൈവത്തിനെ കണ്ടിട്ടുള്ള ആളാണ് “എന്ന സാധാരണ ഭാഷ്യം.]ആ കമന്റിൽ ഒരുവിധം പറഞ്ഞാൽ മനസ്സിലാവുന്ന ഭാഷയിലാണ് എഴുതിയിരുന്നത്‌. ഇതിനുമുൻപ് എഴുതിയ കമന്റിലും ദ്വൈതത്തിൽ നിന്നും അദ്വൈതത്തിൽ എത്തി നിൽക്കുന്നു, ഹൈന്ദവദർശനങ്ങൾ എന്ന് സൂചിപ്പിച്ചിരുന്നു.
ഇപ്പോൾ നിങ്ങൾ പറയുന്ന ഏകദൈവ സങ്കല്പം, ഹൈന്ദവരുടെ ഇടയിലുള്ള ലോക്കൽ ദേവീദേവന്മാർ, കരിങ്കുട്ടി, മറുത, കാവിലമ്മ തുടങ്ങിയ കൊടുക്കൽ വാങ്ങലുകളുള്ള മൂർത്തീ സങ്കല്പത്തിന്റെ ഒപ്പം നിൽക്കുന്നതാണ്. അവിടന്നും കുറെ ദൂരം പോകുമ്പോഴാണ് യഥാർത്ഥ പരമാത്മസങ്കല്പം. അവിടെ കൊടുക്കൽ വാങ്ങലുകളില്ല.


ഹിന്ദു, ആചാരംകൊണ്ട് ബഹുദൈവവിശ്വാസിയും താത്ത്വികമായി ഏകേശ്വരവാദിയുമാണ്. വൈദിക കാലം മുതൽ ദേവന്മാർക്കുള്ള ഹോമാദികർമ്മങ്ങളിൽ ഹവിസ്സ് അർപ്പിച്ചിരുന്നത് അഗ്നിയിലായിരുന്നു. “അഗ്ന്യൌക്രിയാവതാം ദേവോ”. അഗ്നിയും ഒരു ദേവൻ തന്നെയാണ്. എങ്കിലും ഋഗ്വേദം വ്യക്തമായി പറഞ്ഞ ഒരു കാര്യമാണ്
“ഏകം സദ് വിപ്രാ ബഹുധാ വദന്തി“ .

ഇക്കാര്യത്തിൽ ഒരുകാര്യം കൂടി വിശദമാക്കാം എന്നു കരുതുന്നു. :
ആത്മാവിൽ വിശ്വസിക്കാത്ത ഭൌതികവാദികൾ ഭാരതത്തിലുണ്ടായിരുന്നു. അവരെ ‘ചാർവാകന്മാർ’ എന്നു വിളിച്ചിരുന്നു. അവരുടെ ദർശനങ്ങൾ ലോകപ്രിയമായിരുന്നതുകൊണ്ട് ‘ലോകായത ദർശന’മെന്ന് വിളിച്ചിരുന്നു. ലോകഘടനയിൽ നാലു തത്ത്വങ്ങൾ മാത്രമാണ് അവർ അംഗീകരിക്കുന്നത്. പഞ്ചഭൂതങ്ങളിൽ ആകാശം ഒഴികെയുള്ള നാലുമാണ് അവരുടെ തത്ത്വചതുഷ്ടയം. ഇതിഹാസ കാലങ്ങളിൽ നാസ്തികരായ ചാർവാകന്മാർ മാന്യമായ പദവിയിൽത്തന്നെ ജീവിച്ചിരുന്നു. ‘ജാബാലി’ ഇത്തരത്തിലൊരാചാര്യനായിരുന്നു. അക്കാലത്ത് വസിഷ്ഠാദികളെപ്പോലെ സം‌പൂജ്യനായിരുന്നു ജാബാലിയും. ആത്മാവില്ലെന്ന് ഒരു വിഭാഗം വാദിച്ചിരുന്നതായി ഉപനിഷത്തുക്കളിലും (കഠം) ബ്രഹ്മസൂത്രത്തിലും കാണാം. ശ്രീബുദ്ധനും ആത്മാവുണ്ടോ എന്ന ചോദ്യത്തിന് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാതെ മൌനം പാലിക്കുന്നു. ഇനി സെമിറ്റിക്ക് മതങ്ങളിലാണെങ്കിൽ ആത്മാവ് മനുഷ്യർക്ക് മാത്രമാക്കി ചുരുക്കിയിരിക്കുന്നു. മനുഷ്യനിൽ മാത്രമല്ല സർവ്വചരാചരങ്ങളിലും ആത്മാവുണ്ടെന്നാണ് ഹിന്ദു മതത്തിന്റെ സുനിശ്ചിതമായ അഭിപ്രായം.
ഇത്രയൊക്കെ പറഞ്ഞിട്ടും ദൈവം (ആത്മാവ് - പരമാത്മാവ്) ഉണ്ടെന്നു വിശ്വസിക്കുന്നവർക്കും ഇല്ലെന്നു വിശ്വസിക്കുന്നവർക്കും ഒരേ തരത്തിലുള്ള ആത്മീയദർശനങ്ങൾ ലഭിക്കുന്നതിന്റെ ഉറവിടം മനസ്സിലായില്ലെങ്കിൽ നിങ്ങളുടെ കിണർ തന്നെ സർവ്വലോകവും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
kaattiparuthi says" "ബ്രഹ്മം എന്നാല്‍ ദൈവം എന്നെല്ലാതെ മറ്റെന്താണു- ആത്മാവിനെ അറിയുക എന്നാല്‍ ദൈവത്തെ അറിയുക എന്നത് എല്ലാ മത ഗ്രന്‍‌ഥങ്ങളുടെയും ഒരു ശൈലിയാണു-

"When we consider daivam and brahmam as same - let us see what Hindu philosophy says about "brahmam"
1. "ayam aathmaa brahma"
2. "Thath~ thavm asi "
3. "Aham brahma asmi"

-൧-means This aathma is brahma - the jeevan which is in the body is brahma.
2. Thath~ thvam asi means that is you - or the guru is telling the desciple " you are that" meaning you are not different from brahma -
3. "aham brahma asmi " means "I am brahma "
How can we co- relate this concept to a daivam sitting somewhere else above and ruling us.
and in sanskrit "daivam" is defined as "poorvajanmaarjjitham karmma daiva ithyabhidheeyathE" whatever karmmapahalam you have accumulated in your previous janam is called - daivam
Sorry for the english - since I amaway from my place for a few days. If needed I shall discuss the hindu concept later

എന്റെ അഭിപ്രായം :
ഹിന്ദുക്കൾക്ക് (അന്നും ഇന്നും) ദ്വൈതവും അദ്വൈതവും നാസ്തികവും ഒരേ കുടക്കീഴിൽ തന്നെയാണ്. അവിടെ ഒരു വിവേചനവും ഇല്ല. നാസ്തികനുവേണ്ടി പ്രത്യേകം നരകവുമില്ല.

അതിന് കാട്ടിപ്പരുത്തിയുടെ ചോദ്യം :
ഇതെന്താ - രാഷ്ട്രീയ മുന്നണിയോ- പിന്നെ ആര്‍‌ക്കാണു നരകമുള്ളത്?

എന്റെ മറുപടി :
സ്വര്‍ഗ്ഗനരകങ്ങളെ കാണിച്ചു പ്രലോഭിപ്പിച്ചും പേടിപ്പിച്ചും ജനങ്ങളെ കൂടെ നിര്‍ത്തുന്നവര്‍ പറയട്ടെ. അതുകൊണ്ട് അതിന്റെ ഉത്തരം പറയാന്‍ ഞാന്‍ അധികാരിയല്ല. എന്നെ സംബന്ധിച്ച് സ്വര്‍ഗ്ഗനരകങ്ങള്‍ എന്നില്‍ തന്നെയാണ്‌.

വീണ്ടും ചോദ്യങ്ങൾ വേദങ്ങളിൽ നിന്നും ഗീതയിലെ വരികളിലേയ്ക്ക് പോയി. ചർച്ച അവിടെ വീണ്ടും തുടരുന്നു..

Tuesday, April 7, 2009

ദാസേട്ടൻ ശരത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ?

അഖിലിന്റെ പോസറ്റിലെ ഒരു ഭാഗമാണിത്:
പണ്ട് അപ്പര്‍ മിഡില്‍ ക്ലാസ് സംഗീത വിവരം മാത്രം ഉണ്ടാരുന്ന ആളുകള്‍ക്ക് മനസ്സിലാവുന്ന കുറെ കാര്യങ്ങള്‍ ഇപ്പോള്‍ മനസ്സിലായി തുടങ്ങി..ഇതെല്ലം ശരത് എന്ന ഒരു വ്യക്തിയുടെ വിജയം ആയിട്ട് ഞാന്‍ കാണുന്നു. ഈ പരിപാടി കണ്ടു തുടങ്ങിയത് തന്നെ ശരത് എന്ന വ്യക്തിയുടെ വിലയിരുത്തലുകള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം ആരുന്നു. ഈ കാരണങള്‍ എല്ലാം കൊണ്ടും ദാസേട്ടന്‍ പറഞ്ഞ ആ വാചകത്തോട്‌ ഞാന്‍ എതിര്‍ക്കുന്നു.

യേശുദാസ് പറഞ്ഞത് എന്താണ്:
ചില പാട്ടൊക്കെ കഴിയുമ്പം.. മോനെ.. സംഗതികളൊക്കെ അങ്ങ് വഴുക്കി പോയി കേട്ടോ.. ഇതൊട്ടും ശെരിയായില്ല കേട്ടോ.. ഇമ്മാതിരി ഉള്ള കൊമ്മെന്സ് കുട്ടികളെ വേദനിപ്പിക്കും.. ഞാന്‍ ഈ ഗന്ധര്‍വ സംഗീതത്തിന്‍റെ വിധി കര്‍ത്താക്കളോട് പറഞ്ഞിരുന്നു.. ഇങ്ങനെ ഉള്ള എന്തേലും ചെയ്താലേ ഈ ഷോ മുന്നോട്ടു പോകുവോള്ളൂ എന്ന് നിങ്ങള്ക്ക് എന്ന് തോന്നുന്നുവോ... അന്ന് രാവിലെ എന്നെ ഒന്ന് വിളിച്ചു അറിയിക്കണം.. ഇതില്‍ നിന്നും ഞാന്‍ എന്‍റെ പേര് അങ്ങ് പിന്‍ വലിചേക്കാം...ഈ മേല്‍പറഞ്ഞ വാചകം ഗാനഗന്ധര്‍വന്‍ യേശുദാസ് അദ്ധേഹത്തിന്‍റെ തന്നെ പേരില്‍ കൈരളി എന്ന മാധ്യമം നടത്തുന്ന ഗന്ധര്‍വ സംഗീതം ജൂനിയര്‍ എന്ന റിയാലിറ്റി ഷോയുടെ മെഗാ ഫൈനല്‍ ഏപ്രില്‍ നാലിന് വൈകിട്ട് ചെന്നൈ-ഇല്‍ വെച്ച് നടത്തിയപ്പം പറഞ്ഞ വാക്കുകള്‍ ആണ്.

ഇനി അനിൽശ്രീ കമന്റിൽ പറഞ്ഞപോലെ, യേശുദാസിന് വാക്കും പ്രവൃത്തിയും തമ്മിൽ ഒരു സാമ്യവുമില്ലെന്നു വച്ചാൽ തന്നെ ഇക്കാര്യത്തിൽ പറഞ്ഞ അഭിപ്രായം മുഖവിലക്കെടുത്തേ പറ്റൂ.
Idea Star Singer ൽ എന്താ കാണിച്ചുകൂട്ടുന്നത്. പാട്ടുപാടുന്ന കുട്ടി ആ പാട്ടിലെ കഥാപാത്രത്തിന്റെ വേഷമിട്ട് അഭിനയിക്കുന്ന അവസ്ഥ അരോചകം സൃഷ്ടിക്കുന്നില്ലെ. പാട്ടുകാരനെ തിരഞ്ഞെടുക്കുന്ന മത്സരത്തിൽ എന്തിനാണ് വേഷം കെട്ട്. വിവിധ തരത്തിലുള്ള പാട്ടുകൾ, വേണമെങ്കിൽ ഒരു പെർഫോമൻസും ആവാം. അതിൽ കൂടുതൽ അഭിനയം പാട്ടുകാർ എന്ന നിലയ്ക്ക് ആവശ്യമില്ല.

അഖിൽ വീണ്ടും പറയുന്നു:
എന്ത് കൊണ്ടാണ് ദാസേട്ടന്‍ ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം ശരത്തിനെ കുറിച്ച് നടത്തിയത് എന്ന് അറിയില്ല. ഒരു പക്ഷെ ഇമ്മാതിരി ഉള്ള അഭിപ്രായ പ്രകടനങ്ങള്‍ കുട്ടികളെ വല്ലാതെ തളര്‍ത്തും എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവം..

ഇത്തരത്തിലുള്ള കമന്റുകൾ കുട്ടികളെ മാ‍നസികമായി തളർത്തും എന്നുള്ളത്
വെറും തോന്നൽ മാത്രമല്ല. അവഹേളനം കേട്ട് കരയുന്ന എത്ര സീനുകൾ കണ്ടിരിക്കുന്നു. എലിമിനേഷൻ റൌണ്ടിൽ കരയിപ്പിക്കുക എന്നത് ഒരു ആചാരമായിട്ടുണ്ട്.

എന്തിനാണ്‌ ഇത്തരത്തിലുള്ള മത്സരങ്ങൾ. മത്സരത്തിലൂടെ നല്ല കഴിവുള്ളവരെ തിരഞ്ഞെടുക്കുക എന്നതാണോ ലക്ഷ്യമിടുന്നത്. ഈ ഷോയിൽ പങ്കെടുക്കാനുള്ള സാമ്പത്തികമായും സാങ്കേതികമായും ഭദ്രതയില്ലാത്തവരെക്കുറിച്ചും ചിന്തിച്ചിട്ടാണെങ്കിൽ, ഇവർ തന്നെ “സൂപ്പർ സ്റ്റാർ”.

നമ്മുടെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണല്ലോ. നല്ലതിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ മാർക്കിന്റെ ആനുകൂല്യം ഉണ്ടായപ്പോൾ, അത് പിടിച്ചെടുക്കാനുള്ള മത്സരമായി. കലാതിലകങ്ങൾ ചില വിജയങ്ങൾ നേടിയപ്പോൾ അതിനുവേണ്ടിയായി പിന്നീടുള്ള മത്സരങ്ങൾ. പിന്നെ വഴക്ക്, കേസ്, കോടതി തുടങ്ങിയവ മത്സരത്തിന്റെ പര്യായമായി. എങ്കിലും അതിനുവേണ്ടി പണം ചിലവാക്കാൻ കഴിവുള്ളവർക്കും സ്വാധീനമുള്ളവർക്കും മാത്രമായി ഇത്തരം മത്സരങ്ങൾ.
മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു പറയേണ്ടിവരും. മത്സരം വെറുപ്പിന് കാരണമാകും.
റിയാലിറ്റി ഷോകളിലെ പ്രതിഫലത്തിന്റെ വർദ്ധനവ് ഈ വിഭാഗത്തിലും തർക്കത്തിനും കേസിനും ഇടവരുത്താതിരിക്കട്ടെ. എങ്കിലും വിദ്വേഷവും മാനസിക പ്രശ്നങ്ങളും ഉണ്ടാക്കും എന്നുള്ളത് തീർച്ചയാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം വളരെ സൌഹൃദത്തിലാണെന്ന് അവർതന്നെ പറയുന്നുണ്ട്. എങ്കിലും സൌഹൃദപരമായ ഒരു അർത്ഥവും ‘മത്സരം’ എന്ന വാക്കിലില്ല.

മത്സരം = (ഡിൿഷണറിയിൽ നിന്ന്‌) ജയിക്കാനുള്ള ഇച്ഛ, അസൂയ, ദ്രോഹം, അത്യാഗ്രഹം, സ്വാർത്ഥം, കലഹം, കൊതുക്, സോമരസം .
സൌഹൃദമത്സരം ആവണമെങ്കിൽ തന്നെ, സൌഹൃദം എന്ന വിശേഷണം ചേർക്കണം.

പണ്ടൊരു ചൊല്ലുണ്ട്, ‘മുറുക്കാൻ പഠിച്ചാൽ ഇരക്കാൻ പഠിച്ചു‘ എന്ന്.
റിയാലിറ്റി ഷോയിൽ പങ്കെടുത്താൽ അങ്ങനെയൊരു പരിചയം ഉണ്ടാകും. അതും ഭാവിയിൽ ഉപകാരപ്പെട്ടേക്കാം.

Friday, February 13, 2009

മതത്തിന്റെ യുക്തി; യുക്തിയുടെ മതം:

കേരള യുക്തിവാദി സംഘം പ്രസിഡന്റ്‌ യു.കലാനാഥനും കൊളത്തൂർ അദ്വൈതാശ്രമം ആചാര്യൻ സ്വാമി ചിദാനന്ദപുരിയും കൂടി നടന്ന ഒരു ചർച്ചയുടെ പ്രസക്ത ഭാഗം.
മതം:സ്വാമി: മതം എന്നു പറഞ്ഞാൽ അഭിപ്രായം. വിദ്വാന്മാരുടെ അഭിപ്രായത്തെ മതം എന്ന് ഋഷിമാർ പറയുന്നു. ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ ഏതെങ്കിലും ഒരു അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു. ആ അഭിപ്രായത്തെ പിൻപറ്റി ഒരു ജനസമൂഹം ജീവിക്കുമ്പോൾ അതൊരു മതമായി രൂപപ്പെടുന്നു. ഏതു മതത്തിനായാലും, ഞങ്ങൾ പറയുന്നതാണ്‌ ശരി, ഞങ്ങളുടെ പക്ഷത്തേയ്ക്ക്‌ ആളു വരണം. മറ്റേത്‌ നല്ലതൊക്കെ തന്നെയാണെങ്കിലും അവന്റേതിനേക്കാൾ നല്ലത്‌ എന്റേതാണ്‌ എന്നൊക്കെയുള്ള അഭിപ്രായങ്ങൾ സ്വാഭാവികമായും ഉണ്ടാകും. അങ്ങനെയുള്ള മതമാണ്‌ ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ തലവേദന.

യു.കലാനാഥൻ: സംഘടനകളെന്ന രൂപത്തിൽ ദൈവത്തിന്റെയും ആത്മീയാശയങ്ങളുടെയും പേരിൽ വ്യാഖ്യാനിക്കപ്പെടുന്ന സാമൂഹ്യ പ്രതിഭാസമാണ്‌ മതം. ആ അർത്ഥത്തിലാണ്‌ മതം ഒരു സാമൂഹ്യപ്രശ്നമായി മാറുന്നത്‌. സമൂഹത്തിലിടപെട്ട്‌ സാമൂഹ്യവിമർശനം നടത്തുന്നതിന്റെ ഉദ്ദേശം സമൂഹത്തിന്‌ ഗുണം ചെയ്യുക എന്നതാണ്‌. സമൂഹത്തെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ ഏറ്റവും ദോഷകരമായ പ്രതിഭാസങ്ങളെ തിരിച്ചറിഞ്ഞ്‌ അക്കാര്യങ്ങളിൽ ജനങ്ങൾക്കനുകൂലമായ പരിഹാരമുണ്ടാക്കലാണ്‌ ആ നിലക്ക്‌ ഞങ്ങളുടെ കടമ. ദോഷകരമല്ലാത്ത കാര്യങ്ങളെ രണ്ടാം ഘട്ടത്തിൽ ചർച്ചക്കെടുത്താൽ മതിയാകും. വിവിധമതങ്ങൾ കാട്ടുന്ന വിക്രിയകൾ പല തരത്തിലാണ്‌. അതുകൊണ്ട്‌ ചില മതങ്ങളെ കർശനമായി പല തലങ്ങളിലും വിമർശിക്കേണ്ടിവരും. ചില മതങ്ങളെ ചില കാര്യങ്ങളിൽ മത്രം വിമർശിച്ചാൽ മതിയാകും. ദൈവവിശ്വാസം, പരലോകത്തിലുള്ള വിശ്വാസം, പ്രവാചകനിലുള്ള വിശ്വാസം, തനതായ ധാർമ്മിക നിയമങ്ങൾ - ഈ നാലു ഘടകങ്ങളും അടങ്ങിയ സംഘടിത രൂപത്തെയാണ്‌ ഞാനിവിടെ മതംകൊണ്ട്‌ ഉദ്ദേശിച്ചത്‌.

സ്വാമി: നമ്മൾ പറഞ്ഞ സ്വഭാവങ്ങൾ വച്ച്‌ പല രാഷ്ട്രീയപാർട്ടികളും മതമാണ്‌. മതങ്ങളുടെ പേരിലുണ്ടായ സംഘർഷങ്ങൾക്കു തുല്യമായ യാതന, രാഷ്ട്രത്തിനായി എന്നു പറഞ്ഞു നടക്കുന്ന രാഷ്ട്രീയപാർട്ടികളും സമൂഹത്തിനു നൽകിയിട്ടുണ്ട്‌. ഒന്നോ അതിലധികമോ സ്ഥാപകർ, പ്രവാചകർ, കൂട്ടായ വ്യക്തിത്വം എന്നിവയ്ക്കു പുറമെ നമ്മളിലേയ്ക്ക്‌ ചേർക്കുക, നമ്മുടെതല്ലാത്തതിനെ വിമർശിക്കുക തുടങ്ങിയ എല്ലാ മതലക്ഷണങ്ങളും രാഷ്ട്രീയപാർട്ടികൾക്കും ഇതര സംഘടനാ രൂപങ്ങൾക്കും കാണാം. യുക്തിവാദ പ്രസ്ഥാനമായാലും വ്യത്യാസമൊന്നുമില്ല.
'സ്വാമി ചിദാനന്ദപുരി' ഇത്തിരി വലുതായി എന്റെ ആശ്രമം, എന്റെ ശിഷ്യന്മാർ, എന്റെ ഭക്തന്മാർ എന്നൊരു ഗ്രൂപ്പ്‌ വളർന്നു വന്നാൽ മതലക്ഷണം വന്നു കഴിഞ്ഞു അവിടെ. പിന്നെ അസഹിഷ്ണുതയുണ്ടാകും. ഇതൊക്കെ നമ്മളിന്ന് കാണുന്നുണ്ട്‌ ചുറ്റിലും. എല്ലാം അനർത്ഥകരമാണ്‌. ഏതു വിഷയത്തിൽ ‘മമത്വം‘ വന്നാലും അതൊരു മതമായി മാറും. മതമുള്ള കാലത്തോളം സംഘർഷമാണ്‌. സഹോദരങ്ങളെ തമ്മിൽ തല്ലിക്കുന്ന, കൊല്ലിക്കുന്ന എല്ലാ ഏർപ്പാടുകളേയും നമ്മൾ മതത്തിന്റെ അതേ ദൃഷ്ടിയിൽ നോക്കിക്കാണണം. ഐഡിയോളജി പഠിച്ചിട്ടല്ല ആരും സഹോദരങ്ങളുടെ കഴുത്തറുക്കാൻ പോകുന്നത്‌. നേതാവ്‌ ആഹ്വാനം ചെയ്തിട്ടാണ്‌. അങ്ങനെയുള്ളതെല്ലാം മതമാണ്‌.

കലാനാഥൻ: സ്വാമി പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു. മതത്തെ എതിർക്കുന്നുവെന്നു ഭാവിക്കുന്ന, അല്ലെങ്കിൽ എതിർക്കേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങൾ പോലും ഇന്ന്‌ കൂടുതലും മതലക്ഷണങ്ങളാണ്‌ കാണിക്കുന്നത്‌.

സ്വാമി: നമ്മൾ മൂല്യങ്ങൾക്ക്‌ മുൻതൂക്കം കൊടുക്കുക. ആ മൂല്യങ്ങളെ ഉയർത്താനുള്ള സദാചാരങ്ങളെ പ്രചരിപ്പിക്കുക. എന്തിന്റെ പേരിലായാലും ദുരാചാരങ്ങളെ, അനാചാരങ്ങളെ എതിർക്കുക.

കലാനാഥൻ: അതിന്‌ ആദ്യമായി ദുരാചാരങ്ങളും സദാചാരങ്ങളും തമ്മിൽ വേർത്തിരിക്കേണ്ടതുണ്ട്‌. ആ പ്രക്രിയയിൽ ചിലയിടത്തൊക്കെ യുക്തിവാദിയും വിശ്വാസിയും തമ്മിൽ തർക്കമുണ്ടാകാം. തർക്കവിഷയങ്ങൾ മാറ്റിവെച്ച്‌ തർക്കരഹിതമായവയിൽ ഊന്നി സാമൂഹ്യമാറ്റത്തിനു വേണ്ടി അവയെ ഉപയോഗിക്കുകയാണ്‌ ഗുണപ്രദമാകുക എന്നു തോന്നുന്നു.

ആത്മീയം :സ്വാമി: ആദ്ധ്യാത്മികത എന്നു പറഞ്ഞാൽ സത്യാന്വേഷണമാണ്‌. ആത്മ എന്ന ശബ്ദത്തിന്‌ ഉള്ളത്‌, ഉണ്മ എന്നൊക്കെയാണ്‌ ഉപനിഷത്‌ അതിനെ നിർവ്വചിക്കുന്ന സമയത്ത്‌ അർത്ഥം പറയുന്നത്‌. എന്താണ്‌ ഉണ്മ, എന്താണ്‌ സത്ത - അത്‌ ആത്മ. അതിനെ സംബന്ധിക്കുന്നത്‌ ആദ്ധ്യാത്മ. ഈ സത്യത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ ആദ്ധ്യാത്മികത.
കലാനാഥൻ: സത്യാന്വേഷണം ആരെവിടെ നടത്തുന്നതും ഉചിതമായ കർമ്മമാണ്‌. സ്വാമി കേന്ദ്രീകരിക്കുന്നത്‌ ആദ്ധ്യാത്മികമായ സത്യാന്വേഷണത്തിലാവാം. ഭൗതികമായ സത്യാന്വേഷണവും അതുപോലെ തന്നെ മൂല്യവത്താണ്‌. സത്യാന്വേഷണത്തിന്റെ പടവുകൾ ചൂണ്ടിക്കാണിക്കലാണ്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം യുക്തിവാദം. ആ അടിസ്ഥാനത്തിൽ പോയാൽ മാത്രമെ ശരിയായ നിഗമനത്തിലെത്താൻ കഴിയൂ. സംശയിക്കുക, ചോദ്യം ചെയ്യുക, താൽക്കാലിക നിഗമനത്തിലെത്തുക, നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുക, സിദ്ധാന്തം രൂപീകരിക്കുക, അതിനെ സാമാന്യവൽക്കരിക്കുക - ഇതാണ്‌ സത്യാന്വേഷണത്തിന്റെ ശാസ്ത്രീയമായ മാർഗ്ഗം.
സ്വാമി: യുക്തിപൂർവ്വമായ വിചാരം തന്നെയാണ്‌ വേദാന്തവും പറയുന്നത്‌. ശ്രോതവ്യഃ, മന്തവ്യഃ, നിദിധ്യാസിതവ്യഃ എന്നാണ്‌ വ്യക്തമായി ശ്രുതി ആത്മജ്ഞാനത്തിന്റെ മാർഗ്ഗത്തെ പറഞ്ഞിട്ടുള്ളത്‌. ഒന്നാമത്തേത്‌ ശ്രവണമാണ്‌. ഗുരുനാഥനിൽ നിന്ന്‌, സത്യദർശ്ശനം നേടിയ ആചാര്യന്മാരിൽ നിന്ന്‌ നീ ശ്രവണം ചെയ്യൂ. പോര, അതപ്പടി നീ വിശ്വസിക്കരുത്‌. യുക്തിപൂർവ്വം വിചാരം ചെയ്യുക. അപ്പോൾ നമുക്ക്‌ സംശയങ്ങൾ വരും. ഗുരുവിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ അന്വേഷണം തുടരുക. അങ്ങനെ നിതിധ്യാസനം എന്ന മാർഗ്ഗത്തിൽ എത്തും. അതിലൂടെയാണ്‌ സത്യസാക്ഷാത്‌കാരത്തിലേക്ക്‌ എത്താൻ കഴിയുക.

കലാനാഥൻ: യുക്തിക്ക്‌ പരിമിതികളുണ്ട്‌. എല്ലാ കാര്യങ്ങളുടെയും അവസാന ഉത്തരം ഇന്നു തന്നെ കണ്ടെത്താൻ കഴിയുമെന്ന്‌ യുക്തിവാദി ശഠിക്കുന്നില്ല. ഇന്ന്‌ യുക്തിപൂർവ്വം വിശദീകരിക്കാൻ കഴിയാത്ത കാര്യങ്ങളുണ്ടാവാം. എല്ലാ കാലത്തും നാം അനുഭവിച്ചുപോന്ന കാര്യമാണിത്‌. അങ്ങനെ വരുമ്പോൾ അറിയാത്ത മണ്ഡലങ്ങളിലെ വിഷയങ്ങൾ തള്ളിക്കളയാതെ നാളെ വീണ്ടും യുക്തിപരമായി പഠിക്കേണ്ടതാണ്‌. എവിടെ യുക്തി പരാജയപ്പെടുന്നുവോ അവിടെ ആ യുക്തിക്ക്‌ മാത്രമെ നിങ്ങളെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. യുക്തിയുടെ അവലംബമില്ലാതെ ഒരു മുന്നേറ്റവും നമുക്കുണ്ടാക്കാൻ കഴിയില്ല.

സ്വാമി: ഇതിലേയ്ക്കു തന്നെയാണ്‌ നമ്മളും വിരൽ ചൂണ്ടിയത്‌. യുക്തിപൂർവ്വം ഇന്ന്‌ കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ മാത്രമല്ല ഉള്ളത്‌. അതുകൊണ്ട്‌ അവയെ തള്ളിപ്പറയരുത്‌.

കലാനാഥൻ: യുക്തിവാദത്തിന്റെ പേരിലും നാസ്തികരുണ്ട്‌, കേവല വാദികളുണ്ട്‌. ചിലതിനെ അന്ധമായി എതിർക്കുന്നവർ. എന്നാൽ നാളെ യുക്തിപരമായ മാർഗ്ഗങ്ങളിലൂടെ ഈശ്വരനാണ്‌ ലോകം സൃഷ്ടിച്ചതെന്ന്‌ ബോധ്യപ്പെട്ടാൽ അതിനെ അംഗീകരിക്കുന്നതാണ്‌ യഥാർത്ഥ യുക്തിവാദം.

സ്വാമി: പക്ഷെ, വേദാന്തി അത്‌ അംഗീകരിക്കില്ല. ഈശ്വരൻ ലോകത്തെ സൃഷ്ടിച്ചു എന്ന്‌ ഒരു വേദാന്തിയും പറഞ്ഞിട്ടില്ല, പറയില്ല. ആരെങ്കിലും അതു പറഞ്ഞാൽ അങ്ങനെ സൃഷ്ടിക്കുന്ന ഒരീശ്വരനെ ആരുണ്ടാക്കി എന്നു നമ്മൾ ചോദിക്കും.
കലാനാഥൻ: യുക്തിവാദി എന്ന നിലക്ക്‌ എന്റെ ചുറ്റുമുള്ള സമൂഹമാണ്‌ എനിക്ക്‌ പ്രധാനം. സമുഹജീവിതത്തിൽ വേദാന്തം ഉണ്ടോ എന്നു ചോദിച്ചാൽ സംശയമാണ്‌. അത്‌ ചുരുക്കം ചില ആളുകളുടെ കയ്യിൽ ഒതുങ്ങി നിൽക്കുന്ന ഒരു ചിന്താപദ്ധതിയാണ്‌. നേരെമറിച്ച്‌ മതം എന്നു പറയുന്നത്‌ മൊത്തം സമൂഹത്തെ സമഗ്രമായി സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്‌. വേദാന്തി പറയുന്ന അഭിപ്രായങ്ങളിൽ വിയോജിപ്പുകളുണ്ടായാൽ പോലും ഞാൻ അയാളെ എതിർക്കാൻ പോകുന്നില്ല. മതക്കാരന്റെ സാമൂഹ്യ ദുരിതമുണ്ടാക്കുന്ന അസംബന്ധങ്ങളെ ചോദ്യം ചെയ്ത്‌ ജനങ്ങളെ രക്ഷപ്പെടുത്തലാണ്‌ എനിക്ക്‌ പ്രധാനം. മതഭീകരവാദത്തിൽ നിന്ന് ലോകത്തെ രക്ഷപ്പെടുത്താൻ ഒരുമിച്ചു നിൽക്കേണ്ടവരാണ്‌ സ്വാമിയും ഞാനും പ്രതിനിധാനം ചെയ്യുന്ന രണ്ടുകൂട്ടരും എന്ന്‌ എനിക്കു തോന്നുന്നു.
------------------------
('പിറവി' എന്ന ഒരു പുതിയ മാഗസിനിൽ വന്ന ചർച്ചയിലെ ചില ഭാഗങ്ങൾ, ചിന്തകന്റെ പോസ്റ്റിൽ ഞാൻ എഴുതിയ കമന്റിനും അതിനു ചിന്തകൻ എഴുതിയ മറുപടിക്കും ഒരു വിശദീകരണം ആയി കണക്കാക്കിയാൽ മതി. അതിൽ കൂടുതൽ ഒരു ചർച്ചയും ഈ വിഷയത്തിൽ ഉദ്ദേശിക്കുന്നില്ല.)

Sunday, January 18, 2009

ലക്ഷങ്ങൾക്ക്‌ മകരജ്യോതി ദർശന പുണ്യം. കോടികളുടെ പുണ്യം ആർക്ക് ?

കോടികൾ ചിലവാക്കി ലക്ഷങ്ങൾ പുണ്യം നേടി?????? (മലയാള മനോരമ)
നടവരവ്‌ 100 കോടിയിൽ പരം, അരവണ തുടങ്ങിയ മറ്റു സാധനങ്ങളുടെ വിറ്റു വരവും വഴിപാടുകളും വേറെ. ഇത്‌ ശബരിമലയിലെ കാര്യം മാത്രം. ഇനി എങ്ങിനെ കീശ നിറക്കാമെന്നുള്ള ചിന്തകളാണ്‌. വികസന പ്രവർത്തനങ്ങൾ, ഭക്തർക്കുവേണ്ട സൗകര്യം ഒരുക്കൽ തുടങ്ങി എന്തെല്ലാം . മകരവിളക്കു കഴിഞ്ഞ ഉടനെ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങുമെന്ന്‌ പത്രത്തിലൂടെ നമ്മളും അറിയുന്നുണ്ട്‌. 99% ദേവസം ജോലിക്കാരും അഴിമതിക്കാരാണെന്നു മന്ത്രിയുടെ പ്രസ്ഥാവനയുള്ളപ്പോൾ ആരേയും പേടിക്കേണ്ടതില്ല. അയ്യപ്പൻ ഇതൊന്നും ചോദിക്കാൻ മലയിറങ്ങി വരില്ലെന്ന്‌ ഇക്കൂട്ടർക്കെല്ലാം അറിയാവുന്നതുകൊണ്ട്‌ അഴിമതിക്ക്‌ കുറവൊന്നും അടുത്തകൊല്ലവും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ഈ തുക എങ്ങിനെ ചിലവാക്കുന്നു എന്നറിയാൻ ഭക്തരായ പൊതുജനങ്ങൾക്കെങ്കിലും അവകാശമില്ലേ. ഇത്രയും കോടികൾ വരവുള്ള സ്ഥലത്ത്‌ ഭക്തന്മാർക്ക്‌ ആവശ്യത്തിന്‌ കുടിവെള്ളമോ വിസർജ്ജനാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ട സൗകര്യങ്ങളോ തിരക്ക്‌ നിയന്ത്രിക്കുന്നതിനുവേണ്ട സ്ഥലസൗകര്യങ്ങളോ അവിടെ ലഭ്യമാക്കുന്നില്ല എന്നാണ്‌ അറിയുന്നത്‌. ഞാനൊരു പാർട്ടൈം അയ്യപ്പ ഭക്തനല്ലാത്തതുകൊണ്ട്‌ ഇതൊന്നും ചോദിക്കാനുള്ള അവകാശമില്ല. എങ്കിലും..............

Monday, September 1, 2008

സൂരജിന്‌ ഒരു വിശദീകരണം.

എന്റെ ദൈവത്തെത്തേടി-3 ല്‍ സൂരജ്‌ എഴുതിയ ഒരു കമന്റിന്റെ ഭാഗമാണ്‌ ഇവിടെ കൊടുത്തിട്ടുള്ളത്‌.

ചരിത്രവിശകലനത്തിന്റെ കാചത്തിനു കീഴില്‍ ഈ വ്യവസ്ഥാപിത ‘വ്യാസവിരചിത മഹാഭാരത’മെന്ന സങ്കല്‍പ്പം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്‍. വേദങ്ങളെ വിഭജിച്ച(ക്രോഡീകരിച്ച)വന്‍ ആണ് വ്യാസന്‍. ആ വ്യാസനാല്‍ സംസ്കരിക്കപ്പെട്ട ‘ഗീത’യില്‍ എന്തേ വേദങ്ങളെ ഉപേക്ഷിപ്പാന്‍ കല്പന വന്നു ? എന്ന ചോദ്യമുണ്ട്. ചോദിക്കുന്നില്ല, കാരണം വ്യാസന്‍ ആണ് ഇന്നു കാണുന്ന രൂപത്തിലുള്ള മഹാഭാരതമോ ഗീതയോ എഴുതിയത് എന്ന സങ്കല്പം ശരിയല്ല എന്ന് ചരിത്രം പറയുന്നു.ഒന്‍പതിനായിരത്തോളം ശ്ലോകങ്ങള്‍ ഉള്ള ജയ എന്നുപേരായ ഒരു യുദ്ധകഥയാണ് വ്യാസന്‍ എഴുതിയതെന്ന് ഭാരതം ആദി പര്‍വ്വം തന്നെ സാക്ഷ്യപ്പെടുത്തുന്നു. (ഏതാണ്ട് 900 ബി.സി.) ജനമേജയന്റെ സര്‍പ്പസത്രത്തിന്റെ സമയത്ത് വൈശമ്പായനന്‍ ഈ കഥ ഉപദേശിക്കുമ്പോള്‍ അതു കാല്‍ ലക്ഷം ശ്ലോകങ്ങളായി. ഉഗ്രശ്രവസ്സിന്റെ മഹാഭാരതത്തിനു ശ്ലോകങ്ങള്‍ 1ലക്ഷത്തിനടുത്ത്. പാരസികരെയും ഹൂണന്മാരെയും കുറിച്ചൊക്കെയുള്ള യുദ്ധരംഗത്തെ പരാമര്‍ശങ്ങള്‍ ഒരുപാടുണ്ട്. ഇത് സൂചിപ്പിക്കുന്നത്, ഈ കൃതിയുടെ ‘എഡിറ്റിംഗ്’ ഏ.ഡി 400 വരെയും നടന്നിട്ടുണ്ടാകാം എന്നാണ്

മുകളിലത്തെ സൂരജിന്റെ പ്രസ്താവന വായിച്ചപ്പോള്‍, ഇത്രയും അടിസ്ഥാനരഹിതമായ ഒരു ഇതിഹാസത്തിന്റെ സന്ദേശമാണോ ഈ 'ഭഗവദ്‌ഗീത' എന്ന്‌ അല്‍പം ജാള്യതയോടെയാണ്‌ ചിന്തിച്ചത്‌. എങ്കിലും എന്റെ കുനുഷ്‌ടുവാദ വീക്ഷണത്തില്‍ ഒരു മറുപടി എഴുതിവെച്ചിരുന്നത്‌ ഇങ്ങിനെയായിരുന്നു

ഒരു കലാസൃഷ്ടിയ്ക്ക്‌ കാലാകാലങ്ങളായി ആശയത്തിനും സന്ദര്‍ഭത്തിനും ഒരു മാറ്റവും ഇല്ലാതെ ആകാരം മാത്രം വ്യത്യാസപ്പെടുക എന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. മഹാഭാരതം വായിക്കുന്നവര്‍ അത്‌ വായിച്ച്‌ തല്‍പര്യം വര്‍ദ്ധിക്കുമ്പോള്‍ അതില്‍ കുറച്ച്‌ ശ്ലോകം കൂടി എഴുതി ചേര്‍ക്കും. അങ്ങിനെ ആ ഇതിഹാസം വികാസം പ്രാപിച്ചുവന്നു. വ്യാസമഹര്‍ഷിക്കുവേണ്ടി പിന്നീടുവന്ന കവികള്‍ (അവരുടെ പേര്‌ വെളിപ്പെടുത്താതെത്തന്നെ) ഇത്രയും ശ്ലോകങ്ങള്‍ എഴുതി ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവരെ നമസ്കരിക്കണം. പിന്നീടെന്തേ മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ വര്‍ദ്ധിക്കാത്തത്‌ എന്നത്‌ എന്റെ ചെറിയ മനസ്സിലെ ഒരു സംശയം മാത്രമാണ്‌. പദസമ്പത്തുള്ള ബ്ലോഗന്മാര്‍ മാത്രം ഒന്നു മനസ്സുവെച്ചാല്‍ മഹാഭാരതം ഇനിയും വലുതായേനേ. പക്ഷെ എന്തു ചെയ്യാം. എഴുതിക്കഴിയുമ്പോള്‍ അതിന്റെ അടിയില്‍, എഴുതിയത്‌: --- -- മോന്‍ എന്ന്‌ നിര്‍ബ്ബന്ധമായും ചേര്‍ക്കണമല്ലോ.

മുകളില്‍ പറഞ്ഞ എന്റെ വാക്കുകള്‍ക്ക്‌ ഒരു അടിസ്ഥാനവും ഇല്ല. അതുപോര. ആധികാരികതയുള്ള ഒരു വിശദീകരണം കിട്ടണം എന്നു കരുതിയിരിക്കുമ്പോഴാണ്‌, എന്റെ മനസ്സിലെ ചോദ്യം വേറൊരാള്‍ അമൃത റ്റി.വി. യിലൂടെ ചോദിക്കുന്നത്‌.

അമൃത റ്റി.വി. യില്‍ 'ഭാരത ദര്‍ശ്ശനം' എന്ന ഒരു പരിപാടിയുണ്ട്‌ എന്ന്‌ അറിയാമെങ്കിലും മിക്കവാറും അത്‌ കേള്‍ക്കാന്‍ സാധിക്കാറില്ല. ആ സമയത്ത്‌ ജോലിക്കു പോകാനുള്ള ഒരുക്കങ്ങളിലായിരിക്കും. പക്ഷെ 28-08-08 ന്‌, Portable MP3 player ല്‍ റെക്കോര്‍ഡ്‌ ചെയ്താല്‍ സമയം കിട്ടുമ്പോള്‍ കേള്‍ക്കാമല്ലോ എന്ന്‌ ഒരു ബോധോദയമുണ്ടായതുകൊണ്ട്‌ അത്‌ റെക്കോര്‍ഡ്‌ ചെയ്തു. നമ്മള്‍ ആഗ്രഹിക്കുന്ന ഒരു വിഷയം അതും മനസ്സിന്‌ സംതൃപ്തി നല്‍കുന്നതുമായിട്ടുള്ള ഈ സംഭാഷണം റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്‌ എന്താണ്‌. ഇതിനെ 'ഇന്‍ഡ്യൂഷ്യന്‍' എന്ന്‌ വിളിക്കാമോ എന്നറിയില്ല.

സുജീര്‍ ശര്‍മ്മ - ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥിയാണ്‌. അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ ശ്രീ തുറവൂര്‍ വിശ്വംഭരന്‍ മാഷ്‌ പറയുന്ന മറുപടിയാണ്‌ ഞാന്‍ ഇവിടെ പകര്‍ത്തുന്നത്‌ .

ചോദ്യം : ചരിത്രകാരന്മാര്‍ മഹാഭാരതത്തിന്റെ രചനയില്‍ 3 ഘട്ടങ്ങളായുള്ള വികാസത്തിന്റെ സാധ്യത പറയുന്നുണ്ടല്ലോ. ഈ അഭിപ്രായത്തോട്‌ അങ്ങയുടെ പ്രതികരണം എന്താണ്‌

ഉത്തരം : ജയം - ഭാരതം - മഹാഭാരതം. അതാണ്‌ ഈ മുന്നു ഘട്ടം. ഇതെല്ലാം പര്യായങ്ങളാണ്‌. ഉദാഹരണത്തിന്‌, കേരളാ യൂണിവേഴ്‌സിറ്റി ഒരു കളിയില്‍ ജയിക്കുമ്പോള്‍ 'കേരളയ്ക്കു ജയം'. മഹത്മാഗാന്ധി യൂണിവേഴ്‌സിറ്റി ജയിച്ചാല്‍, എം.ജി.യ്ക്കു ജയം. എന്നു പറയുന്നതുപോലെ മുഴുവനും എഴുതാതെ ചുരുക്കി എഴുതുന്നതാണ്‌.പത്മനാഭന്‍ നായര്‍, വെറുതെ 'നായരെ' എന്നു വിളിക്കും. അത്‌ ജാതിപ്പേരാണ്‌. ഇവിടെ പത്മം വേറെ, നാഭന്‍ വേറെ, നായര്‍ എന്നു പറയുന്നത്‌ വേറെ എന്നു പറയുമ്പോള്‍ എങ്ങിനെ മനസ്സിലാക്കണം. ഇത്‌ എല്ലാം ചേരുമ്പോഴാണ്‌ ഒന്നാകുന്നത്‌. ഇതെല്ലാം വേറെ വേറെയായിക്കണ്ടത്‌, ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും പണ്ഡിതന്മാര്‍ വായിച്ചിട്ട്‌ വട്ട്‌ പിടിച്ചപ്പോള്‍ സൂചിപ്പിച്ചിട്ടുള്ളതാണ്‌. മാഹാഭാരതത്തിലെ കഥയുടെ സങ്കീര്‍ണ്ണതയും, അതിലെ ദര്‍ശ്ശനത്തിലെ സങ്കീര്‍ണ്ണതയും, അതിലെ ഉപാദ്ധ്യായങ്ങളുടെ വൈവിദ്ധ്യവും, കഥാപാത്രങ്ങളുടെ അസങ്കേതയും മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട പാശ്ചാത്യ പണ്ഡിതന്മാര്‍ പറഞ്ഞുണ്ടാക്കിയിട്ടുള്ളതാണ്‌ ഇതെല്ലാം. ശരിയാണ്‌, ജയം എന്ന്‌ പേരുണ്ട്‌, ഭാരതം എന്ന്‌ പേരുണ്ട്‌, മഹാഭാരതം എന്നും പേരുണ്ട്‌.ഒരു ഉദാഹരണം: കൃഷ്ണകുമാറിനെ വീട്ടില്‍ എന്താണ്‌ വിളിക്കുക. "കിച്ചു" എന്നായിരിക്കും. അപ്പോള്‍ കിച്ചു വേറെ, കൃഷ്ണന്‍ വേറെ, കുമാര്‍ വേറെ എന്നാവില്ല. ഇയാള്‍ ആദ്യം കിച്ചു ആയിരുന്നു. അതില്‍നിന്നും പുനര്‍ജനിച്ചതല്ലല്ലോ കൃഷ്ണന്‍. അങ്ങനെ പറയുന്നതുപോലത്തെ അത്ര ലളിതമായ ഒരു മൗഢ്യമാണ്‌ ഇവരുടെ ഈ കണ്ടുപിടുത്തം. ജയം എന്നു പറയുന്നത്‌ 8000 ശ്ലോകത്തില്‍ എഴുതിയതായിരുന്നു. പിന്നെ ഭാരതം എന്നു പറഞ്ഞിട്ട്‌ 24000 ശ്ലോകമായി. പിന്നെ മഹാഭാരതം എന്ന പേരില്‍ അത്‌ ഒരു ലക്ഷം ശ്ലോകമായി. ഇതെല്ലാം മറ്റുള്ളവര്‍ എഴുതി ചേര്‍ത്തതാണ്‌. എന്താ, മറ്റുള്ളവര്‍ക്കെല്ലാം ഭ്രാന്തോ ഇതൊക്കെ എഴുതി ചേര്‍ക്കാന്‍. ഏതു കൃതിയില്‍ ഏതു സ്ഥലത്ത്‌ ഒരു ഗ്രന്ഥ രചനയുടെ ചരിത്രത്തില്‍ ഇങ്ങനെ എഴുതി ചേര്‍ത്തിട്ടുണ്ട്‌. വാത്മീകി രാമായണത്തില്‍ കുറെ എഴുതി ചേര്‍ക്കാമായിരുന്നില്ലേ. ഋഗ്വേദത്തിലേയ്ക്ക്‌ ഇങ്ങനെ തലങ്ങും വിലങ്ങും എഴുതി ചേര്‍ക്കാമായിരുന്നില്ലേ. അഥര്‍വ്വ വേദത്തിലേയ്ക്ക്‌, ബ്രാഹ്മണങ്ങളിലേയ്ക്ക്‌, ആരണ്യകങ്ങളിലേയ്ക്ക്‌, ഉപനിഷത്തില്‍ സ്ഥലം ഇഷ്ടം പോലെ കിടക്കുകയല്ലേ. ചെറിയ ഉപനിഷത്തുക്കള്‍ ഒരുപാടുണ്ട്‌. അതിലൊക്കെ എഴുതി കൂട്ടിച്ചേര്‍ക്കാമായിരുന്നില്ലേ. എന്തേ അതൊന്നും ചെയ്യാതിരുന്നത്‌. ഈ മഹാഭാരതത്തില്‍ മാത്രം ഇങ്ങനെ എഴുതിചേര്‍ത്ത്‌ എഴുതിചേര്‍ത്ത്‌ പോയത്‌. വായിച്ചിട്ടു മനസ്സിലായില്ല. അത്രേയുള്ളൂ കാര്യം. ഈ വായിച്ചിട്ടു മനസ്സിലാവാത്തതിന്റെ അമ്പരപ്പില്‍ നിന്നാണ്‌ ഇതെല്ലാം വ്യാഖ്യാനിച്ചിട്ടുള്ളത്‌. അവര്‍ ഏറ്റവും വലിയ ഒരു കൃതി കണ്ടിരിക്കുന്നത്‌ 'ഇലിയഡ്‌' ആണ്‌. ഈ അമ്പരപ്പില്‍ നിന്നാണ്‌ ഇത്തരം പ്രസ്താവനകള്‍ ഉണ്ടായത്‌. ഇതെല്ലാം അടിസ്ഥാനരഹിതമാണ്‌. പരമ ബുദ്ധിശൂന്യമാണ്‌.

മഹാഭാരതത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും ഞങ്ങള്‍ക്ക്‌ എഴുതി അറിയിക്കുക. ഞങ്ങളുടെ വിലാസം: പ്രൊഡ്യൂസര്‍, ഭാരത ദര്‍ശ്ശനം, അമൃത റ്റി.വി., വഴുതക്കാട്‌, തിരുവനന്തപുരം. ഇത്രയും പറഞ്ഞ്‌ ആഗസ്റ്റ്‌ 28ആം തിയ്യതിയിലെ ആ സംഭാഷണം അവസാനിച്ചു.