അക്ഷയതൃതീയയെക്കുറിച്ച് വളരെ ആവേശത്തോടെ കേട്ടുതുടങ്ങിയിട്ട് പത്തു വർഷത്തിൽ കൂടുതൽ ആയിട്ടില്ല. അന്ധവിശ്വാസത്തിന്റെ അടിമകളാകുന്നത് സത്യദർശനമില്ലാത്ത സ്വാർത്ഥമോഹികളായ ജനങ്ങളാണ്. ആധുനിക മനുഷ്യന്റെ ആർത്തിയുടെ സ്പന്ദനം അറിയുന്ന സ്വർണ്ണവ്യാപാരിയാണ് അക്ഷയതൃതീയയുടെ മാസ്മരികശക്തിയെ ആദ്യം വ്യവസായവൽക്കരിച്ചത്.
അക്ഷയതൃതീയ ദിവസം സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം വരുമെന്നാണ് സ്വർണ്ണവ്യാപാരികളുടെ വാഗ്ദാനം. ഇത് ഏത് ശാസ്ത്രമനുസരിച്ചാണ് എന്നു ചോദിക്കാൻ പോലും ആർക്കും സമയമില്ല. അത് ചോദിക്കാൻ നിന്നാൽ സ്വർണ്ണം വങ്ങി ഐശ്വര്യം നേടാൻ ബുക്കു ചെയ്ത മുൻഗണന നഷ്ടപ്പെട്ടാലോ? ഹേ ജനങ്ങളെ, നിങ്ങൾ എന്നാണ് ഇത്തരം മൂഢവിശ്വാസങ്ങളിൽ നിന്നും മുക്തി നേടുന്നത്?
സ്വർണ്ണം ലക്ഷ്മീ പ്രതീകമാണ്; ഐശ്വര്യസ്വരൂപമാണ്. ആയതിനാൽ സ്വർണ്ണവും മറ്റു വസ്തുക്കളും ദാനം കൊടുക്കുന്നത് പുണ്യപ്രവൃത്തിയായി കണക്കാക്കുന്നു. പക്ഷെ ഒരു പ്രത്യേക ദിവസം സ്വർണ്ണം വാങ്ങുന്നത് പുണ്യപ്രവൃത്തിയാകുന്നത് ഏത് വകുപ്പിൽ പെടുത്തിയാണെന്ന് മനസ്സിലാകുന്നില്ല. കൊടുക്കുന്നത് പുണ്യം, വാങ്ങുന്നത് സ്വാർത്ഥം. അക്ഷയമായ എന്തു ഫലമാണ് ഈ സ്വർണ്ണം വാങ്ങുന്നതിലൂടെ ലഭിക്കുന്നത് എന്ന് ചിന്തിച്ചാൽ ഈ ആഭാസാചാരത്തിന്റെ പിന്നാലെ ആരും പോവുകയില്ല. നമ്മുടെ ആചാരങ്ങൾ എത്രകണ്ട് അധപ്പതിച്ചിരിക്കുന്നു എന്നോർക്കുമ്പോൾ അതിയായ ദുഃഖം തോന്നുന്നു.
അക്ഷയതൃതീയ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്. ഈ ദിവസം സൂര്യൻ അതിന്റെ പൂർണ്ണപ്രഭയിൽ നിൽക്കുന്നു. ജ്യോതിഷ കണക്കിൽ ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് നിൽക്കുന്നത്. ഈ ദിവസം ജപഹോമ പിതൃ തർപ്പണത്തിനു പറ്റിയ ദിവസമാണ്. ഈ ദിവസത്തിൽ ചെയ്യുന്ന ദാനധർമ്മങ്ങൾക്ക് ശാശ്വതമായ ഫലസിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. സത്യ യുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയ തൃതീയ. ബലരാമന്റെ ജന്മദിനമായും പരശുരാമന്റെ ജന്മദിനമായും വിശ്വസിച്ചു പോരുന്നു. വിശേഷമായ കാര്യങ്ങൾ ആരംഭിക്കാൻ ഏറ്റവും നല്ല ദിവസമായി അക്ഷയതൃതീയയെ കാണുന്നു.
നല്ല ദിവസവും ചീത്ത ദിവസവും ആധുനിക ജ്യോതിഷികളുടെ ഉദരപൂരണത്തിനുള്ള കണ്ടെത്തലുകളാണ്. ഈശ്വരകൃതമായ വേദങ്ങളിൽ പറയുന്നതാകട്ടെ എല്ലാ മുഹൂർത്തവും ശുഭം തന്നെയെന്നാണ്. ആത്മകാരകനായ സൂര്യനിൽ നിന്നും ജനിച്ചതാണ് സംവത്സരം. അതിനാൽ എല്ലാ എല്ലാ സംവത്സരവും ശുഭമാകുന്നു. ഋതുക്കൾ വിഷ്ണുരൂപിയായ സംവത്സരത്തിന്റെ അംഗമാണ്. അതിനാൽ അത് ഗുണവതിയും സുന്ദരിയും മനോഹാരിണിയുമാണ്. അതിനാൽ തന്നെ അത് ശുഭകാരിണിമാത്രമാണ്. പ്രകാശവും അന്ധകാരവും ശുഭസൂചകങ്ങൾതന്നെ, അതിനാൽ രണ്ട് അയനങ്ങളും ശുഭകാരിയാണ്. രണ്ടു പക്ഷങ്ങൾ ശുഭമാണ്. എല്ലാ മാസങ്ങളും ശുഭമാണ്. എല്ലാ ദിവസങ്ങളും ശുഭമാണ്. എന്തിന് അഹോരാത്രത്തെ മുപ്പതായി പകുത്താൽ കിട്ടുന്ന എല്ലാ മുഹൂർത്തങ്ങളും ശുഭമാണ്. വേദങ്ങളിൽ പറയപ്പെടുന്ന നക്ഷത്രങ്ങളിൽ ഒന്നുപോലും അശുഭനക്ഷത്രമല്ല. എല്ലാം ശുഭ നക്ഷത്രം തന്നെ. ദേവഗൃഹം താരകം എന്നിങ്ങനെയാണവയെ വിളിക്കുന്നത്. എന്നാൽ നവീന ജ്യോതിഷത്തിൽ ശുഭനക്ഷത്രങ്ങൾക്കൊപ്പം അശുഭനക്ഷത്രവും ഉണ്ട്. ദക്ഷിണയുടെ വലുപ്പത്തിനനുസരിച്ച് നക്ഷത്രങ്ങൾ ശുഭാശുഭങ്ങളായി മാറുന്നു. നവീന ജ്യോതിഷത്തിൽ ഉപയോഗിക്കുന്ന രാശികളെല്ലാം തന്നെ വിദേശികളുടെതാണ്. വാരമെന്ന ആഴ്ച വിദേശികളുടെതാണ്. എന്തിന് ഹോര എന്ന പദം സംസ്കൃത നിഘണ്ഡുവിൽ തന്നെ ഇല്ലാത്ത പദമാണ്.
മുഹൂർത്തം നോക്കുന്നതിനെ പരിഹസിച്ചുകൊണ്ട് ഗുരുദേവന്റെ ഒരു സംഭവം ഓർമ്മ വരുന്നു. കൊല്ലവർഷം 1083 കുംഭം ഒന്നാം തിയതി തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞയുടൻ അവിടെയുണ്ടായിരുന്ന ഒരു വേദപണ്ഡിതൻ ഗുരുവിനോടു ചോദിച്ചു; “ഏതു മുഹൂർത്തത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയത്”? മുഹൂർത്തം നോക്കിക്കൊള്ളാൻ ഗുരു മറുപടി കൊടുത്തു. “പ്രതിഷ്ഠ കഴിഞ്ഞാണോ മുഹൂർത്തം നോക്കുന്നത് “ എന്ന് പണ്ഡിതൻ. “മുഹൂർത്തം നോക്കിയല്ലല്ലൊ ജനനം. ജനനം നടന്നിരിക്കുന്നു. ഇനി മുഹൂർത്തവും രാശികളും നോക്കിക്കോളൂ.” ജനന-മരണങ്ങളെപ്പോലെ അത്രയും നിസ്സാരമാണ് മുഹൂർത്തവും എന്ന് ഗുരു നമുക്ക് കാണിച്ചു തരുന്നു.
വൈദേശിക മതങ്ങളാൽ മാനസികമായി മതം മാറ്റം നടത്തിയവരാണ് ഹിന്ദുക്കൾ എന്നു അറിയപ്പെടുന്ന നമ്മളെല്ലാം. അല്ലയോ അജ്ഞരായ ഹിന്ദുമത വിശ്വാസികളേ, നിങ്ങൾക്ക് നിങ്ങളുടെ മതവിശ്വാസത്തെപ്പോലും ശരിയായ വിധത്തിൽ ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. നമ്മൾ നമ്മുടെ സ്വത്ത്വം മനസ്സിലാക്കാത്തിടത്തോളം കാലം നമ്മൾ അജ്ഞതയിലും അപഹർഷതാബോധത്തിലും ഒരിക്കലും മോചനമില്ലാതെ ആണ്ടുകിടക്കും.